Skip to main content

50 വര്‍ഷം പിന്നിടുന്ന ഗള്‍ഫ് പ്രവാസം കേരളക്കരയില്‍ സാധ്യമാക്കിയ സാമൂഹിക-സാമ്പത്തിക വിപ്ളവം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തതാണ്. 60കളുടെ രണ്ടാംപാദത്തില്‍ അറേബ്യന്‍ മണല്‍ക്കാട്ടിലേക്ക് ആരംഭിച്ച മലയാളികളുടെ ജീവസന്ധാരണം തേടിയുള്ള നിലക്കാത്ത പ്രവാഹം നമ്മുടെ നാട്ടിന്‍െറ സമ്പദ്ഘടനയെ ആകമാനം പുതുക്കിപ്പണിതു എന്ന് മാത്രമല്ല, സമ്പത്തിന്‍െറയും ധന്യതയുടെയും അഭൂതപൂര്‍വമായ ഒഴുക്ക് സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളില്‍ പോയ നൂറ്റാണ്ടുകളില്‍ സ്വപ്നം കാണാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ കൊയ്യാന്‍ അവസരമൊരുക്കുകയും ചെയ്തു. ദാരിദ്ര്യവും പട്ടിണിയും ആത്യന്തിക രാഷ്ട്രീയ വിചാരധാരകളിലേക്ക് കേരളത്തിലെ ക്ഷുഭിതയൗവനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരുന്ന ഒരു കാലസന്ധിയിലാണ് അക്കരെ പച്ച തേടി പത്തേമാരികളില്‍ കയറി  ഒരു തലമുറ നാട്ടിന്‍െറ ഭാഗധേയം തിരുത്തിക്കുറിക്കുന്ന ജീവിതപരീക്ഷണങ്ങളിലേര്‍പ്പെട്ടത്. അരനൂറ്റാണ്ടുകൊണ്ട് നമ്മുടെ നാട്ടിന്‍െറ ശിരോലിഖിതം മാറ്റിയെഴുതിയ മലയാളികള്‍ വിരചിച്ച അറബിക്കഥ അലാവുദ്ദീന്‍െറ അദ്ഭുതവിളക്കുകളുടെ ഇന്ദ്രജാലംകൊണ്ടായിരുന്നില്ല, മറിച്ച് മരുഭൂമിയില്‍ ഒഴുക്കിയ ചോരയുടെയും വിയര്‍പ്പിന്‍െറയും ശക്തിയിലായിരുന്നു. അരനൂറ്റാണ്ട് മുമ്പ് നമ്മുടെ നാട് സന്ദര്‍ശിച്ച ഒരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം കേരളത്തിന്‍െറ മുഖച്ഛായയും ജനങ്ങളുടെ ജീവിതരീതിയും മനോഗതിയുമൊക്കെ പരിവര്‍ത്തിപ്പിച്ചത്  ഇവിടെ കെട്ടഴിഞ്ഞുവീണ ഏതെങ്കിലും രാഷ്ട്രീയപരിവര്‍ത്തനത്തിന്‍െറയോ സാംസ്കാരിക വിപ്ളവത്തിന്‍െറയോ സ്വാധീനശേഷികൊണ്ടായിരുന്നില്ല എന്ന് എല്ലാവരും സമ്മതിക്കും.
എന്നാല്‍, ഏത് കയറ്റത്തിനും ഒരിറക്കമുണ്ട് എന്ന പൊതുതത്ത്വം ഗള്‍ഫ്പ്രവാസത്തിന്‍െറ കാര്യത്തിലും ഗൗരവമേറിയ പുനര്‍വിചിന്തനങ്ങള്‍ അനിവാര്യമാക്കുന്നുണ്ട്. ധന്യതമുറ്റിനില്‍ക്കുന്ന നാടുകളിലെ ജീവിതപരിസരം നിറംപിടിപ്പിച്ച കേവല സ്വപ്നങ്ങളും സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ സഹജമായി പിന്തുടരുന്ന പൈശാചിക ചിന്തകളും ഗള്‍ഫുകാരന്‍െറയും കുടുംബത്തിന്‍െറയും ജീവിതതാളം പലവിധേന തെറ്റിച്ചിരിക്കയാണെന്ന സത്യം ഇനിയും മറച്ചുവെച്ചിട്ട് ഫലമില്ല. ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഒരു നാട്ടില്‍ എത്രയോ മലയാളികള്‍ ജീവിതപ്പെരുവഴിയില്‍ കൈകാലിട്ടടിക്കുകയാണെന്നും കടക്കെണിയില്‍ കുടുങ്ങിക്കിടക്കുകയുമാണെന്ന ഞെട്ടിപ്പിക്കുന്ന വര്‍ത്തമാനം ഇവിടെ മണിമാളികകളില്‍ കഴിയുന്ന കുടുംബമോ ബന്ധുക്കളോ അറിയണമെന്നില്ല. വിമാനം കയറി അവിടെ എത്തേണ്ടതേയുള്ളൂ അറബിപ്പൊന്ന് വാരിയെടുക്കാമെന്ന മിഥ്യാധാരണയാണ് ഇവിടെയുള്ളവര്‍ ഇപ്പോഴും കൊണ്ടുനടക്കുന്നത്. അക്കരെനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന പണത്തിന്‍െറ ഉറവിടമെന്തെന്നോ അത് ഏതുവിധത്തിലാണ് ക്രിയാത്മകമായി വിനിയോഗിക്കേണ്ടതെന്നോ നാളേക്കുവേണ്ടി വല്ലതും മാറ്റിവെക്കാന്‍ സാധിക്കുമോ എന്നൊന്നും ചിന്തിക്കാതെ  കോണ്‍ക്രീറ്റ് സൗധങ്ങളിലും ആര്‍ഭാട കാറുകളിലും ധൂര്‍ത്തിന്‍െറ മംഗല്യമാമാങ്കങ്ങളിലും കോടികള്‍ പൊടിപൊടിക്കുന്ന ജീര്‍ണതയിലാമഗ്നമായ ഒരു സംസ്കാരത്തിന് ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന മുന്നറിയിപ്പാണ് പരമ്പരയില്‍ തൊട്ടുകാണിച്ച അനിഷേധ്യപരമാര്‍ഥങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്. കടക്കെണിയിലകപ്പെട്ട പ്രവാസികള്‍ സ്വയം ജീവനൊടുക്കിയാണ് അവിവേകത്തിന്‍െറ ഋണബാധ്യത വീട്ടിക്കൊണ്ടിരിക്കുന്നതെന്ന് ഒൗദ്യോഗിക കണക്കുകള്‍ സമര്‍ഥിക്കുന്നു. മൂന്നുകൊല്ലത്തിനിടയില്‍ യു.എ.ഇയില്‍ മാത്രം 541 പേര്‍ ജീവനൊടുക്കിയിട്ടുണ്ടത്രെ. അതേസമയം, ഗള്‍ഫുകാരന്‍ കൊടുംപലിശക്ക് കടം വാങ്ങിയും വിശ്വസിച്ച കൂട്ടുകാരനെ വഞ്ചിച്ചും തണലേകിയ സ്പോണ്‍സറെ പറ്റിച്ചും സ്വരൂപിച്ച പണംകൊണ്ട് കെട്ടിപ്പൊക്കിയ 10-12 ലക്ഷത്തോളം മുന്തിയ വീടുകള്‍ താമസിക്കാനാളില്ലാതെ പ്രേതഭവനങ്ങളായി ഇവിടെ പൂട്ടിക്കിടക്കുകയാണെന്ന യാഥാര്‍ഥ്യം ഒരു സാമൂഹിക പ്രഹേളികയായി നമ്മെ പരിഹസിക്കുന്നു.
അരനൂറ്റാണ്ടുകൊണ്ട് വളര്‍ത്തിയെടുത്ത വികലമായ ജീവിതകാഴ്ചപ്പാടും  കടിഞ്ഞാണില്ലാത്ത ഉപഭോഗതൃഷ്ണയും തിരുത്താന്‍ സ്വയം ശ്രമിക്കുകയും യാഥാര്‍ഥ്യബോധത്തോടെ എല്ലാറ്റിനെയും സമീപിക്കാനുള്ള മാനസികകരുത്ത് ആര്‍ജിക്കുകയും ചെയ്യുക മാത്രമാണ് ഈ ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം. ഈ ദിശയില്‍ ഫലപ്രദമായ അവബോധം സൃഷ്ടിക്കാനും മാര്‍ഗദര്‍ശനം നല്‍കാനും സാമൂഹിക, മത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലതും ചെയ്യാനുണ്ടെന്നുകൂടി ഓര്‍മപ്പെടുത്തട്ടെ.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല