Skip to main content

സെറ - ഒരു ഭ്രാന്തി പെണ്‍കുട്ടി


സെറ - ഒരു ഭ്രാന്തി പെണ്‍കുട്ടി


പെട്ടെന്ന് വീശിയ കാറ്റ് മഴയെ പ്ലാറ്റ്ഫോമിലേക്ക് തെറിപ്പിച്ചു. കുറച്ചു നേരത്തേക്ക് വായുവില്‍ നല്ല തണുപ്പ് ഉണ്ടായിരുന്നു. ഞാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്നു. ശതാബ്ദി നാലര മണിക്കെ വരികയുള്ളൂ എന്ന അറിയിപ്പ് മുഴങ്ങി. സാധാരണ മൂന്നേ മുക്കാലിന് വരുന്നതാണ്. ഇന്ന് എന്ത് പറ്റി ആവോ? പ്ലാറ്റ്ഫോമില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. എറണാകുളത്തിനുള്ള ഒരു വണ്ടി വന്നപ്പോള്‍ കുറെ ആളുകള്‍ അതില്‍ കയറി. പ്ലാറ്റ്ഫോമില്‍ തിരക്ക് ഒന്ന് കുറഞ്ഞു.
ഞാന്‍ സെറയെ വിളിച്ചു. അവള്‍ ഫോണ്‍ എടുത്തില്ല. അവള്‍ എന്താണ് ഫോണ്‍ എടുക്കാത്തത്?എത്ര നേരമായി വിളിക്കുന്നു. മൂന്നു മണിക്ക് സ്റ്റേഷനില്‍ എത്താമെന്നു പറഞ്ഞിരുന്നതാണ്. ഇറങ്ങാന്‍ നേരം ഓഫീസില്‍ വല്ല പണിയും കിട്ടി കാണുമോ ആവോ. ഇത് സ്ഥിരം എനിക്കും സംഭവിക്കാറുള്ളതാണ് . സാധാരണ ഒരു തിരക്കുമില്ലാത്ത ദിവസങ്ങള്‍ അലസമായി കടന്നു പൊയ്ക്കൊണ്ടേ ഇരിക്കും. ശനിയാഴ്ച ദിവസം നാട്ടിലേക്ക് പോകാനായി ടിക്കറ്റൊക്കെയെടുത്തു റെഡിയായി ഇരിക്കുമ്പോള്‍ ആയിരിക്കും എന്തെങ്കിലും പണിവരുന്നത്. എത്രയോ തവണ ടിക്കറ്റ് അങ്ങനെ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നിരിക്കുന്നു.
കൊല്ലത്തു നിന്നും തൃശ്ശൂരിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയില്‍ ആണ് ഞാന്‍ സെറയെ പരിചയപ്പെട്ടത്. സാധാരണ നാലു മണിക്കൂര്‍ യാത്ര സമയം ഏതെങ്കിലും പുസ്തകം വായിച്ചു ഇരിക്കുകയാണ് പതിവ്. അന്നത്തെ യാത്രയില്‍ എനിക്ക് കൂട്ടായി ഉണ്ടായിരുന്നത് ഡോക്ടര്‍ ആക്സെൽ മുൻതെ എഴുതിയ സാന്‍ഡ് മിഷേലിന്റെ കഥ എന്ന ബുക്ക് ആയിരുന്നു. പ്രീയപ്പെട്ട ഒരു ബുക്കായതിനാല്‍ രണ്ടാമത്തെ തവണ ആണ് അത് വായിക്കാന്‍ എടുക്കുന്നത്. കുറെ നേരം വായിച്ചു കണ്ണ് കഴച്ചപ്പോള്‍ ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. ജനാലയുടെ ഗ്ലാസില്‍ ഒരു പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഞാന്‍ കണ്ടു. അവള്‍ എന്റെ കയ്യില്‍ ഇരിക്കുന്ന ബുക്കിലേക്കു തന്നെ തുറിച്ചു നോക്കി ഇരിക്കുകയായിരുന്നു . ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ വളരെ അടുപ്പമുള്ള ഒരു സുഹൃത്ത് എന്ന പോലെ അവള്‍ എന്നോട് സംസാരിച്ചു തുടങ്ങി.
”ഇത് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ബുക്ക് ആണ് . ഞാന്‍ ഇത് രണ്ടില്‍ കൂടുതല്‍ തവണ വായിച്ചിട്ടുണ്ട്. ഓരോ തവണ വായിക്കുന്തോറും ഒരു വല്ലാത്ത ഊര്‍ജം ലഭിക്കുന്നത് പോലെ അനുഭവപ്പെടാറുണ്ട്.”
പ്രതികരണം അറിയാനായി അവള്‍ എന്റെ മുഖത്തേക്ക് നോക്കി. അവളുടെ സംസാരത്തിലെ ആത്മാര്‍ഥത എന്നെ വശീകരിച്ചു. ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. പുതിയതായി കണ്ടുമുട്ടുന്ന രണ്ട് പേരെ പോലെ ആയിരുന്നില്ല ഞങ്ങളുടെ സംസാരം. കുറെ നാളായി കാണാതെ ഇരിക്കുന്ന രണ്ടു കൂട്ടുകാര്‍ തമ്മില്‍ സംസാരിക്കുന്നതു പോലെ ആയിരുന്നു.
തൃശൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗത്തു തന്നെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ആര്‍ക്കിടെക്ട് ആണ്. അവള്‍ക്ക് വരയ്ക്കുന്നത് ഏറെ ഇഷ്ടമാണെന്ന് പറഞ്ഞു. അതിനാലാണത്രെ ആ മേഖല തന്നെ തിരഞ്ഞെടുത്തത്. സ്വഭാവ വൈവിധ്യങ്ങളുടെ ഒരു കലവറ ആയിരുന്നു അവള്‍. ചിലപ്പോള്‍ സംസാരത്തിന്റെ ഇടയില്‍ പെട്ടെന്ന് നിശബ്ദയാവും. ‍എന്നിട്ടു ബാഗില്‍ നിന്ന് ബുക്കും പെന്‍സിലും എടുക്കും. എന്തോ ഒരു കാഴ്ച അവളെ സ്പര്‍ശിച്ചു എന്ന് വേണം മനസ്സിലാക്കേണ്ടത്. പിന്നെ ഉടന്‍ വരയ്ക്കാന്‍ തുടങ്ങും. ചുറ്റു പാടും എന്ത് നടന്നാലും അറിയുകയെ ഇല്ല.
ഒരിക്കല്‍ ഞാന്‍ ജോലി ചെയ്യുന്ന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അവള്‍ വന്നു. പുറത്തെ അങ്കണത്തില്‍ വലിയ ആല്‍മരം കണ്ടതോടെ അവള്‍ ബുക്ക് കയ്യില്‍ ‍എടുത്തു. ഒരു മൂലയില്‍ രോഗികളുടെ കൂട്ടിരുപ്പുകാരുടെ ഇടയില്‍ പോയിരുന്നു വര തുടങ്ങി. അടുത്ത് പലരും വന്നു നിന്നു കൗതുകത്തോടെ നോക്കുന്നതോ കൊച്ചു കുട്ടികള്‍ തമാശ പറഞ്ഞു കളിയാക്കി ചിരിക്കുന്നതോ ഒന്നും അവള്‍ അറിഞ്ഞില്ല. ധ്യാനത്തിന്റെ ലോകത്തില്‍ സ്വയം മറന്നിരിക്കുന്ന ഒരു മുനിയെപ്പോലെ അവള്‍ തന്റേതു മാത്രമായ ഒരു ലോകത്തിലൂടെ സഞ്ചരിച്ചു.ഒരിക്കല്‍ ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അവള്‍ എന്റെ കയ്യിലെ പഞ്ചാബി വള പിടിച്ചു നോക്കിയിട്ട് പറഞ്ഞു.
”ഇത് കൊള്ളാമല്ലോ. കയ്യില്‍ കിടക്കുന്നതു കാണാന്‍ ഒരു സ്റ്റൈല്‍ ഉണ്ട്”
അത് ഞാന്‍ പഞ്ചാബില്‍ പോയ സമയത്തു ഒരു ഗുരുദ്വാരയില്‍ നിന്നും വാങ്ങിച്ചതായിരുന്നു. ഞാന്‍ മൊബൈലില്‍ ഗുരുദ്വാരയുടെ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. അതിന്റെ സൗന്ദര്യം അവളെ അത്ഭുതപ്പെടുത്തി.
”ഞാന്‍ അവിടെ ചെന്നാല്‍ ഒരു ആഴ്ച ഇരുന്ന് വരയ്ക്കാനുള്ള സംഗതികള്‍ അതിനകത്തുണ്ടല്ലോ.” അത് പറയുമ്പോള്‍ ആ ദൃശ്യം ഭാവനയില്‍ കണ്ടെന്ന പോലെ അവളുടെ കണ്ണുകള്‍ തിളങ്ങി.
ട്രെയിന്‍ ഉടന്‍ വരും എന്നുള്ള അറിയിപ്പ് വീണ്ടും മുഴങ്ങി. ഞാന്‍ അവളെ വീണ്ടും വിളിച്ചു. മറുതലയ്ക്കല്‍ ഫോണ്‍ കാരണമില്ലാതെ തല്ലു കിട്ടിയ കുട്ടിയെപ്പോലെ കരഞ്ഞുകൊണ്ടിരുന്നു. മഴ വീണ്ടും പെയ്യാന്‍ തുടങ്ങി.
പൊടുന്നനെ എന്റെ മനസ്സിലൂടെ ഒരു ഭീതി കടന്നു പോയി . എന്നെ പലപ്പോഴും അസ്വസ്ഥതപ്പെടുത്തിയ ഒന്നായിരുന്നു അവളുടെ ചില ഭ്രാന്തന്‍ തമാശകള്‍. ഒരു ദിവസം അവള്‍ക്ക് ആശുപത്രി കിടക്കയില്‍ ഒരു പനിക്കുട്ടി ആയി കിടക്കണം എന്നൊരു ആഗ്രഹം പറഞ്ഞു. ഇത് പറഞ്ഞു ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ അവള്‍ വൈറല്‍ ഫിവര്‍ പിടിപെട്ട് ആശുപത്രിയില്‍ ആയി. മൂന്ന് നാല് ദിവസം അവിടെ കിടക്കേണ്ടി വന്നു. ഇതിനെ പറ്റി ഞങ്ങള്‍ പിന്നീട് സംസാരിച്ചിരുന്നു. അപ്പോള്‍ തനിക്ക് ആറാം ഇന്ദ്രിയം ഉണ്ടെന്നോ മറ്റോ തമാശ ആയി അവള്‍ പറഞ്ഞു.
മറ്റൊരു ദിവസം പറഞ്ഞ ആഗ്രഹം അതിലും വിചിത്രം ആയിരുന്നു. കുറച്ചു നാള്‍ ഒടിഞ്ഞ കയ്യും കെട്ടി തൂക്കി നടക്കണം. എന്താണ് അങ്ങനെ ഒരു ആഗ്രഹം എന്ന് ഞാന്‍ ചോദിച്ചു.
” ഈ കൈകള്‍ വെച്ചു നല്ലതും ചീത്തയും ആയ എന്തൊക്കെ കാര്യങ്ങ ല്‍ ഒരു ദിവസം ചെയ്യുന്നു. ശരിക്കും ഈ കൈകളുടെ പ്രയോജനം എന്തെന്ന് അറിയണം എന്നുണ്ടെങ്കില്‍ കുറച്ചു നാള്‍ കൈ അനക്കാന്‍ പറ്റാതെ കിടക്കണം അപ്പോഴേ ഈ കൈകള്‍ എന്ത് വലിയ അനുഗ്രഹം ആണെന്ന് നമ്മള്‍ മനസിലാക്കൂ.”
ഈ സംഭാഷണം കഴിഞ്ഞു കുറച്ചു നാള്‍ ഞങ്ങള്‍ തമ്മില്‍ കണ്ടില്ല. അടുത്ത തവണ കണ്ടപ്പോള്‍ അവളുടെ കഴുത്തില്‍ ഒരു കെട്ട് ഉണ്ടായിരുന്നു. സ്കൂട്ടറില്‍ നിന്നും വീണപ്പോള്‍ സംഭവിച്ചതായിരുന്നു അത്. എന്റെ ഉള്ളിലെ യുക്തിവാദി ഇതിനൊന്നും ഉത്തരം കിട്ടാതെ കുഴങ്ങി.
ദൂരെ വളവിന് അപ്പുറത്തു ട്രെയിന്റെ മുഖം കണ്ട് തുടങ്ങി. വീണ്ടും ഫോണ്‍ എടുക്കാനായി പോക്കറ്റിലേക്കു നീങ്ങിയ എന്റെ കൈ അറിയാതെ പിന്‍വലിഞ്ഞു. കഴിഞ്ഞ തവണ കണ്ടപ്പോള്‍ അവള്‍ പറഞ്ഞ ഒരു ആഗ്രഹം ഓര്‍മ്മ വന്നതായിരുന്നു കാരണം.
” എനിക്കേ കുറച്ചു നാള്‍ ജയിലിന്റെ അകത്തു ഒന്ന് കിടക്കണം”
“എന്തെ ഇങ്ങനെ ഒരു ഭ്രാന്ത്”
“എന്തെ എന്ന് ചോദിച്ചാല്‍ അതിനു അങ്ങനെ പ്രത്യേകിച്ച് കാരണം ഒന്നും ഇല്യാ. പുതിയ ഒരു ഭ്രാന്ത് എന്ന് കരുതിയാല്‍ മതി.”
“ചുമ്മാ അങ്ങ് പോയി കിടന്നാല്‍ മതിയോ”
“ചുമ്മാ അല്ല. ഞാന്‍ ശെരിക്കും എന്തെങ്കിലും കുറ്റം ചെയ്യണം. എന്നിട്ട് പൊലീസ് വന്നു അറസ്റ്റ് ചെയ്തു കൊണ്ട് പോകണം. ഉദാഹരണത്തിന് എന്നെ ഏതെങ്കിലും ഒരു തെമ്മാടി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന് കരുതുക. ഞാന്‍ എന്റെ കയ്യില്‍ കിട്ടുന്ന എന്തെങ്കിലും വച്ച് അവനെ കുത്തുന്നു. പൊലീസ് വരുന്നു എന്നെ അറസ്റ്റ് ചെയ്തു ജീപ്പില്‍ ഇരുത്തി കൊണ്ട് പോകുന്നു. ഇതാണ് എന്റെആഗ്രഹം.” അവള്‍ പറഞ്ഞു നിര്‍ത്തി.
ട്രെയിന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയിരുന്നു. ആളുകള്‍ എല്ലാം കയറി. പിറകില്‍ നിന്നും ഗാര്‍ഡിന്റെ പച്ച കൊടി ഉയര്‍ന്നു. എനിക്ക് ഇരിക്കുന്നിടത്തു നിന്നും ചലിക്കാന്‍ പോലും കഴിഞ്ഞില്ല. ശരീരവും മനസ്സും ഒരു ഞെട്ടലിന്റെ സ്തംഭനാവസ്ഥയില്‍ ആയിരുന്നു. എതിർ വശത്തെ ബർത്തിനും ജനാലയ്ക്കുമിടയിൽ ആരോ അന്നത്തെ പത്രം മടക്കികുത്തിത്തിരുകി വച്ചിരിക്കുന്നു. എന്റെ കയ്യുകൾ അറിയാതെ പത്രത്തിനായി നീണ്ടു. നെഞ്ചിൽ നിന്നുയർന്ന ഒരു വിറയൽ എന്റെ കയ്യിലൂടെ ബർത്തിലൂടെ പത്രത്താളുകളിലേയ്ക്ക് പടർന്നുകയറി. 

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല