Skip to main content

ഇന്നസെന്റിന്റെ യാത്രകള്‍

കൊള്ളാലോ ഹൈദരാബാദ്!


കൊളമ്പില്‍ ജോലിക്കുപോയ ആളുകള്‍ അവധിക്കു വരുന്നത് കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. സിലോണിനെയാണ് കൊളമ്പ് എന്ന് വിളിക്കുന്നത് എന്ന് പിന്നീടാണ് മനസിലായത്. അന്നവര്‍ വരുമ്പോള്‍ ഒരു വലിയ ടോര്‍ച്ചു കൊണ്ടുവരും. അതിന്റെ കേമത്തം നാടുമുഴുവന്‍ പരക്കും. അവരുടെ കഥകള്‍ കേട്ട് എല്ലാവരും വാപൊളിച്ചിരിക്കും. ഞാന്‍ കാണുന്ന ആദ്യത്തെ യാത്രക്കാര്‍ അവരാണ്....

********

കുട്ടിക്കാലത്ത്, ചാലക്കുടിക്കടുത്തുള്ള കനകമലയില്‍ വലിയമ്മയുടെ വീട്ടിലേക്ക് ബസ്സില്‍ പോകുന്നതായിരുന്നു എന്റെ യാത്ര. നാട്ടിലെ ചില പ്രമാണികളോട് കണ്ടക്ടര്‍ സംസാരിക്കും. എന്നോടും ഇയാളൊന്ന് മിണ്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ അക്കാലത്ത് കൊതിച്ചിരുന്നു. ഇത്രയും പ്രായമായിട്ടും ആ മനോഭാവത്തിന് മാറ്റമുണ്ടായിട്ടില്ല. കണ്ടക്ടര്‍ക്കു പകരം അത് മുഖ്യമന്ത്രിയോ ഉയര്‍ന്ന പോലീസുദ്യോഗസ്ഥനോ ആയി എന്നു മാത്രം.

*********

എഴുതിയ പരീക്ഷകള്‍ എല്ലാംതോറ്റ,് സ്‌കൂളിനും വീടിനും നാടിനുമെല്ലാം ഒരു ഭാരമായി, തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞതിനു ശേഷം ഞാന്‍ ലേഡീസ്ബാഗുകള്‍, ചെരിപ്പുകള്‍ തുടങ്ങിയ സാധനങ്ങള്‍ ബോംബെയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ആഗ്രയില്‍ നിന്നും മൊത്തമായി വാങ്ങി നാട്ടില്‍ കൊണ്ടു വന്ന് നടന്നു വിറ്റ കാലമുണ്ടായിരുന്നു. അന്നാണ് ഞാനറിയാതെ തന്നെ ഞാനൊരു യാത്രികനായത്. മാസത്തില്‍ രണ്ടുതവണ ബോംബെ, രണ്ടുതവണ ഡല്‍ഹി, രണ്ടുതവണ ആഗ്ര പോയി വരുമ്പോഴേക്കും ആ മാസം തീരും. തീവണ്ടിയുമായി അക്കാലത്ത് ഞാന്‍ അത്രയ്ക്ക് ഇണങ്ങി. ടി.ടി.ഇമാര്‍ എന്റെ സുഹൃത്തുക്കളായി. ഓരോ സ്ഥലത്തേയും ടിക്കറ്റ് ക്വാട്ട വരെ ഞാന്‍ പറയാന്‍ തുടങ്ങി. ട്രെയിനിലെ ഭിക്ഷക്കാര്‍ എനിക്കു മുന്നില്‍ യാചിക്കാതായി. അവര്‍ക്ക് എന്നെ അത്രയ്ക്ക് പരിചയമായി. ഒരു പക്ഷെ, അവരില്‍ ഒരാളായിപ്പോലും എന്നെ തോന്നിക്കാണണം!

*********

കച്ചവടത്തിനായി ബോംബെയില്‍ പോകുമ്പോള്‍ രാവിലെ അവിടെയെത്തി ഉച്ചയ്ക്കുള്ള വണ്ടിക്ക് തിരിച്ചുപോരുകയായിരുന്നു പതിവ്. സ്റ്റേഷനില്‍ നിന്നു തന്നെ കുളിയും പ്രഭാതകൃത്യങ്ങളുമെല്ലാം തീര്‍ക്കും. റിസര്‍വ്വേഷന്‍ സാധിക്കാത്തതു കൊണ്ട് അപ്പോള്‍ തന്നെ ഒരു ഓപ്പണ്‍ടിക്കറ്റ് എടുക്കും. തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോകും. ഉച്ചയോടെ സാധനങ്ങള്‍ വാങ്ങി സ്‌റ്റേഷന്റെ പിന്‍വശത്തെ ഗേറ്റിലൂടെ അകത്തുകടക്കും. മുന്‍വശത്തു കൂടെ വന്നാല്‍ ചരക്കിന്റെ പൈസയും കൊടുക്കണം. ഗുഡ്‌സില്‍ അയക്കേണ്ട സാധനമാണ് ഞാന്‍ സമര്‍ഥമായി ട്രെയിനിന്റെ ബാക്ക് വാഗണില്‍ കയറ്റിക്കൊണ്ടു പോകുന്നത്. സ്‌റ്റേഷനിലെ എന്റെ പരിചയക്കാരനും ഒറ്റപ്പാലത്തുകാരനുമായ മൂസയാണ് എന്നെ ഇതിനു പതിവായി സഹായിക്കുക. അവന് കാശ് കൊടുത്താല്‍ അവന്‍ ടി.ടി.ഇക്ക് പണം നല്‍കി ഓപ്പണ്‍ ടിക്കറ്റ് മാറ്റി റിസര്‍വ്വേഷന്‍ ശരിയാക്കി തരും. മൂസയുടെ ഉമ്മയ്ക്കുള്ള പണവും വസ്ത്രവും അവന്‍ പലപ്പോഴും എന്റെ കയ്യിലാണ് തരിക. പാവമായിരുന്നു മൂസ.

ആ തവണയും ഞാന്‍ പതിവുപോലെ ഓപ്പണ്‍ടിക്കറ്റെടുത്ത് അതിന്റെ ബലത്തില്‍ ചരക്കു കയറ്റി. ടിക്കറ്റ് മൂസയുടെ കയ്യില്‍ കൊടുത്തു. ഞാന്‍ കൊടുക്കുന്നതു കണ്ട് പലരും കൊടുത്തു. ചിലര്‍ ചോദിച്ചു
'പരിചയമുള്ളയാളാണോ'?
'ഇവിടെ വെച്ച് പരിചയപ്പെട്ടതാണ്. ഇതുവരെ പറ്റിച്ചിട്ടില്ല'. അതു കേട്ടപ്പോള്‍ മറ്റു ചിലരും മൂസയുടെ കയ്യില്‍ പണം ഏല്‍പ്പിച്ചു. പതിവുസമയം കഴിഞ്ഞിട്ടും മൂസ വരുന്നില്ല. വണ്ടി ചൂളം വിളിച്ചു തയ്യാറായി. എന്നിട്ടും മൂസയില്ല. പതുക്കെ നീങ്ങിതുടങ്ങി. ഞാന്‍ കയറി. വണ്ടി പ്ഌറ്റ്‌ഫോമില്‍ നിന്നും വിട്ടുതുടങ്ങിയപ്പോള്‍ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ആ കാഴ്ച കണ്ടു: മൂസയെ പോലീസുകാര്‍ പൊക്കികൊണ്ടു പോകുന്നു. അതിനിടയില്‍ അവന്‍ കൈകൊണ്ട് ഒരു വട്ടം വരച്ചു, എനിക്കുനേരെ. 'പണം അടുത്ത തവണ എടുക്കാം' എന്നായിരുന്നു അതിന്റെ അര്‍ഥം.
ഞാന്‍ കീശയില്‍ കയ്യിട്ടു നോക്കി. ആകെ മുപ്പതു രുപയുണ്ട്! ടിക്കറ്റില്ല, ഓപ്പണ്‍ ടിക്കറ്റിന്റെ ബലത്തില്‍ അനധികൃതമായി കയറ്റിയ ചരക്കുകളും വണ്ടിയിലുണ്ട്. എനിക്കു തലചുറ്റാന്‍ തുടങ്ങി. പകുതി ബോധത്തോടെ കംപാര്‍ട്ട്‌മെന്റുകളുടെ ഇടനാഴികള്‍ കടന്ന് ഞാന്‍ ട്രെയിന്‍ സൂപ്രണ്ടിന്റെ മുറിയിലേക്ക് നടന്നു. ഹര്‍ഷന്‍ എന്നു പേരുള്ള കൊല്ലത്തുകാരനായിരുന്നു ട്രെയിന്‍ സൂപ്രണ്ട്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു 'എന്റെ പേര് ഇന്നസെന്റ്. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറാണ്. എന്റെ ടിക്കറ്റ് നഷ്ടപ്പെട്ടു'.''
'അതിനെന്താ, നമുക്കൊരു ഫ്രഷ് ടിക്കറ്റെടുക്കാം'. അയാള്‍ നിസ്സാരമായി പറഞ്ഞു. എന്റെ കയ്യില്‍ കാശില്ല.' അതു കേട്ടപ്പോള്‍ സൂപ്രണ്ട് ഒന്നുഞെട്ടി എന്നെ നോക്കി. എന്റെ ദയനീയമായ നില്‍പ്പു കണ്ടതു കൊണ്ടാകണം കുറച്ചുനേരം ഒന്നും മിണ്ടിയില്ല. തുടര്‍ന്ന് രണ്ടുവരി മൂളിപാടി:
ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു''
അതു കേട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് മിഴിച്ചുനോക്കി. 'സാര്‍ ഒരു നല്ല ഗായകനാണല്ലോ' എന്ന ഭാവമായിരുന്നു ആ നോട്ടത്തില്‍ നിറയെ. എന്നിട്ട് ഞാന്‍ തുടര്‍ന്നു പാടി-
'...മാനത്തെ മട്ടുപ്പാവില്‍ താരകാരാജ്ഞിമാരാ ഗാനനിര്‍ഝരി കേട്ടു...'
അന്നുരാത്രി ഞങ്ങള്‍ അദ്ദേഹത്തിന്റെ മുറിയില്‍ പാടിപാടി കഴിഞ്ഞുകൂടി. കലയുടെ വില അന്നെനിക്കു മനസ്സിലായി.


പിറ്റേന്ന് പുലര്‍ന്നപ്പോഴാണ് ഇനി ഒരു രാത്രി കൂടി കടക്കാനുണ്ടെന്ന് ഓര്‍മ്മ വന്നത്. ഞാന്‍ കംപാര്‍ട്ട്‌മെന്റിലൂടെ നടന്നു. മലയാളികള്‍ ആണെന്ന് കാഴ്ചയില്‍ തോന്നിയ ഒരു ദമ്പതിമാരുടെ അടുത്തിരുന്നു. സ്വയം പരിചയപ്പെടുത്തി. അയാള്‍ ആട് മാര്‍ക്ക് കുടയുടെ ഉടമസ്ഥനായിരുന്നു. സംഭവിച്ചതെല്ലാം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരു നൂറ് രുപ കടം ചോദിച്ചു. ഇരിങ്ങാലക്കുടയിലെത്തിയിട്ട് തിരിച്ചുതരാം. അയാള്‍ക്ക് തരണം എന്നുണ്ടായിരുന്നു. ഭാര്യയുടെ മുഖത്ത് ഒന്നു നോക്കിയപ്പോള്‍ അവര്‍ കണ്ണൊന്നു ചിമ്മി. വേണ്ട എന്നര്‍ഥത്തില്‍. അയാള്‍ ആകെ വിഷമത്തിലായി. അത് മനസിലായപ്പോള്‍ ഞാന്‍ ചോദിച്ചു:
'തരണം എന്നുണ്ടായിരുന്നു. ഭാര്യ വേണ്ട എന്നു പറഞ്ഞുവല്ലേ'?
അതുകേട്ടപ്പോള്‍ അയാള്‍ ആകെ ചമ്മി. ഞാന്‍ ചിരിച്ചുകൊണ്ട് അടുത്ത കംപാര്‍ട്ട്‌മെന്റിലേക്ക് പോയി. ഭിക്ഷ യാചിക്കാന്‍. യാത്രകള്‍ ഇങ്ങിനെയുമാണ്.
++++++++++


സിനിമാനടനായപ്പോള്‍ തിരക്കുകാരണം എന്റെ പൊതുബന്ധങ്ങള്‍ കുറഞ്ഞു. കാണുന്നവര്‍ക്കെല്ലാം ഒരേ ചോദ്യങ്ങള്‍: 'ഏത് സിനിമയിലാണ് അഭിനയിക്കുന്നത്? ആരാണ് അതിന്റെ സംവിധായകന്‍? തിരക്കഥാകൃത്ത്? അടുത്തപടം ഏതാണ്? മമ്മൂട്ടിക്കും മോഹന്‍ലാലിനും സുഖം തന്നെയല്ലേ?' മറ്റൊന്നും ആര്‍ക്കും അറിയേണ്ട. ഇതെന്നെ വല്ലാതെ മടുപ്പിച്ചു.

മറ്റൊരുകാര്യം, ആരും നമ്മെ തിരുത്തുന്നില്ല എന്നതാണ്. നടനായതിനു ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും മലയാളികളുടെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്. അവിടെയൊക്കെ നമ്മള്‍ എന്ത് വിഡ്ഢിത്തരം പറഞ്ഞാലും ആരും തിരുത്തിത്തരില്ല. തിരുത്തിയാല്‍ നമ്മള്‍ പിണങ്ങിയാലോ എന്നതാണ് അവരുടെ ഭയം. അങ്ങിനെ തിരുത്തപ്പെടാതെ നമ്മള്‍ മണ്ടന്‍മാരായി മാറും. എന്റെ അപ്പന് ഇത് ആദ്യം തന്നെ മനസിലായി. അപ്പന്‍ പറഞ്ഞു:
'ഇന്നസെന്റേ, നിനക്ക് ബുദ്ധിയുള്ള ആളുകളുമായുള്ള സൗഹൃദങ്ങളും സ്ഥലങ്ങള്‍ കണ്ടുള്ള അറിവും അത്യാവശ്യമാണ്'.'
അതിന്റെ അടിസ്ഥാനത്തിലാണ് ഞാനും എന്റെ ഭാര്യ ആലീസും മകന്‍ സോണറ്റും കൂടി യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയത്. ലോകത്തിന്റെ ഒട്ടുമിക്കസ്ഥലങ്ങളിലും ഞങ്ങള്‍ പോയി. ഇപ്പോള്‍ മകന്റെ ഭാര്യ രശ്മിയും മകളായ ഇന്നു എന്നു വിളിക്കുന്ന ജൂനിയര്‍ ഇന്നസെന്റും അന്നയും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഈ ഹൈദരബാദ് യാത്രയും അങ്ങിനെ പോയതാണ്.

*********
എന്റെ ആദ്യ ഹൈദരബാദ് യാത്ര ഒരു സംഭവമായിരുന്നു. അതിന്റെ കഥ ആലീസ് പറയുന്നതായിരിക്കും നല്ലത്. ''നെടുമ്പാശ്ശേരീന്നാ ഞങ്ങള് യാത്ര തുടങ്ങിയത്. പന്ത്രണ്ട് മണിക്ക് വരണ്ട ഫ്ലൈറ്റ് അഞ്ചു മണിക്കാ എത്തീത്. നല്ല മഴേം ഇടീംണ്ടാര്‍ന്നു. വിമാനം പൊന്തിയപ്പോ എനിക്ക് പേടി തുടങ്ങി. അത്രയ്ക്ക് ഇടീം മിന്നലുമായിരുന്നു. ഞാനും ഇന്നസെന്റും മാത്രം യാത്ര പോവുമ്പോ എനിക്കിത്ര പേടി തോന്നാറില്ല. വിമാനത്തിന് തീ പിടിച്ചാലും ഇന്നസെന്റ് കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ടാവും. ഇത്പ്പ രണ്ട് ചെറ്യേ കുട്ട്യോളൂണ്ട്. അവര്‍ ജീവിതത്തിലേക്ക് വന്നിട്ടല്ലേയുള്ളൂ. അപ്പോള്‍ സോണറ്റാണ് പറഞ്ഞത് കോയമ്പത്തൂര് എറങ്ങാംന്ന്'

'അതു കേട്ടപ്പോ ഇന്നച്ചന്‍ എയര്‍ഹോസ്റ്റസിനോട് പറഞ്ഞു. 'ഞങ്ങള്‍ക്ക് കോയമ്പത്തൂര് എറങ്ങണം'. അവര്‍ പറഞ്ഞു, 'പറ്റില്ല. നിങ്ങള്‍ ഹൈദരബാദിലേക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്, ലഗേജൊന്നും പെട്ടെന്ന് മാറ്റാന്‍ പറ്റില്ല'.' അപ്പൊ ഇന്നച്ചന്‍ ഒരടവെടുത്തു: 'എന്റെ ഭാര്യയ്ക്ക് കിഡ്‌നിസ്‌റ്റോണാണ്. വേദന തൊടങ്ങീട്ട്ണ്ട്. അവര്‍ക്കെന്തെങ്കിലും പറ്റിയാല്‍ നിങ്ങള്‍ സമാധാനം പറയേണ്ടി വരും'.'

അതു കേട്ടതോടെ വിമാനം പുഷ്പം പോലെ കോയമ്പത്തൂര് എറങ്ങി; ഒരു ഹോട്ടലില്‍ താമസിച്ചു. ഇന്നുവിനേയും അന്നയേയും ഇതാണ് ഹൈദരബാദെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. എന്നിട്ട് നാട്ടില്‍ നിന്നും വണ്ടി വരുത്തി മൈസൂര്‍ക്ക് പോയി. ആ യാത്ര 17 ദിവസം നീണ്ട്, കോഴിക്കോട്ടവസാനിച്ചു. ഹൈദരബാദ് ബിരിയാണി കഴിക്കാതെ കോഴിക്കോടന്‍ ബിരിയാണി കഴിച്ച് മടങ്ങി.

********
അടുത്തതവണ ഇടിയും മിന്നലുമൊന്നും ഇല്ലാത്ത ദിവസം നോക്കി ഞങ്ങള്‍ ഹൈദരാബാദിലേക്ക് യാത്ര പോയി. കണ്‍ട്രി ക്ലബ്ബിന്റെ അമൃതാ കാസിലിലായിരുന്നു താമസം. പ്രിയദര്‍ശന്റെ 'കാക്കക്കുയില്‍' ഷൂട്ട് ചെയ്യുമ്പോഴാണ് ഇതിനുമുമ്പ് ഞാന്‍ ഹൈദരബാദില്‍ വന്നത്. രാമോജി ഫിലിംസിറ്റിയില്‍ പോയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇതു പോലൊന്ന് എന്തുകൊണ്ട് കേരളത്തില്‍ ഉണ്ടാക്കിക്കൂടാ എന്നായിരുന്നു എന്റെ സംശയം. സിനിമ വളരണമെങ്കില്‍ സാഹചര്യങ്ങളും വികസിക്കണം.

അവിടെ 'സൂപ്പര്‍ സ്റ്റാര്‍' എന്നൊരു റസ്റ്റോറന്റ് ഉണ്ട്. ഞാനും സോനുവും അവിടെ ചെന്നപ്പോള്‍ കയറ്റില്ല എന്നു പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ പോലും നേരത്തെ ബുക്ക് ചെയ്യണം. ആ ഹോട്ടലിന്റെ ചുമരില്‍ കമലഹാസന്റെയും രജനീകാന്തിന്റെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ തൂക്കിയിരുന്നു. അതു കണ്ടപ്പോള്‍ ഞാന്‍ സോനുവിനോട് പറഞ്ഞു: ലാലിന്റെ ചിത്രം ചൂണ്ടി കാണിച്ചിട്ട് അവരോട് പറ, ഞാന്‍ അവന്റെ അച്ഛനായി അഭിനയിച്ച ആളാണെന്ന്.

സോനു അത് പറഞ്ഞിട്ടും അവര്‍ അകത്തേക്ക് വിട്ടില്ല. പിന്നെ അമ്മയുടെ പ്രസിഡണ്ടാണ് എന്നു പറഞ്ഞപ്പോഴാണ് അകത്തേക്ക് പ്രവേശനം കിട്ടിയത്. ഒരു സംഘടനയുടെ കരുത്തും ബലവും അപ്പോഴാണ് എനിക്ക് ശരിക്കും ബോധ്യമായത്. ഒപ്പം മറുദേശത്ത് മോഹന്‍ലാലിന്റെ ചിത്രം ആരാധനയോടെ വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഒരു പാട് സന്തോഷവും ബഹുമാനവും തോന്നി. 

*********

ചാര്‍മിനാറിന് സമീപം വളകള്‍ വില്‍ക്കുന്ന ഒരു തെരുവുണ്ട്. ബാങ്കിള്‍ സ്ട്രീറ്റ് എന്നാണ് അതിന്റെ പേര്. നൈസാമിന്റെ കാലത്തുള്ള തെരുവാണത്. വളകളുടെ ഒരു പ്രളയമാണവിടെ. എവിടെയും സുന്ദരികളായ സ്ത്രീകള്‍. ഞങ്ങള്‍ ഒരുപാട് സമയം അവിടെ ചെലവഴിച്ചു. ആ തെരുവില്‍ നിന്നപ്പോള്‍ അത്തരം സാധനങ്ങള്‍ വാങ്ങിവിറ്റു നടന്നിരുന്ന എന്റെ പഴയകാലം ഞാന്‍ ഓര്‍ത്തു. അന്ന് പഠിച്ച വില്‍പ്പനയുടെ ഗണിതങ്ങള്‍ സാധനങ്ങള്‍ വിലപേശി വാങ്ങാന്‍ എനിക്കു സഹായകരമായി

*********
കൃത്രിമമായി തയ്യാറാക്കിയ മഞ്ഞിന്റെ ലോകമാണ് സ്‌നോവേള്‍ഡ്. ഇന്നുവും അന്നയും ഏറ്റവുമധികം ആഘോഷിച്ചത് അവിടെയാണ്. അഞ്ച് ഡിഗ്രിക്കു താഴെ വരെ പലപ്പോഴും അവര്‍ കൃത്രിമമായി തണുപ്പ് സൃഷ്ടിക്കും. മഞ്ഞുതരികള്‍ വാരിയെറിഞ്ഞും കുഞ്ഞുമഞ്ഞുമലകളില്‍ കയറിയിറങ്ങിയും ഞങ്ങള്‍ മറ്റെല്ലാം മറന്നു.

**********
എന്‍.ടി.രാമറാവുവിന്റെയും നരസിംഹറാവുവിന്റെയും ശവകുടീരത്തിലും ഞങ്ങള്‍ പോയി. രാമറാവുവിന്റെ ശവകുടീരത്തിനു മുന്നില്‍ നരസിംഹറാവുവിന്റെ ശവകുടീരം ഒന്നുമല്ല. പ്രധാനമന്ത്രിയായിരുന്നിട്ടു പോലും. രാഷ്ട്രീയക്കാരനേക്കാള്‍ രാമറാവുവിലെ കലാകാരനെയായിരുന്നു എനിക്കിഷ്ടം. ഞാനൊരു സിനിമാ നടന്‍ കൂടിയായതു കൊണ്ടാവാം.

**********
പോച്ചംപള്ളിയില്‍ പോയാല്‍ സാരി വാങ്ങാം എന്ന് ഫോട്ടോഗ്രാഫര്‍ കൂടിയായ സുഹൃത്ത് കെ.ആര്‍ വിനയന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു: വേണ്ട മുമ്പ് ഞാന്‍ ഷൂട്ടിങിന് കാശിയില്‍ ചെന്നപ്പോള്‍ സാരി വാങ്ങാന്‍ പോയി. ഭാര്യയുടെ ഫോട്ടോ കാണിച്ചാലേ സാരി തരൂ എന്ന് കടക്കാരന്‍ പറഞ്ഞു. ഞാന്‍ മീരാജാസ്മിന്റെ ഫോട്ടോ കാണിച്ചു. എനിക്ക് നല്ലൊരു സാരി എടുത്തു തന്നു. ഇപ്പോള്‍ ആലീസ് എന്റെ കൂടെയുണ്ട്. അതു കേട്ട് വിനയന്‍ ചിരിച്ചു, ആലീസ് പിണങ്ങി. ഇങ്ങനെ അവള്‍ എത്ര തവണ പിണങ്ങിയിരിക്കുന്നു! മറ്റൊരു പൊട്ടിച്ചിരിയില്‍ അത് അലിഞ്ഞുപോകും.

***********
ഞങ്ങള്‍ യാത്ര തുടരുകയാണ്. ഏപ്രിലില്‍ അമേരിക്കയിലേക്കു പോകും. അവിടെ സഹോദരനായ സ്റ്റാനി ഡിലാവോസും ഭാര്യ ആനിച്ചേച്ചിയും മകള്‍ ഡോ. ബ്രീസിയും ഭര്‍ത്താവ് ഡോ. ഡാനിയും മറ്റൊരു സഹോദരനായ ഡോ. കുര്യാക്കോസും മകന്‍ ഡോ. വെസ്ലിയും ഭാര്യ സിന്ധ്യയും കുടുംബവും ഞങ്ങളെ കാത്തിരിക്കുന്നു. ആ യാത്രയുടെ വിശേഷങ്ങള്‍ പിന്നെ പറയാം.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല