Skip to main content

എന്റെ ചങ്ക് ബ്രസീൽ


                സന്തോഷ് ഏച്ചിക്കാനം


        ഉച്ചക്ക് ശേഷമുള്ള മലയാളം ക്ലാസിൽ ഞങ്ങൾ ഏതാണ്ട് ഉറക്കം പിടിച്ചുതുടങ്ങിയ നേരത്താണ് രാജൻ മാഷ് കേറി വന്നത്.
"നമ്മളിന്ന് പുതിയൊരു പാഠത്തിലേക്ക് കടക്കുകയാണ്." മുന്നിലെ ഡെസ്കിൽ ചൂരൽ കൊണ്ടടിച്ചുകൊണ്ട് മാഷ് പ്രഖ്യാപിച്ചു "എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ"ആ പേര് കേട്ട ക്ലാസ്സിലെ എല്ലാവരും അമ്പരപ്പോടെ പരസ്പരം നോക്കി. സന്തോഷ് കുമാർ എന്ന എന്റെ പേര് തന്നെ അവരുടെയുള്ളിൽ കിടന്ന് ഇപ്പോഴും ദഹനക്കേടുണ്ടാക്കുന്നുണ്ട്. അപ്പോഴാണ് ഈ നാസിമെന്റോ!!!


മാഷ് തുടർന്നു.
"ലോക ഫുട്ബോൾ ചരിത്രത്തിലെ കിരീടം വെക്കാത്ത രാജകുമാരൻ. പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മഹാ മാന്ത്രികൻ."
ഒരു നിമിഷം നിശ്ശബ്ദനായ ശേഷം നേരിയ ചിരിയോടെ രാജൻ മാഷ് എല്ലാവരെയും നോക്കി."അതാരാണെന്നറിയാമോ?""പെലെ" ഞാൻ പറഞ്ഞു.
ഒരിക്കലും ഇങ്ങനെയൊരുത്തരം മാഷ് പ്രതീക്ഷിച്ചിരുന്നില്ല. കാസർഗോഡ് ജില്ലയിലെ ഈ ഓണം കേറാമൂലയിൽ പെലെയെ അറിയുന്നവൻ ആരെടാ എന്ന അർത്ഥത്തിൽ അത്ഭുതത്തോടും ചോദ്യം ചീറ്റിപ്പോയത്തിന്റെ ജാള്യതയോടും കൂടി രാജൻ മാഷ് എനിക്കുനേരെ കണ്ണുകൾ കൂർപ്പിച്ചു.
"ഉത്തരം ശരിയാണ്." മാഷ് പറഞ്ഞു.
അതുകേട്ട് രാജൻ മാഷിന്റെ വലയിൽ ഒരു ഗോൾ വീണ പോലെ ക്ലാസ്സിൽ ആർപ്പുവിളിയും കയ്യടിയുമുയർന്നു.
    "നിനക്കിതെങ്ങിനെയറിയാം?" മാഷ് ചോദിച്ചു.
     "അച്ഛൻ പറഞ്ഞു തന്നതാ". ഞാൻ പറഞ്ഞു.
    " നിന്റച്ഛൻ ബ്രസീലിൽ പോയിട്ടുണ്ടോടാ?" 
മാഷിന്റെ പരിഹാസം കലർന്ന ചോദ്യം കേട്ട് ഗാലറി ഒന്നുകൂടിയിരമ്പി.
അതിനിടയിൽ മുൻ നിരയിലിരിക്കുന്ന എന്റെ ആത്മസുഹൃത്ത് ഗോപിയുടെ വായിൽ നിന്നും എനിക്കനുകൂലമായ ഒരു പാസ് രാജൻ മാഷ്ക്ക് നേരെ പാഞ്ഞുവന്നു.
"അവന്റച്ഛൻ ഫുട്ബോൾ പ്ലേയറാണ് മാഷേ."
"അച്ഛനെവിടെയാ കളിച്ചത് ബേഡകത്തെ കണ്ടത്തിലോ അതോ കുറ്റിക്കോലെ കണ്ടത്തിലോ?"
എന്നെ ഡ്രിബിൾ ചെയ്തുകൊണ്ട് മാഷ് വീണ്ടും മുന്നോട്ടുപോയി.
ആളെ സുയിപ്പാക്കുന്ന ആ ചോദ്യം എന്നിൽ ആത്മക്ഷതം വരുത്തിയ നിമിഷം വലതു ഷോൾഡർ  കൊണ്ട് മാഷിനെ ഒന്ന് ചാർജ് ചെയ്യുമ്പോലെ ഞാൻ പറഞ്ഞു.
" അങ്ങ് ഗോവയിലെ കണ്ടത്തിലാ. സാൽഗോക്കറിന്."
ഒരു ഫുട്ബോൾ കളിക്കാരന്റെ മകന് പ്രാഥമികമായി ഉണ്ടായിരിക്കേണ്ട ശാരീരികക്ഷമത ഒട്ടുമില്ലാത്ത മെലിഞ്ഞ് കോലുപോലെയിരിക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കിയ ശേഷം മാഷ് അരികിലേക്ക് വിളിച്ചു.
 "സത്യമാണോ നീ പറയുന്നത്?"
എന്റെ മൂർധാവിൽ തലോടിക്കൊണ്ട് മാഷ് ചോദിച്ചു.
അതിനുത്തരം പറഞ്ഞത് ബേളന്തടുക്കത്തെ മോഹനനാണ്.
ഓന്റച്ഛന്റെ നാട് ഈടയല്ല മാഷേ, നീലേശ്വരത്താ.
അപ്പോഴാണ് ഞാൻ പറഞ്ഞത് സത്യമാണെന്ന് മാഷ്ക്ക് ബോധ്യമായത്. നീലേശ്വരം ഫുട്ബോളിന്റെ ഈറ്റില്ലമാണെന്ന് കാസർകോട്ടെ ഏത് കുട്ടിക്കുമറിയാം.
    1920-ൽ ഇന്റർമീഡിയറ്റിനു പഠിക്കാൻ പോയ കോണത്ത് കൃഷ്ണൻ നമ്പ്യാർ ബോംബേന്നു കൊണ്ടുവന്ന കളിയാണ് നീലേശ്വരക്കാർക്ക് ഫുട്ബോൾ. പിന്നീടത് കാൽടെക്സ് മാധവനിലൂടെയും ചാത്തുക്കുട്ടി നമ്പ്യാരിലൂടെയും വളർന്നു. രാജാസ് ഹൈസ്‌കൂളിന്റെ പച്ചപ്പുൽ മൈതാനത്ത് മഞ്ഞിലും മഴയത്തും പൊരിവെയിലിലും നിർത്താതെ പന്തുതട്ടിയ ചാത്തുക്കുട്ടി നമ്പ്യാരുടെ നിരവധി ശിഷ്യന്മാർ നീലേശ്വരത്തെ ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലെത്തിച്ചു.
  അതിലൊരാളായിരുന്നു എന്റെ അച്ഛൻ എ.സി.ചന്ദ്രൻ നായർ. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽ ഞാൻ കേട്ടുവളർന്നത് ഫൂട്ബോളിനെ പറ്റിയാണ്. ഈ പെലെയെ മാത്രമല്ല സീക്കോവിനെയും, ആൽബെർട്ടോ ടോറസിനെയും, ക്ലെഡാൽ ഡോവിനെയും പോലുള്ള ബ്രസീൽ ടീമിലെ പല പുലികളെയും പറ്റി അച്ഛൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
      ഞാൻ ബെഞ്ചിൽ വന്നിരുന്നതും രാജൻ മാഷ് മലയാളം ടെക്സ്റ്റ് ബുക്കെടുത്ത് മറിച്ച് 'പീലെ' എന്ന പാഠഭാഗം വായിക്കാൻ തുടങ്ങി. 1968-ൽ ബെൽജിയത്തിനെതിരായ ഒരു മേച്ചിൽ ബൈസിക്കിൾ കിക്കിലൂടെ പെലെ നേടിയ അവിശ്വസനീയമായ ഒരു ഗോളിന്റെ സുദീർഘമായ ഒരു വിവരണവും പെലെയുടെ ജീവചരിത്രത്തിന്റെ ഒരു ഭാഗവും കൂട്ടിച്ചേർത്ത ഉദ്‌വേഗജനകമായ ഒരു പാഠമായിരുന്നു അത്.
     ലെഫ്ട് വിങ്ങിൽ നിന്ന് ഉയർന്നുവന്ന പാസ് പെട്ടെന്ന് പിടിച്ചെടുത്ത് വലയിലാക്കാൻ ശ്രമിക്കാതെ ഡിഫെണ്ടർമാർക്കോ ഗോളിക്കോ ഒരവസരം പോലും കൊടുക്കാത്തവണ്ണം വായുവിൽ പറന്നുയർന്ന് നട്ടെല്ല് വില്ലുപോലെ വളച്ച് വലതുകാൽ കൊണ്ട് പെലെ നേടിയ ആ ഗോൾ ലോക ഫുട്ബോളിന്റെ ചരിത്രത്തിൽ റൂഫസ് പക്ഷിയുടെ തൂവൽ കൊണ്ട് എഴുതിചേർക്കപ്പെട്ട അവിസ്മരണീയമായ അധ്യായമാണ്.
    വൈകുന്നേരം പി.ടി പിരീയഡിന് സ്‌കൂളിന് പിന്നിലെ ചരൽ ഗ്രൗണ്ടിൽ റബ്ബർ പന്തുമായി അങ്കത്തിനിറങ്ങുമ്പോൾ ഞങ്ങൾ ഓരോരുത്തരും പത്താം നമ്പർ ജേഴ്സിയണിഞ്ഞ കാപ്പിരിപ്പയ്യന്മാരായി.
     മുട്ടുപൊട്ടി ചോര വന്നപ്പോഴും വലതുകാലിന്റെ നഖമടർന്ന് മാംസം പുറത്തുവന്നപ്പോഴും ഒട്ടും പതറാതെ കാട്ടുകല്ലുകൊണ്ട് അടയാളം വച്ച എതിരാളിയുടെ ഗോൾപോസ്റ്റിലേക്ക് ഡിഫെൻഡർമാരുടെ വലയം ഭേദിച്ച് ഞങ്ങൾ നിരന്തരം പാഞ്ഞുകൊണ്ടിരുന്നു.
     വർഷങ്ങൾക്ക് ശേഷം ഞാൻ താമസം മാറി മടിക്കൈയിൽ എത്തുമ്പോൾ അവിടെ കാര്യമായിട്ടൊരു ക്ലബ്ബോ ഫുട്ബോൾ ടീമോ ഒന്നുമുണ്ടായിരുന്നില്ല. മടിക്കൈ സർക്കാർ സ്‌കൂളിന്റെ മൈതാനവും ഈ പറഞ്ഞ പോലെ മഴവെള്ളം കുത്തിയൊഴുകിപോകുന്നത് കാരണം അല്പം ചെരിഞ്ഞാണ് കിടന്നിരുന്നത്.
     സ്വാതന്ത്ര്യസമര സേനാനിയും പഴയകാല കമ്യൂണിസ്‌റ്റ് നേതാവുമായിരുന്ന മടിക്കൈ കുഞ്ഞിക്കണ്ണന്റെ മകൻ കിഷോറേട്ടനും സുഹൃത്തുക്കളും ചേർന്ന് റാഡിക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് തുടക്കമിട്ടത് ആ സമയത്തായിരുന്നു.
     സ്പോർട്സ്, പഠനം, വായന, സാമൂഹിക പ്രവർത്തനം എന്നിങ്ങനെ സമസ്ത മേഖലകളിലും മികവും ഉത്തരവാദിത്തവും ഉണ്ടായിരുന്ന ഒരുസംഘം ചെറുപ്പക്കാരായിരുന്നു ക്ലബിന് പിന്നിൽ.
     വൈകാതെ ഞാനും അവരിലൊരാളായി. കിഷോറേട്ടനും രവിയും ബാലകൃഷ്ണനും ശ്രീധരേട്ടനും അപ്പുക്കുട്ടനുമൊക്കെ അടങ്ങുന്ന ചെറിയൊരു ഫുട്ബോൾ ടീം അന്ന് റാഡിക്കലിനുണ്ടായിരുന്നു. സാൽഗോക്കറിനൊക്കെ കളിച്ച ആളാണെന്നറിഞ്ഞപ്പോൾ അച്ഛനെ എല്ലാവരും നിർബന്ധിച്ച് ടീമിന്റെ കോച്ചാക്കി.
     രാവിലെയും വൈകുന്നേരവും കടുത്ത പരിശീലനം. കളിക്കാർക്ക് ഷൂസും ജേഴ്സിയുമൊക്കെയായി.
         ഡിഫെൻസിൽ രവിയും ശ്രീധരേട്ടനും ഫോർവേഡിൽ ഞാനും ബാലകൃഷ്ണനും അപ്പുക്കുട്ടനും. രവി മികച്ച സ്റ്റോപ്പർ ബാക്കായിരുന്നു.
ചത്താലും എതിരാളിയെ പെനാൽറ്റി ഏരിയ കടത്തിവിടാത്ത പാർട്ടി. ബാലകൃഷ്ണൻ ഓട്ടത്തിൽ പടക്കുതിരയാണ്, നല്ല പന്തടക്കവുമുണ്ട്, പക്ഷേ ഫിനിഷിങ് കുറവാണ്. പെനാൽറ്റിയടക്കം പുറത്തേക്കടിച്ചു കളയും.
     പരിശീലനസമയത്ത് ഗോൾ പോസ്റ്റിൽ കിടന്ന് പന്തൊക്കെ ചാടിപ്പിടിക്കുന്നത് കണ്ടപ്പോൾ അച്ഛൻ എന്നോട് പറഞ്ഞു.
     "നീയാണ് ഇനിമുതൽ ഗോൾ കീപ്പർ".
      എനിക്കും അതിഷ്ടമായിരുന്നു. മറ്റുള്ളവരെപ്പോലെ മൈതാനം നിറയെ പാഞ്ഞുനടക്കേണ്ടല്ലോ. അങ്ങനെ ഞാൻ റാഡിക്കലിന്റെ ആസ്ഥാന ഗോളിയായി.
      ഒന്നുമില്ലായ്മയിൽ നിന്ന് അച്ഛൻ ഞങ്ങളെ കാസർഗോഡ് ജില്ലയിൽ അത്യാവശ്യം അറിയപ്പെടുന്ന ടീമാക്കി വളർത്തിയെടുത്തു. പ്രാദേശിക മത്സരങ്ങളിലൊക്കെ ജേതാക്കളായി. മിനി ലോറിയിൽ 'ഗപ്പും' ഉയർത്തിപ്പിടിച്ച് കൊട്ടും കുരവയും ആർപ്പുവിളികളുമായി ഞങ്ങൾ തിരിച്ചെത്തി. നാടിന്റെ അഭിമാനഭാജനങ്ങളായി.
     അച്ഛന്റെ ബ്രസീൽ പ്രേമം ഞങ്ങൾ കളിക്കാരിലേക്കും പടർന്നുപിടിച്ചു. 1994 ലോകകപ്പ് അമേരിക്കയിൽ നടന്നപ്പോൾ അപ്പുക്കുട്ടനൊഴികെ ഞങ്ങൾ എല്ലാവരും ബ്രസീലിനെ പിന്തുണച്ചുകൊണ്ട് നാട്ടിൽ ബാനറുകൾ ഉയത്തി. ബെബെറ്റോവിനും ദുംഗയ്ക്കും റൊണാൾഡോവിനും കഫുവിനും ജയ് വിളിച്ചു.
     അത്യാവശ്യം വീടുകളിലൊക്കെ അന്ന് ടി.വി.യുണ്ടായിരുന്നു. എങ്കിലും ഞങ്ങൾ 'റാഡിക്കൽസ്' കാളി കണ്ടിരുന്നത് ദാമുവേട്ടന്റെ വീട്ടിൽ വച്ചായിരുന്നു.
     കളി കണ്ട തിരിച്ച് വീട്ടിലെത്തുമ്പോൾ നേരം വെളുക്കും. വീട്ടുകാർ പക്ഷേ വാഴക്കൊന്നും പറഞ്ഞില്ല.
     ഒടുവിൽ ഞങ്ങളുടെ പ്രാർത്ഥന പോലെ സെമിയിൽ സ്വീഡനെ ഒരു ഗോളിന് തോല്പിച്ച് ബ്രസീൽ ഫൈനലിൽ കടന്നു. റോബർട്ടോ ബാജിയോ നയിക്കുന്ന ഇറ്റലിയുമായാണ് ഫൈനൽ. ജൂലൈ 17ന് കാലിഫോർണിയയിലെ റോസ് ബോൾ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
     അന്ന് മടിക്കൈയിലെ കാലിച്ചാംപൊതി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ റാഡിക്കലിന്റെ സെമി ഫിനാലായിരുന്നു. ശക്തരായ ബങ്കളം ടീമിനോടാണ് കളി. അവർ നീലേശ്വരം ടൌൺ സ്പോർട്സ് ക്ലബ്ബിന്റെ രണ്ടുമൂന്ന് കളിക്കാരെ കാശ് കൊടുത്ത് ഇറക്കിയിട്ടുണ്ടത്രെ!!.
ജീവന്മരണ പോരാട്ടമായിരിക്കും.
      കളി തുടങ്ങും മുമ്പ് വട്ടത്തിൽ തോളോടുതോൾ ചേർന്നുനിന്ന് ഒരു അമ്മക്കൊഴിയെപ്പോലെ ഞങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ക്യാപ്റ്റൻ രവി പറഞ്ഞു.
     *"ഡാ, നമ്മൾ ബ്രസീലാണ്. ബങ്കളക്കാരാണ് ഇറ്റലി. നമ്മളീ കളി ജയിച്ചാൽ ലോകകപ്പ് ബ്രസീലിനായിരിക്കും. ജയിക്കണം. നമ്മൾ ജയിച്ചിരിക്കും."*
      കളി തുടങ്ങി ആദ്യ പകുതിയിൽ ഞങ്ങൾ ഒരു ഗോളടിച്ചു. ബങ്കളക്കാർ ഞെട്ടി!!. അവർ അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. *അവർക്കറിയില്ലല്ലോ അവർ കളിക്കുന്നത് ക്യാപ്റ്റൻ ദുംഗ നയിക്കുന്ന ബ്രസീലിനോടാണെന്ന്.* രണ്ടാം പകുതിയിൽ ഇറ്റലിക്കാർ ആഞ്ഞുപിടിച്ചെങ്കിലും രവിയുടെ പ്രതിരോധത്തിന് മുന്നിൽ അവർ അസ്തപ്രജ്ഞരായി.
ഇറക്കുമതി ചെയ്ത ഡിസ്ട്രിക്ട് പ്ലെയറുടെ കൂറ്റനടികളിൽ ചിലത് ഒരു നിലവിളിയോടെ ഞാൻ പിടിച്ചെടുക്കുകയോ തട്ടിത്തെറിപ്പിക്കുകയോ ചെയ്തു. ആവേശം കയറിയ കാണികൾ ആർത്തുവിളിച്ചു. 
പെട്ടെന്ന് ബങ്കളത്തിന്റെ ഫോർവേർഡുകളിൽ ഒരാൾ ഞങ്ങളുടെ മൂന്നു ഡിഫെൻഡർമാരെയും ഡ്രിബിൾ ചെയ്തുകൊണ്ട് പെനാൽറ്റി ബോക്സിലേക്ക് കയറി. അവൻ കാലൊന്ന് വീശിയാൽ ഗോളാണ്. പിന്നൊന്നും നോക്കിയില്ല. ഒറ്റക്കുതിപ്പിന് മുന്നോട്ട് കയറി ഞാനവന്റെ കാലിലേക്ക് ഒരു ഫ്രണ്ട് ഡൈവ് വച്ചുകൊടുത്തു. ലോക ഫുട്ബോൾ ചരിത്രത്തിലെ ആദ്യ ദണ്ഡനമസ്കാരം.!!
     പന്ത് കൈക്കലാക്കി കമിഴ്ന്നുവീണു. പിന്നെ മെല്ലെ എണീറ്റു. ചുറ്റിലും ഭയങ്കര കയ്യടി. പന്ത് അപ്പോൾ എന്റെ കയ്യിലാണെന്ന് എനിക്കുപോലും വിശ്വസിക്കാൻ പറ്റിയില്ല.
     രവിയും ശ്രീധരേട്ടനും ബാലകൃഷ്ണനും ഓടിവന്ന് എന്റെ പുറത്തുതട്ടി അഭിനന്ദിച്ചു. ബങ്കളക്കാർ എന്നെ പകയോടെ നോക്കി.
     ഞാൻ പന്തുമായി ഗോൾ പോസ്റ്റിനു നേരെ നടന്നു. പെട്ടെന്ന് വെയിലത്തുവച്ച ഐസ് ക്രീം പോലെ മൈതാനം ഉരുകിയൊലിക്കാൻ തുടങ്ങി. പന്ത് ഞെട്ടടർന്ന ഓറഞ്ച് പോലെ എന്റെ കയ്യിൽ നിന്ന് താഴെ വീണു. പിന്നെയൊന്നും ഓർമയില്ല.
     ബോധം വരുമ്പോൾ ഞാൻ നീലേശ്വരം പബ്ലിക് ഹെൽത്ത് സെന്ററിലെ അത്യാഹിത വിഭാഗത്തിൽ ഡോക്ടർ സി.കുഞ്ഞിരാമൻ നമ്പ്യാരുടെ മുന്നിൽ കിടക്കുകയായിരുന്നു.
      അപ്പോഴേക്കും ഏതാണ്ട് രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞിരുന്നു. ബങ്കളക്കാർ പന്തിനു വച്ച അടി കൊണ്ടത് എന്റെ മെഡുല ഒബ്ളാംഗേറ്റയിലായിരുന്നു.
"ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം." ഹോസ്പിറ്റലിൽ നിന്നിറങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു.
      തിരിച്ചുവരുമ്പോൾ ജീപ്പിലുള്ള എല്ലാവരോടുമായി ദാമുവേട്ടൻ പറഞ്ഞു. "ബോധം വന്നപ്പോ ഡോക്ടറോട് ഇവൻ ആദ്യം ചോദിച്ചത് എന്താണെന്നറിയാമോ. ബ്രസീൽ ജയിച്ചോന്ന്." അതുവരെ ഉണ്ടായിരുന്ന ടെൻഷനെല്ലാം മറന്ന് ജീപ്പിൽ ഒരു കൂട്ടച്ചിരിയുയർന്നു. കഴുത്തിന് നല്ല വേദനയുണ്ടായിരുന്നെങ്കിലും ആ ചിരിയിൽ ഞാനും പങ്കുചേർന്നു.
     അന്നുരാത്രി ബാജിയോ പെനാൽറ്റി കിക്ക് പുറത്തേക്കടിച്ചപ്പോൾ ബ്രസീലിന്റെ ദുംഗ പതിനഞ്ചാമത് ലോകകപ്പ് എടുത്ത് ആകാശത്തേക്കുയർത്തി.
     മടിക്കൈയുടെ ആകാശത്തിൽ കതിനകൾ പൊട്ടിത്തെറിച്ചു. ഞങ്ങൾ സന്തോഷം തുളുമ്പുന്ന കണ്ണുകളുമായി മഴ പെയ്തു കുതിർന്ന നാട്ടുവഴികളിലൂടെ നൃത്തം ചവിട്ടി. ഇറ്റലിയെയും നീളൻ മുടിക്കാരാണ് ബാജിയോയെയും മറന്ന് അപ്പുക്കുട്ടനും ഞങ്ങളോടൊപ്പം കൂടി......

<script async src="//pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
<script>
  (adsbygoogle = window.adsbygoogle || []).push({
    google_ad_client: "ca-pub-9577710717075806",
    enable_page_level_ads: true
  });
</script>
    

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല