Skip to main content

ഒരു ന്യൂജൻ പ്രണയം


ഇവിടെവെച്ച് കാണണമെന്നായിരുന്നു മീര ആവശ്യപ്പെട്ടിരുന്നത്.


കടലിന്നഭിമുഖമായുള്ള ഹോട്ടലിന്റെ മുറ്റത്തെ,യാത്രികർക്കായി പ്രത്യേകമായൊരുക്കിയ ഇരിപ്പിടത്തിൽ വെയിറ്റർകൊണ്ടുവന്ന തണുത്തജ്യൂസ് നുണഞ്ഞിറക്കുകയായിരുന്നു നരേന്ദ്രൻ. ഫോൺ ശബ്ദിച്ചു. അഭി ... വന്നുവെന്ന് അറിയിച്ചതാണു. 

ആർത്തലച്ചുവരുന്ന തിരകളുടെ പൊട്ടിച്ചിരികേട്ട്, ഉല്ലാസത്തോടെ തലങ്ങും വിലങ്ങും പോകുന്ന സഞ്ചാരികളിലേക്ക് അയാൾ കണ്ണുംനട്ടിരുന്നു. 

ഒരു കൊടുങ്കാറ്റുപോലെയാണു മീര വന്നതു. വന്നപാടെ അവൾ അയാൾക്കെതിരേയുള്ള സീറ്റിലിരുന്നു. ആദ്യമായാണു അവളെ കാണുന്നതെന്ന് അയാളെ തെല്ലും അലോസരപ്പെടുത്തിയതേയില്ല. അത്രമേൽ പരിചിതമായിരുന്നുവല്ലോ.

വെണ്ണിലാവിന്റെ ചന്തമുണ്ടെങ്കിലും ഒട്ടും സുഖകരമല്ലാത്തവിധമുള്ള ഒരു കൂർത്തനോട്ടം കണ്ണുകളിൽ പതിയിരിക്കുന്നുവോയെന്നു അയാൾ സംശയിച്ചു.

" അവസാനമായി ചോദിക്കുകയാണ്.... ഞാനിനി എന്ത്ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്...?''

മുഖവുരയേതുമില്ലാതെ കണ്ണുകളിലെ തറച്ചനോട്ടത്തോടൊപ്പം പരുഷമായ ചോദ്യവും അവൾ അയാൾക്ക് നേരെയെറിഞ്ഞു.

"ഇതാദ്യത്തെ ചോദ്യമല്ലേ മീരാ.... പിന്നെങ്ങനെ അവസാനത്തേതാവും..?" നരേന്ദ്രൻ പതിയെചോദിച്ചു.

" വാക്കുകളുടെ കൗശലംകൊണ്ട് എന്നെത്തേതുംപോലെ എന്നെ തോൽപ്പിക്കാമെന്നാണ് ധരിച്ചുവെച്ചിരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി..ഇന്ന് അറിഞ്ഞേപറ്റൂ..'' 

അവളുടെസ്വരം കനത്തു.

ഏതോ ഒരുനാൾ മുഖപുസ്തകത്തിന്റെ കിളിവാതിൽതുറന്ന് താനെഴുതിയ കവിതയയ്ക്ക് ആശംസകൾ നേർന്ന പെൺകിടാവ്....

കേവലം കൗതുകമെന്നതിനപ്പുറം പിന്നീടെന്നും പതിവായപ്പോൾ ഒഴിഞ്ഞുമാറാൻ ആവതുശ്രമിച്ചിട്ടും വിടാതെ തുടർന്നവൾ...

കവിതയോടുള്ള പ്രണയം... പിന്നീട് കവിയോടുള്ള ആരാധനയും കടന്ന് സീമകൾ ലംഘിക്കുന്നുവോയെന്നത് വെറും സംശയമായിരിക്കട്ടെ എന്നാഗ്രഹിച്ചു.

എപ്പോഴോ പ്രണയം അടയാളപ്പെടുത്തിയ മുഖചിത്രമായി അവൾ രൂപാന്തരം പ്രാപിക്കുകയും അക്ഷരങ്ങളിൽ അതിരുകടന്നലാസ്യം പ്രകടമാവുകയും ചെയ്തപ്പോൾ അയാൾ പറഞ്ഞു " ഇനി മതിയാക്കാമെന്ന് ".

" അഭി.... മൂന്നു വർഷക്കാലമായി എന്നെ പ്രണയിക്കുന്നു.

നിങ്ങൾക്കു വേണ്ടിയാണു അവന്റെ പ്രണയത്തെ ഞാൻ കുരുതികൊടുത്തതും വേണ്ടപ്പെട്ടവരുടെ താക്കീതുകൾ അവഗണിച്ചതും...

പക്ഷേ... 

അഭിയിലേക്ക്മടങ്ങാൻ നിങ്ങൾ എന്നെ ഉപദേശിച്ചുകൊണ്ടിരിക്കുന്നു.

ബന്ധനങ്ങളോ കെട്ടുപാടുകളോ ഇല്ലാത്ത നിങ്ങൾക്ക് എന്താണു തടസ്സം എന്നെ കൂടെകൂട്ടുന്നന്നതിൽ....?''

സങ്കടത്തോടെയും ഒട്ടൊരു അമർഷത്തോടെയും മീര അയാൾക്ക് നേരെ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.

" നോക്കൂ കുട്ടീ... നിനക്ക് മുന്നിൽ കടലുപോലെ വിശാലമാണു ജീവിതം. തീരത്ത് അടിഞ്ഞുതീരുന്ന കേവലമൊരു തിര മാത്രമാണു ഞാൻ." നരേന്ദ്രന്റെ വാക്കുകൾ പതറി.

"വ്യഥിതമാമെൻ നിനവുകൾക്ക്മേൽ
പുണ്യതീർത്ഥമായൊഴുകി നീ..''

'' വരികൾ എന്നെക്കുറിച്ചല്ലേ നിങ്ങൾ എഴുതിയത്...?"



മീരയുടെ മിഴികളിലിപ്പോൾ കാതരയായ പ്രണയിനിയുടെ ഭാവം.


" മീരാ.... നിന്റെ മനസ്സ് ഭാവനകൾ മെനഞ്ഞെടുക്കുകയാണു. " 

അയാൾക്ക് ദ്യേഷ്യം വരുന്നുണ്ടായിരുന്നു.

" എങ്കിൽ ഇത് പറയൂ....

" എൻപ്രണയവാടിയിൽ മൊട്ടിട്ട കാമനകളിൽ 
ഒരുണർത്തുപാട്ടായ് നീ ഒഴുകി വരൂ.."

"ഇതും എന്നെക്കുറിച്ചല്ലെന്ന് ആണയിടാൻ അങ്ങയ്ക്ക് കഴിയുമോ..?''

മീര വിടാൻ ഭാവമില്ലായിരുന്നു. 

അവളുടെ കവിളുകളിൽ തെളിഞ്ഞ അന്തിവെയിലിന്റെ അരുണാഭമായ ചാരുത കോട്ടിയചുണ്ടുകൾക്കിടയിലെ പുച്ഛംകലർന്നചിരിയിൽ കരിഞ്ഞുണങ്ങി. 

ഇനിയും കാത്തിരുന്നാൽ കൈവിട്ടു പോകുമെന്നയാൾ കണക്ക്കൂട്ടി. ആരെയോ പ്രതീക്ഷിച്ചാലെന്നവണ്ണം നാലുപാടും നോക്കി.

''മീരാ.. അങ്ങോട്ടു നോക്കൂ.... "

വിവശനായി ദൂരെ ആഴിയുടെ അനന്തതയിലേക്ക് അയാൾ വിരൽ ചൂണ്ടി.

"അവിടെ നിലയ്ക്കാറായ സായന്തനത്തുടിപ്പുകൾ കാണുന്നുണ്ടോ..? നീ അറിയുക......എന്റെ യാത്രയുടെ ആയുസ്സു അത്രമാത്രമേയുള്ളൂ..!!

നിനക്കായി ഇനിയുമേറെ പുലരികൾ കാത്തിരിക്കുന്നു...

കുട്ടിക്കളി മതിയാക്കി നീയകപ്പെട്ട മായികലോകത്ത് നിന്നും ഇന്നിലേക്കു തിരിച്ചുവരൂ.... " 

അങ്ങിങ്ങായി നരച്ച താടിയിൽ വിരലുകളോടിച്ച് അയാൾ പറഞ്ഞു.

" ആദ്യം കുട്ടീന്നുള്ള വിളി നിർത്തൂ..'' അവൾ ശക്തിയായി തലകുടഞ്ഞു. 

പൊടുന്നനെ മഴ പെയ്യാൻ തുടങ്ങി. മഴയോടൊപ്പം അന്തിവെയിലിൽ വിരിഞ്ഞ മഴവില്ലിന്റെ നിറച്ചാർത്തിൽനിന്നും ഒരു ചെറുപ്പക്കാരൻ ചിരപരിചിതനെപ്പോലെ മുന്നിൽ വന്നുനിന്നു.

അയാളെയും മീരയേയും മാറിമാറി നോക്കി. സാവകാശം മീരയുടെ സമീപത്തേക്കുചെന്ന് മുഖത്തേക്കുതന്നെ ദൃഷ്ടിയൂന്നി കൈവീശിയടിച്ചു.

അപ്രതീക്ഷിതനീക്കത്തിൽ ഉലഞ്ഞുപോയ മീര ജ്വലിച്ചുവന്ന കോപത്തേക്കാൾ നരേന്ദ്രന്റെ മുഖത്തെ നിർവ്വികാരതയിൽ പ്രകോപിതയായി തിരിച്ചടിക്കാൻ കൈകളുയർത്തിയതും ചെറുപ്പക്കാരന്റെ ആലിംഗനത്തിലൊതുങ്ങിയതും നിമിഷങ്ങൾക്കകമായിരുന്നു.

ഒന്നും സംഭവിക്കാത്ത മട്ടിൽ അവളുടെ കൈകളിൽ മുറുകെപ്പിടിച്ച് തിരിച്ചുപോകുന്നതിനിടയിൽ ചെറുപ്പക്കാരൻ അയാൾക്ക് നേരെ കൈവീശിക്കാണിക്കുന്നുണ്ടായിരുന്നു. 

അകലെ ഒരു പൊട്ടായി അവർ മാഞ്ഞു പോയതോടൊപ്പം മീരയുടെ തേങ്ങലുകൾ കടലിരമ്പത്തിൽ അലിഞ്ഞുചേരുന്നതും അയാളറിഞ്ഞു.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല