Skip to main content
വലുതാവുമ്പോൾ ആരാകണം എന്ന ഭീകരമായ ചോദ്യം എന്നോടാദ്യമായി ചോദിച്ചത് രണ്ടാം ക്ലാസിലെ ലിസി ടീച്ചറായിരുന്നു .
ഡോക്ടർ, എഞ്ചിനീയർ എന്നിങ്ങനെ ചോദ്യത്തെക്കാൾ വിരസമായ ആയ ഉത്തരങ്ങൾ പറയാൻ മാത്രമുള്ള മെച്ചൂരിറ്റി ആയിട്ടില്ലായിരുന്നതുകൊണ്ട്മാഷ്‌, പോലീസുകാരൻ, സിനിമാനടൻ തുടങ്ങിയ റേയ്ഞ്ചിലായിരുന്നു ഉത്തരങ്ങൾ മൊത്തം.
അങ്ങനെ എല്ലാരോടും ചോദിച്ച് ചോദിച്ച് ടീച്ചർ അവസാനം ക്ലാസ്സിലെ ഏറ്റവും മിടുക്കനും അതിസമർത്ഥനും അതീവബുദ്ധിമാനും സകലകലാവല്ലഭനും സർവോപരി സൽഗുണസമ്പന്നനും ആയ ആ വിദ്യാർത്ഥിയുടെ അടുത്തുമെത്തി. (യെസ്സ്....നിങ്ങളുടെ ഊഹം വളരെ ശരിയാണ്. അത് ഞാനായിരുന്നു!!! ബ്ലീസ്...ചിരിക്കരുത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ബിൽഡപ്പാണ്).
അത്രേം നാളത്തെ അദ്ധ്യയനജീവിതത്തിനിടക്ക് ആ ചോദ്യത്തിന് കേട്ട ഏറ്റവും മാരകമായ ഉത്തരമാണ്‌ കേൾക്കാൻ പോകുന്നതെന്നറിയാതെ ടീച്ചർ എന്നോട് ചോദിച്ചു.
"നെനക്കെന്തൂട്ടാ ആവണ്ടേ?"
"ഔസേപ്പേട്ടൻ. വട്ടൻ ഔസേപ്പേട്ടൻ"
ഞെട്ടിയപ്പോ ടീച്ചറ് സംഗതി ഒന്നൂടെ ക്ലാരിഫൈ ചെയ്തു.
"ന്തൂട്ടാന്ന്??"
"ഇനിക്ക് ഔസേപ്പേട്ടനായാ മതി"
ഔസേപ്പേട്ടൻ കല്ലേറ്റുംകരയിലുള്ള ഒരു കഥാപാത്രമായിരുന്നു. തോന്നണേടത്ത് കെടന്നുറങ്ങും. വിശക്കുമ്പോ ഏതെങ്കിലും വീട്ടിൽ കേറിച്ചെല്ലും. അടിപൊളിയായിട്ട് പാട്ടുപാടും. പാട്ട് തീരുമ്പോ വീട്ടുകാര്‌ ഫുഡ്ഡോ കാശോ കൊടുക്കും. ചിലപ്പോ വല്ല ഡ്രെസ്സും കൊടുക്കും. എന്നിട്ട് പുള്ളി പോയിക്കഴിയുമ്പോ “പാവം” എന്നും പറയും. അങ്ങനെ വളരെ സുഖകരമായ ജോലി. ഇതല്ലാതെ പിന്നെ വേറെ എന്താവണമെന്നാണ്‌ ഞാൻ ആഗ്രഹിക്കേണ്ടത്.
കാര്യം ഞാൻ വളരെ സത്യസന്ധവും ആത്മാർത്ഥവുമായി പറഞ്ഞതാണെങ്കിലും ടീച്ചർക്ക് അതത്രക്കങ്ങോട്ട് പിടിച്ചില്ല. ഞെട്ടലോക്കെ ഒന്നടങ്ങിയപ്പോ ടീച്ചറെന്നെ ഉപദേശിച്ചൊരു വഴിക്കാക്കി. വട്ടനാവാൻ വേണ്ടിയല്ല, മഹാനാവാനാണ് ശ്രമിക്കേണ്ടതെന്ന് എന്നെ പറഞ്ഞ് ബോധിപ്പിച്ചു. അങ്ങനെ അതീവകുലംകഷവും അതികഠിനവുമായ ആ ചിന്ത എന്റെ മനസ്സിൽ ഒരു വലിയ ചോദ്യചിഹ്നം പോലെ വളരാൻ തുടങ്ങി. വലുതാവുമ്പോ ആരാവണം?
ഒടുവിലൊരുനാൾ ഒരു ബസ്സ് യാത്രക്കിടയിൽ ഞാനാ ഉത്തരം കണ്ടെത്തി. ബസ്സിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ അച്ഛന്റെ മടിയിൽ ഗഹനമായി ചിന്തിച്ചോണ്ടിരിക്കുന്നതിനിടയിലായിരുന്നു ആ വെളിപാടുണ്ടായത്. വലുതാവുമ്പോൾ ഒരു ബസ്സ് കണ്ടക്ടറാവണം….!
സകല സ്ഥലങ്ങളും കൃത്യമായി അറിയുന്ന, കയ്യിൽ ഇഷ്ടം പോലെ കാശുള്ള, ഒരൊറ്റ വിസിലടിയിലൂടെ ആ വലിയ ബസ്സിനെ നിർത്തുകയും ഓടിക്കുകയും ചെയ്യുന്ന മഹാൻ.....മതി, ദിതു മതി.
പിന്നങ്ങോട്ട് തീവ്രപരിശീലനത്തിന്റെ നാളുകളായിരുന്നു. വീട്ടിലുള്ളപ്പോ ഭക്ഷണം കഴിക്കാനല്ലാതെ വിസില്‌ വായീന്നെടുക്കില്ല. വിസിലടിയോട് വിസിലടി. കേട്ടുകേട്ട്‌ ചെവി തരിച്ചിട്ട് അമ്മയൊരു ദിവസം വിസിലെടുത്ത് എറിഞ്ഞു കളഞ്ഞു.
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഞാൻ നേരിട്ട ആദ്യത്തെ തിരിച്ചടി. പക്ഷേ ഞാൻ തളർന്നില്ല. പണ്ടേ നമ്മളങ്ങനാ, പ്രതിസന്ധികളിൽ തളരാറില്ല. എത്ര മിനക്കെട്ടിട്ടായാലും കിട്ടാനുള്ള തല്ല് ഇരന്ന് വാങ്ങിയിരിക്കും.
വിസിലടിക്കേണ്ടവരൊക്കെ പാക്കിസ്ഥാനിലേക്ക് പോണമെന്ന് അമ്മ കട്ടായം പറഞ്ഞതോടെ ഞാൻ വീടുവിട്ടിറങ്ങി. (എങ്ങോട്ട്? മുറ്റത്തോട്ട്. അല്ലാണ്ടെവിടെ പോവാൻ.). പിന്നങ്ങോട്ട് പരിശീലനം വീടിനുവെളിയിലാക്കി. ഓൺ ദി ഫീൽഡ് ട്രെയിനിംഗ്.
കക്ഷത്തൊരു ബാഗും അതില്‌ ഫുള്ള് കടലാസും കഷ്ടപ്പെട്ട് കളക്റ്റ് ചെയ്ത ബസ്സ് ടിക്കറ്റുകളുമൊക്കെയായി രാവിലെ തന്നെ തുടങ്ങും. പറമ്പിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഓട്ടം തന്നെ ഓട്ടം. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ഒക്കെ ഞാൻ തന്നെ. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡറിന്റെ അതിഭയാനകമായ ഒരു വേർഫീൽഡ് നവീന്‍, ഷാദി ..അങ്ങനെ പലപല ബസ്സുകളിലായി ഓരോ ദിവസം ഓരോ റൂട്ടിലാണ്‌ ഡ്യൂട്ടി. അങ്ങനെ ഒരു ദിവസം “തിരൂര്‍" ബസ്സ് തിരഞ്ഞെടുത്തു. പക്ഷേ കുറച്ചുദൂരം ചെന്നപ്പോ റൂട്ടിലൊരു കൺഫ്യൂഷൻ. ഡൗട്ട് ക്ളിയർ ചെയ്യാൻ വേണ്ടി ഓൺ ദി സ്പോട്ടിൽ സഡൻ ബ്രേയ്ക്കിട്ട് അമ്മയെ വിളിച്ചു. അമ്മയാണ്‌ നമ്മടെ അന്നത്തെ ഗൂഗിളും വിക്കിപ്പീഡിയയുമൊക്കെ.
രണ്ടുമൂന്ന് വിളി വിളിച്ചിട്ടും പക്ഷേ മറുപടിയൊന്നുമില്ല. അമ്മ അപ്പറത്തെ വീട്ടിലോ മറ്റോ പോയിരിക്ക്യാണ്‌. എന്നുവെച്ച് വണ്ടി നടുറോട്ടിലിട്ട് പോകാൻ പറ്റില്ലല്ലോ. നാളെ ലോകമറിയുന്ന ഒരു ബസ് കണ്ടക്ടറാവേണ്ട ഞാൻ അങ്ങനെയൊരു ഉത്തരവാദിത്തമില്ലായ്മ കാണിക്കാനോ? നോ, നെവർ. നിന്നിടത്തുനിന്ന് ഒരിഞ്ച് അനങ്ങാതെ, അമ്മ ലോകത്തെവിടെയാണെങ്കിലും കേൾക്കാവുന്ന ടൈപ്പ് ഒരു വിളിയങ്ങോട്ട് വിളിച്ചു.
“അമ്മേ......മ്മേ....മ്മേ....മ്മേ……മ്മേ……” (വിത്ത് എക്കോ).
വിളിച്ചുകഴിഞ്ഞപ്പഴാണ്‌ സംഗതി കുറച്ച് ഓവറായിപ്പോയെന്ന് മനസ്സിലായത്. വിളീന്ന് വെച്ചാ എമ്മാതിരി വിളി...!!! തൊട്ടടുത്ത പറമ്പില്‌ പുല്ലുതിന്നോണ്ടിരുന്ന ഒരു പശു ഞെട്ടിവെറച്ചിട്ട് കയറും പിടിച്ച് നിന്ന കുമാരേട്ടനേം വലിച്ച് നൂറേനൂറിൽ ഓടിയ ഓട്ടം പിന്നെ തമിഴ്നാട്ടിലോ മറ്റൊ എത്തിയിട്ടാണ്‌ നിർത്തിയത്. കുമാരേട്ടൻ പിന്നെ ട്രെയിനൊക്കെ കേറിയാണത്രേ തിരിച്ച് നാട്ടിലെത്തിയത്. എന്താല്ലേ…!!! (ഈ കഥയാണ്‌ പിന്നീട് കുമാരസംഭവം എന്ന പേരിൽ സിനിമയാക്കിയത്. ആ, അതുപോട്ട്. അതിനെക്കുറിച്ചൊക്കെ പിന്നെപ്പറയാം.)
എന്തായാലും സംഗതി കമ്പ്ളീറ്റായിട്ട് കയീന്നുപോയി. പത്ത് സെക്കന്റുകൊണ്ട് ഏതാണ്ടൊരു അഞ്ചുപത്താള്‌ അപ്പുറത്തൂന്നും ഇപ്പുറത്തൂന്നുമായി സ്പോട്ടിലെത്തി. ഞാനേതാണ്ട് കണ്ട് പേടിച്ച് കാറിക്കൂവിയതാണെന്നാണ്‌ സകലരും കരുതിയത്. പണിപാളി.
പടിഞ്ഞാറേ പറമ്പില്‌ പണിയെടുത്തോണ്ടിരുന്ന മാമൻ ഒരു പടികൂടി കടന്നുചിന്തിച്ചു. പാമ്പാണേലും പട്ടിയാണേലും കൊന്നിട്ടേ പോകൂന്നുറപ്പിച്ച് ഒരു വല്ല്യ വടീം കൊണ്ടാണ്‌ പുള്ളി വന്നത്.
ഒച്ചേം വിളിയുമൊക്കെ കേട്ട് അപ്പറത്തെ വീട്ടീന്ന് മതിലൊക്കെ ജമ്പ് ചെയ്ത് അമ്മയും ലൊക്കേഷനിലെത്തി. അങ്ങനെ ആകെമൊത്തം ആളും ബഹളോം.
അത്രേം ജനങ്ങളെ ഒറ്റയടിക്ക് പറ്റിക്കാൻ പോന്ന നുണ പറയാൻ മാത്രമുള്ള കുരുട്ടുബുദ്ധിയൊന്നും അന്നെനിക്ക് ഡെവലപ്പായിട്ടില്ലായിരുന്നു.
അങ്ങനെയൊടുവിൽ, “എന്താ, ആരാ? പാമ്പെവിടെ? പട്ടി കടിച്ചോ?” എന്നൊക്കെ ചോദിച്ച് ആകാക്ഷയോടെ നിക്കുന്ന ആ ജനക്കൂട്ടത്തെ ഞെട്ടിച്ചുകൊണ്ട്, മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ആ ചോദ്യം ഞാൻ അവർക്കുമുന്നിലേക്ക് എറിഞ്ഞുകൊടുത്തു.
“ഈ.... തിരൂര്‍ ബസ്സ്..... ചെമ്മാട് പോവോ???”
------------------------------------------------------------------------------
പിന്നെ എന്താ സംഭവിച്ചതെന്ന് വിശദീകരിച്ച് എഴുതണമെന്നുണ്ട്. പക്ഷേ കൃത്യമായിട്ടങ്ങോട്ട് ഓർമ്മ കിട്ടണില്ല.
(സ്ഥലങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട്)

ഹരിലാല്‍ എഴുതിയ ഒരു സൂപ്പര്‍ അനുഭവ കഥ 

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല