Skip to main content

ചുവന്നതെരുവിലെ വെളിച്ചം


ചുവന്നതെരുവിലെ വെളിച്ചം

"ഏക് വേശ്യ ബൻകർ മേ ഖുശ് ഹും!"

( ഒരു വേശ്യ യായി ജീവിക്കുന്നതിൽ ഞാൻ വളരെ സന്തോഷ വതിയാണ് )

രുദ്ര യെ ഓർമ്മ വരുന്നു…

അവൾ ഇപ്പോൾ എവിടെയായിരിക്കും?

വെളുത്തുമെലിഞ്ഞ ആ ഇരുപത്തിനാല് കാരിയുടെ ശരീരം തടിച്ച് ഇപ്പോൾ വലിയൊരു സ്ത്രീയായിക്കാണുമോ?അതോ എന്തെങ്കിലും അസുഖം ബാധിച്ച് കിടപ്പിലായിരിക്കുമോ?അതോ കുടുംബവും കുട്ടികളുമായി പുതിയൊരുജീവിതമായിക്കാണുമോ?

മുബൈയിൽ നിന്നുള്ള സുഹൃത്തുകളെ കാണുമ്പോഴും അവിടേക്കുള്ള എയർ റൂട്ട് ഫ്ലൈറ്റ് ഓപ്പറേഷനിലിരുന്ന് ഷെഡ്യൂൾ ചെയ്യുമ്പോഴും ഇടയ്ക്ക് വെറുതെയെങ്കിലും ഞാൻ രുദ്ര യെ ഓർക്കാറുണ്ട്.

ഏട്ട് വർഷങ്ങൾക്ക് മുമ്പ്.....

ജീവിതത്തിലെ കർത്തവ്യത്തെ തേടി മുറിവാർന്ന പ്രണയത്തിൻ്റെ ഓർമ്മകൾ ഒരു ബാണ്ട ക്കെട്ടിലാക്കി നാട്ടിൽ തന്നെ കുഴിച്ചു മൂടി കൊണ്ട് മുംബൈയിലെത്തി. ദൈനംദിന തോൽവിയുടെയും നിരാശയുടെയും വിശപ്പിന്റെയും കാഠിന്യത്തിൽ ഹാജി അലി ദർഗയിലേക്കുള്ള കടൽപ്പാലത്തിൽ തളർന്നിരുന്നപ്പോൾ

അത്തറിന്റെ സുഗന്ധം വീശുന്ന തൂവാല കൊണ്ട് എൻ്റെ വിയർപ്പ് ഒപ്പിയും,, പപ്പിതാ റാസും ഉറുമാലി റൊട്ടിയും വാങ്ങിത്തന്ന് എൻ്റെ വിശപ്പകറ്റിയും,സർവ്വ ശക്തൻ തുണയുണ്ട് കുഞ്ഞേ എന്ന് നെറ്റിയിൽ മന്ത്രിച്ച് ഊതിയും അദ്ദേഹത്തിന്റെ കൈയ്യിലെ ദസ്ബിയും എന്റെ ഉള്ളം കയ്യിൽവെച്ചുതന്ന് ഭർഗ്ഗയിലെ മണ്ഡപത്തിൽ വിശ്രമിക്കാൻ അനുവദിച്ച ഇമാം അബൂബക്കർ അൻസാരിയെന്ന നന്മയുടെ വിശുദ്ധപ്രകാശത്തിനെ ഞാനിവിടെ സ്മരിക്കുകയാണ്…അങ്ങേയെ ജീവിതത്തിൽ ഞാൻ എന്നും ഓർമ്മിച്ചിരിക്കും.....

എന്റെ ജീവിതം വ്യത്യസ്ത തരത്തിലുള്ള ദുഷിച്ച അനുഭവങ്ങളുടെ ഘോഷ യാത്രയായിരുന്നു. അവിടെ നിന്ന് ആ വയോധികൻ തിരിച്ച് പോകുമ്പോൾ "ഹുദാ ഹാഫീസ് ബേട്ടാ" എന്ന് പറഞ്ഞ് ആലിംഗനം ചെയ്ത് പോക്കറ്റിലേക്ക് വെച്ച നോട്ടുകൾക്കും പ്രതീക്ഷകളുടെ നനുത്ത ഗന്ധമായിരുന്നിരികണം….

അന്ന് കണ്ണുകളിലേ ക്ഷീണത്തിന്റെ തിരശ്ശീല മാറിയപ്പോൾ ദർഗ്ഗയിലെ പുകയുന്ന ചന്ദരത്തിരിയുടെയും കുന്തിരിക്കത്തിന്റെയും സുഗന്ധം, നാഡി ഞരമ്പുകൾ വീണ്ടും ഉപബോധ മനസ്സിനെ ഉണർത്തി..അറേബ്യൻ കടലിനാൽ ചുറ്റപ്പെട്ട കരിങ്കൽ തുരുത്തിൽ വെണ്ണക്കല്ലിൽ തീർത്തൊരു ദർഗ... ഇവിടെയാണ് പീർ ഹാജി അലി ഷാ ബുഖാരി എന്ന ഇസ്ലാം മത പ്രചാരകൻ അന്ത്യവിശ്രമം കൊള്ളുന്നത്.കടലിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏക ദർഗയാണെന്ന വിശേഷണവും ഇതിനുണ്ട്.ആർത്തിരമ്പുന്ന തിരമാലയുടെ നനവിൽ അരക്കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഒരു കടൽപ്പാലം...ഇരു വശത്തും ഊദിന്റെയും അത്തറിന്റെയും സുഗന്ധം നിറച്ചു കൊണ്ട് വിശ്വാസികളെ കാത്തിരിക്കുന്ന വഴിയോര കച്ചവടക്കാർ .. ജാതി ഭേദമെന്യേ ആഗ്രഹ സാഫല്യം തേടി ദർഗ സന്നിധിയിലേക്ക് നടന്നുകയറുന്ന അനേകം വിശ്വാസികൾ…നനഞ്ഞ കണ്ണുകളുമായി ആശ്വാസത്തിനെത്തുന്ന വരാണ് കൂടുതൽ.

ചിലരുടെ കൈയ്യിൽ മക്ബറയിൽ സമർപ്പിക്കാനുള്ള ചുവന്ന റോസാ പൂക്കളും പല തരം പട്ടുകളും കാണാം.. ഒരു പക്ഷേ അവരുടെ ആഗ്രഹങ്ങൾ പൂവണിഞ്ഞതു കൊണ്ടാകാം. ആഴക്കടലിൽ അസ്തമിച്ച എന്റെ പ്രണയം തിരിച്ചു കിട്ടുമെങ്കിൽ ഇന്ന് ഞാനും സമർപ്പിക്കുമായിരുന്നു.... രക്തത്തിൻ നിറമുള്ള ഒരായിരം ചുവന്ന റോസാ പൂക്കൾ.ആർത്തിരമ്പുന്ന അലകളെ പോലെ മറ്റു ചിലർ ദുരിതമേറുന്ന ജീവിതത്തിൽ നിന്ന് കരകയറാൻ വേണ്ടി കണ്ണിനെ ഈറനണിയിച്ചു കൊണ്ട് മുട്ടുകുത്തി നമസ്കരിക്കുന്നു... വിപത്തിൽ നിന്ന് രക്ഷ നേടാൻ മന്ത്രിച്ചും ആശീർവദിച്ചും ദർഗ്ഗ ഖാദീമുകൾ. ആത്മീയതയിലേക്കുള്ള ധ്യാനത്തിൽ മുഴുങ്ങിയിരിക്കുന്ന ചില ഫക്കീറുമാരെയും അവിടെ കാണാമായിരുന്നു.. പക്ഷേ എന്നോ മഖ്ബറയിൽ നിന്നെല്ലാം എൻ്റെ വിശ്വസം നഷ്ടപ്പെട്ടിരുന്നു.

സായംസന്ധ്യയിട്ട മെഹന്തി ആഴിയിൽ അഴിഞ്ഞു തുടങ്ങിയപ്പോൾ അവിടെ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലിലേക്ക് ബദ്ധ ശത്രുക്കള പോലെ തിരകൾ ചീറിയടുക്കാൻ തുടങ്ങി. അലകൾ ഇരച്ചുകയറുന്ന കരിങ്കല്ലിലിരുന്നു കൊണ്ട് ഞാൻ ഭാവിയെയും ഭൂതത്തെയും ഒരുപോലെ നോക്കി കണ്ടു. . ഈ സാഗര സുന്ദരിയുടെ ആഴങ്ങളിലേക്ക് താഴ്ന്ന് അവസാനമൊരു പൊങ്ങുതടിയായി ഉയർന്ന് അവളുടെ മാറിൽ ഒഴുകിയാലോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എവിടെ നിന്നോ കവ്വാലി സംഗീതത്തിൻ്റെ ഈരടികൾക്കൊപ്പം തബലയുടെയും ഹാർമോണിയത്തിൻ്റെയും ആരവം കാതുകളിൽ പ്രതിധ്വനിച്ചത്. എവിടെ നിന്നാണെന്നറിയാൻ അന്വേഷിച്ചു ചെന്നപ്പോൾ നേരത്തെയിരുന്ന വിശ്രമസ്ഥലം കവ്വാലി സംഗീത സദസ്സായി മാറിയിരിക്കുന്നു... മുതറബിന്മാരുടെ ഹാർമോണിയത്തിൽനിന്നും തബലയിൽ നിന്നുമുയരുന്ന സംഗീതം ഓർമ്മകളിൽ തട്ടി കണ്ണുകളെ വിയർപ്പിച്ചു. അംജത് സാബ്രി, ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാനെ പോലെയുള്ളവരുടെ വിറയാർന്ന ശബ്ദത്തിൽ സൂഫി പാരമ്പര്യത്തിലുള്ള ഗസലുകൾ മുതറബീന്മാർ കൈകൊട്ടി പാടുമ്പോൾ ഒരു നിമിഷം നനവാർന്ന മിഴികൾ എന്നെ മറ്റൊരു ലോകത്തേക്ക് പറിച്ചു നട്ടു... പിന്നീട് കണ്ണുകൾ തുറക്കുമ്പോൾ നിലാവ് വിടർന്ന രാവിനും ചെറിയ അലകളടിക്കുന്ന കടലിനും സമാധാനത്തിൻ്റെ നിറമായിരുന്നു.. എത്ര അലഞ്ഞിട്ടും കിട്ടാതിരുന്ന സമാധനം എന്നിൽ ഇപ്പോൾ പെയ്തിറങ്ങിയിരിക്കുന്നു.. ആ ഹാർമോണിയത്തിൻ്റെ മുകളിൽ ഒരു പത്ത് രൂപ നോട്ട് വെച്ചു കൊടുത്ത് അവിടെ നിന്ന് പടിയിറങ്ങുമ്പോൾ വീണ്ടും അതിൻ്റെ ഈരടികൾ അന്തരീക്ഷത്തിൽ ഉയർന്നു കേട്ടു . അവർക്കിനിയും വിറയാർന്ന ശബ്ദത്തിൽ പീർ ഹാജി അലിയുടെ മഹത്വം പാടാതിരിക്കാൻ വയ്യ. എണ്ണി കിട്ടുന്ന നാണയ തുട്ടുകൾ കൊണ്ടും പത്ത് രൂപ നോട്ടുകൾ കൊണ്ടു വേണം മൂന്നുനാല്‌ കുടുംബങ്ങളുടെ വയറ് നിറയ്ക്കാൻ….

ആ പ്രയാണത്തിൽ എൻ്റെ മുന്നിലേക്ക് ഒരു അനുവാദം പോലും ചോദിക്കാതെ കടന്നു വന്ന മറ്റൊരു മുഖമാണ് രുദ്ര ..ജീവിതം കുറെ ജീവിച്ചു തീർന്നപ്പോഴാണ് അനുഭവ കാഴ്ച്ചകളിൽ നിന്നും ഞാൻ പല പാഠങ്ങളും ഉൾകൊണ്ടു തുടങ്ങിയത്..ഇന്ന് എന്റെ ഓർമ്മകൾക്ക് കനം കൂടി വരികയാണ് കൂട്ടിന് എവിടെയൊക്കെയോ ബാക്കിയായ നൊമ്പരങ്ങൾ ശ്രുതി നീട്ടുന്നു. അവസാന പ്രതീക്ഷയായ ഒമാൻ എയർവേഴ്സിന്റെ ഇന്റർവ്യൂവും പരാജയം ഏറ്റുവാങ്ങി കാമാത്തിപ്പുരയുടെ അടുത്തുള്ള ക്രോസ് മൈദാൻ ഗാർഡനിലെ ഏതോ ബെഞ്ചിൽ നിരാശയുടെ മുഖമൂടിയണിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യങ്ങളും ചിന്തകളുമായി നഷ്ട്ടപ്പെട്ടവരുടെ വിലാപങ്ങള്‍ക്ക്‌ നടുവിൽ പാഴ്മരമായി വേരിറങ്ങിയിരിക്കുന്ന നേരം..

ചാറ്റൽ മഴ മാറിയതോടെ പൂമ്പാറ്റകളുടെ പരാഗണവും പൂക്കളുടെ വർണ്ണ ശോഭകളും കണ്ട് അതിൽ ലയിച്ചിരുന്നു ആ പാർക്കിൽ .എനിക്കെതിരെ വശത്തുള്ള ബെഞ്ചിൽ മടിയിലൊരു കറുത്ത ഹാൻഡ് ബാഗുമായി പഴയ നോക്കിയ മൊബൈലിൽ ആരോടോ സംസാരിച്ചുകൊണ്ട് ഇടയ്ക്ക് എന്നെ നോക്കി കൊണ്ടിരുന്ന ചുണ്ടിൽ ചുവന്ന ചായം തേച്ച ഒരു വെളുത്ത് മെലിഞ്ഞ നോർത്ത് ഇന്ത്യൻ സുന്ദരിയും ഉണ്ടായിരുന്നു.. അവളുടെ മുഖശ്രീ എടുത്തു പറയേണ്ട ഒന്നു തന്നെയാണ്..

ഫോൺ കട്ട് ചെയ്തത്തിനു ശേഷം അവൾ എന്നെ നോക്കി വശ്യമായി ചിരിച്ചു.. അതു കണ്ട് ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി ..ഇല്ല പിന്നിലാരുമില്ല... ആ ചിരി എനിക്കു സമ്മാനിച്ചത് തന്നെ. അത് കണ്ട് വീണ്ടും അവൾ ചിരിച്ചപ്പോൾ ഒരു ഇറുകിയ ചിരി അവൾക്കു നേരെ ഞാനും നീട്ടി…ഒന്നുമില്ലത്തവന് എന്നും ആരോടും ഒരു പുഞ്ചിരി സമ്മാനിക്കാനുള്ള കഴിവ് ഞാൻ നേടിയെടുത്തിരിക്കുന്നു.

അപ്പോഴാണ് മഴ വീണ്ടും എത്തിയത്... അവൾ ബാഗിൽനിന്നൊരു കറുത്ത കുടയെടുത്തു ചൂടിക്കൊണ്ട് അവിടെ നിന്നെഴുന്നേറ്റു. ഞാനപ്പോഴും ആ ഇരുമ്പ് ബെഞ്ചിരുന്ന് മഴ നനയുകയായിരുന്നു. അവൾ രണ്ടടി നടന്നതിനു ശേഷം ദയനീയ ഭാവത്തിൽ മഴയിൽ കുതിരുന്ന എന്നെ നോക്കികൊണ്ട് എൻ്റെരികിലേക്ക് വന്നു.

അജാവോ ബീഗോ മത് ( വരൂ നനയണ്ട )

നഹി ..തും ജാവോ ബഹൻ

അവളുടെ മധുരമായ ശബ്ദത്തിൽ എന്നോട് വീണ്ടും ആരാഞ്ഞു.

ഭായ്, ക്യാ തും കിസി കാ ഇന്തസാർ കർ രഹേ ഹോ?

(ആരെയെങ്കിലും കാത്തിരിക്കുവാണോ )

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഹാ. ,കിസ്മത്ത് കാ (അതേ.........ഞാൻ വിധിയെ കാത്തിരിക്കുകയാണ്)

ആ ,മറുപടി കേട്ട് അവളൊന്ന് അമ്പരുന്നു.ചിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖം പെട്ടെന്ന് വാടി.....

അതിനു ശേഷം എനിക്കു നേരെ കുട ചൂടി…

എനിക്ക് മഴ നനയാനാണ്, ഇഷ്ടം, ബോബ് മാർലിയുടെ വരികൾ കേട്ടിട്ടില്ലേ?

മഴയെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ കുടയുടെ ആവശ്യം എന്തിനാണ്?

അതു കൊണ്ട് ഈ കുടയിലെ സുരക്ഷിതം എനിക്കു വേണ്ട ..

(എൻ്റെ ഭ്രാന്തമായ ചിരിയും വരികളും കേട്ടിട്ട് അവൾ വീണ്ടും അന്ധാളിച്ചു)

തും പാഗൽ ഹോ ക്യാ? (നിനക്ക് വട്ടാണോ)

( വീണ്ടും ഞാൻ ചിരിച്ചു)

അവൾ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് അവിടെ നിന്ന് നടന്നു നീങ്ങി .. പക്ഷേ മഴമാറിയപ്പോൾ ബൂമറാംഗ് പോലെ അവൾ വീണ്ടും എൻ്റെ അരികിലേക്ക് തിരിച്ചു വന്നു

ഇരിപ്പിടത്തിലുണ്ടായ വെള്ളം അവളുടെ പൂക്കൾ ചിത്രമുള്ള തൂവാല കൊണ്ട് തുടച്ച് കൊണ്ട് എൻ്റെരികിൽ ഇരുന്നു..

ഞാൻ രുദ്ര ,, ഇവിടെ 15 ലൈൻ കാമാത്തിപ്പുര ഫരാസ് റോഡിലെ അപ്പാർട്ട്ന്റിമെന്റിലാണ് താമസം, ജോലിയെന്നു പറയാൻ കാശ് തന്നാൽ ആരുടെ കൂടെയും കിടക്കും.. അതേ വേശ്യ തന്നെ..

ഓ,

മഴയായതു കൊണ്ടാണ് ഇന്നിവിടെ ആരെയും കാണാത്തത്

നിങ്ങൾക്ക് താൽപ്പര്യം ഉണ്ടോ?

എന്തിന്

സെക്സ് കേ ലിയെ?

അങ്ങനെ തുറന്നു പറഞ്ഞതിൽ അവളെ കുറ്റം പറയാനൊക്കില്ല, എന്റേത് വിശന്ന് കാഞ്ഞൊട്ടിയ വയറാണെങ്കിലും വേഷവിധാനങ്ങളും സർട്ടിഫിക്കേറ്റ്സ് സൂക്ഷിച്ച ലെതർ ബാഗും കണ്ടപ്പോൾ ഏതോ ബിസിനസ്സ്കാരനായിരിക്കുമെന്ന് അവൾ കരുതി കാണണം.. ഞാനെന്ന.... ഖസാക്കിന്റെ ഇതിഹാസത്തെ... അവൾക്കറിയില്ലലോ ..

ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു എന്നെ കണ്ടാൽ അതിനു താൽപ്പര്യമുള്ളവനാണോന്ന് തോന്നുന്നുണ്ടോ?

അതിനെന്തിനാ ചിരിക്കുന്നേ.. എന്താ നിങ്ങൾ മനുഷ്യൻ തന്നെയല്ലേ? വികാരം മനുഷ്യനുള്ള അനുഭൂതിയല്ലേ.?

ഞാൻ ചിരിച്ചത് എന്റെ തന്നെ ഒരു കാര്യം ആലോചിച്ചിട്ടാ: ബഹൻ...

എപ്പോഴും കൂടെയുണ്ടാവുമെന്ന് കരുതി സ്നേഹിച്ചവളെ പാതിവഴിപോലും ആവാതെ എന്നെ ഉപേക്ഷിച്ചിട്ട് പോയി അതോടെ ഉണ്ടായിരുന്ന ജോലിയും ജീവിതവും പ്രതീക്ഷകളെയുമെല്ലാം ഇരുട്ടിലെറിഞ്ഞു, ഇപ്പൊ കയ്യിൽ ഉള്ളത് ലോണുകളുടെ EMI അടക്കാനുള്ള ഒരിക്കലും തീരുമെന്ന് പ്രതീക്ഷ യില്ലാത്ത കട ബാധ്യത യാണ്.... കൂടെ നീ ചോദിച്ച വികാരവും നഷ്ടമായി..

പിന്നീട് നഷ്ടമായ ആ ജീവിതത്തെത്തേടി ഒട്ടിയ വയറുമായി ഓരോ ദേശത്തും പറവയാകാൻ തുടങ്ങിയിട്ട് ഒത്തിരിയായി ഒരു നേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെടുന്നവനാണ് ആയിരങ്ങൾ വിലമതിക്കുന്ന തന്റെ ശരീരത്തെ എനിക്ക് വില്‍ക്കാൻ ശ്രമിക്കുന്നത്…നിന്നെ പ്രാപിക്കാതെ സഹായിക്കണമെന്നുണ്ട് എനിക്ക്.... ..

മേരേ പാസ് കാം നഹി ഹേ, പൈസ നഹി ഹേ മേരേ ഹാത്ത് മേ കുച്ച് നഹി ഹേ…

(എനിക്ക് ജോലിയില്ല, പൈസയില്ല, ഒന്നും തന്നെ എൻ്റെ കൈയ്യിലില്ല..ഞാനും ഒന്നുമില്ലാത്തവൻ തന്നെ.. യാണ് !

മേം ഗരീബ് മദ്രാസ്സി ആദ്മി ഹൂ (ഞാനൊരു ദരിദ്രവാസിയാ സൗത്ത് ഇന്ത്യനാടോ...... ഇരുന്ന ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് കൊണ്ടു കടലിലേക്ക് നോക്കി കൊണ്ടു പറഞ്ഞു..... )

പിന്നെയുള്ളത് ആർക്കും വേണ്ടാത്ത സർട്ടിഫിക്കേറ്റുകൾ മാത്രമാണ്.

ഉം,

അതു കേട്ടവൾ ഒന്നു മൂളുക മാത്രം ചെയ്തു.

പ്രതീക്ഷ നഷ്ടപ്പെട്ടു തല താഴ്ത്തി നിന്നവളെ ഞാൻ കുറച്ചുനേരം നോക്കി നിന്നു . . ....

പതുക്കെ അവൾ എന്നോട് ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. അപൂർണ്ണമായ ഉത്തരങ്ങൾ അവൾക്ക് തിരിച്ചും നൽകി.. ഞാൻ തിരിച്ച് ചോദിക്കുമ്പോൾ പാതി ഉത്തരമേ എനിക്കും അവൾ നീട്ടിയതുള്ളൂ.. കുറച്ചു കഴിഞ്ഞപ്പോൾ ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടിയ രണ്ട് സുഹൃത്തുക്കളെ പോലെയായി സംസാരം... അപരിചിതർ എന്ന പദത്തിന് അകലം ചെറുതായി കുറഞ്ഞു വന്നു.

സന്ധ്യ മയങ്ങുന്നതിനു മുമ്പ് ഈ ദരിദ്രനെ വിട്ട് നിനക്ക് വേറെ ഒരാളെ തേടിക്കൂടേ?

എന്റെ ചോദ്യം കേട്ട് പെട്ടെന്ന് അവൾ പുച്ഛത്തോടെ എന്റെ മുഖത്ത് നിന്ന് കണ്ണുകളെടുത്തു.

ഒന്നും വിചാരിക്കേണ്ട അല്ലെങ്കിൽ നീയും എന്നെ പോലെ അത്താഴ പട്ടിണി കിടക്കേണ്ടി വരും. അതു കൊണ്ട് പറഞ്ഞതാ...

ഉം

തനിക്ക് അത്യാവശ്യം സൗന്ദര്യമെല്ലാം ഉണ്ടല്ലോ? വല്ല സെയിൽസ്ഗേളായോ കോൾ സെൻ്ററിലോ ജോലി ചെയ്ത് ജീവിച്ചൂടെ…

രൂക്ഷത്തോടെ എന്നെ നോക്കി കൊണ്ടവൾ പറഞ്ഞു

എന്തിന് ?ഈ ലോകം എന്നെ പഠിപ്പിച്ചത് പണമാണ് എല്ലാറ്റിലും വലുതെന്നാണ്... എന്നെ ഇങ്ങനെയാക്കിയത് ഈ ഗുനി സമാജ് (ബ്ലഡി സൊസൈറ്റി ) അല്ലേ? ..

ആരോഗ്യം ഉള്ള കാലം വരെയും .ഈ ജീവിതം ഇങ്ങനെ തീരട്ടെ .. ഇതൊരു സ്വയം പക പോക്കലാണ്...അവസാനം ചോരയും നീരും വറ്റുമ്പോൾ ഭിക്ഷയെടുത്തു ജീവിക്കും.. അത്രയുള്ളു.

നിങ്ങൾ കുറച്ചു മുമ്പ് പറഞ്ഞ പ്രണയം, സ്നേഹം, അനുകമ്പ, നല്ല ജോലി എന്താണ് അതിലുള്ളത് എന്നെപ്പോലെയുള്ളവർക്ക് അത് കേൾക്കുമ്പോഴേ ദേഷ്യമാണ്.

അവളുടെ ഉള്ളിൽ നീറുന്ന തീക്കനലിൽ മുഖത്തു പൂശിയ ചെറു ചായം വരെ വിളർന്നു.

ഇന്നെനിക്ക് ഇരുപത്തിനാല് വയസ്സുണ്ട്.. ചിലപ്പോൾ

ദിവസം രണ്ടോ മൂന്നോ പുരുഷന്മാരുടെ സംതൃപ്തി തീർക്കാൻ കിടന്നു കൊടുക്കേണ്ടി വരും, പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് പത്തിലധികം പേരുടെ കൂടെ ദിവസവും കിടക്കേണ്ടി വന്നിട്ടുണ്ട് അതിൽ ഉന്നതോദ്യോഗസ്ഥർ മുതൽ ഭിക്ഷാടകർ വരെ ഉണ്ടായിരുന്നു.

ഭായ്, ഒന്ന് മനസ്സിലാക്കണം ,ഒരാളും വേശ്യയായല്ല ജനിക്കുന്നത് അതുപോലെ വേശ്യയായി അല്ല ഞാനും ജനിച്ചത്‌, പെട്ടെന്നുള്ള ജീവിത സൗഭാഗ്യങ്ങളെ തേടി ഈ ജോലിക്കിറങ്ങിയതുമല്ല.. സാഹചര്യം കൊണ്ടും ഈ പണിക്കിറങ്ങിയവളുമായിരുന്നില്ല. ഒരു നല്ല ജീവിതം സ്വപ്നം കണ്ടു ജീവിച്ചു.. പക്ഷേ വിധിയുടെ പിന്നിലെ ചതിക്കുഴികൾ എന്നെ ഇവിടെ എത്തിച്ചു.. എല്ലാ വേശ്യകൾക്കും പറയാനുണ്ടാകുന്നത് പോലെയുള്ള വൈകാരികമായ ഒരു കഥ എനിക്കും ഉണ്ട്.. കേൾക്കാൻ സമയം ഉണ്ടോ താങ്കൾക്ക്?

എൻ്റെ കൈയ്യിൽ നിനക്ക് തരാൻ അതേയുള്ളൂ രുദ്ര.... .. നീ പറഞ്ഞോളൂ.......

ഞാൻ ജനിച്ചത് ഗുജറാത്തിലെ സൂറത്തിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു.. ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ടു... അച്ഛന് കെട്ടിടം പണിയായിരുന്നു.എന്നാലും എല്ലാറ്റിനും ഒരു വിളക്കായി അച്ഛനുണ്ടായിരുന്നു. പക്ഷേ വിധി ഏട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനെയും തട്ടിയെടുത്തു.. കെട്ടിടത്തിൽ നിന്ന് കാലുതെന്നി താഴെ വീണു അച്ഛനും മരിച്ചു…അങ്ങനെ അയൽ വീട്ടുകാരുടെ കരുണയിൽ ജീവിക്കുമ്പോഴാണ് ദൈവത്തെപ്പോലെ അച്ഛന്റെ അകന്ന ബന്ധത്തിരൊൾ വരുന്നത്. അച്ഛൻ മരിച്ചപ്പോൾ പോലും അയാൾ വന്നിട്ടില്ലായിരുന്നു. അയാൾ അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞ് എൻ്റെ മുന്നിൽ ഒത്തിരി കരഞ്ഞു... ക്ഷമ ചോദിച്ചു... എനിക്ക് അദ്ദേഹത്തെ പൂർണ്ണ വിശ്വാസമായി. ഒരു മാസത്തിനുള്ളിൽ അയാൾ എൻ്റെ വീടു വിറ്റ് എന്നെ അദ്ദേഹത്തിൻ്റെ കൂടെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.പക്ഷേ ഞാൻ കരുതിയതു പോലെ അയാൾ ദൈവമായിരുന്നില്ല ഒരു പിശാചായിരുന്നു. ആദ്യത്തെ ഒരു വർഷം കുഴപ്പമില്ലാതെ കടന്ന് പോയി.. രാത്രിയിലെ വീടുജോലിയും വസ്ത്രങ്ങൾ അലക്കിയും അമ്മായിയെ സഹായിച്ചും അവരുടെ ചെറിയ മകനെ എടുത്ത്നടന്നും ദിവസങ്ങൾ തള്ളി നീക്കി.. സ്കൂളിൽ ഇടക്കെ പോകാൻ കഴിഞ്ഞിരുന്നുള്ളു എങ്കിലും ഞാൻ പഠിക്കാൻ സമയം കണ്ടെത്തിയിരുന്നു........ അതു കൊണ്ട് ആരോടും ഒന്നിനും പരിഭവമില്ലായിരുന്നു. അവരൊക്കെ ഉണ്ടാകുമ്പോൾ ആരൊക്കെയോ സ്വന്തമായി ഉള്ളതുപോലെയുള്ള തോന്നലായിരുന്നു.......

പത്തിൽ പഠിക്കുമ്പോൾ ഞാൻ കണ്ട ആ ദൈവത്തിൻ്റെ സ്വഭാവം മാറാൻ തുടങ്ങി.ഒരിക്കൽ അയാളുടെ ഭാര്യ വീട്ടിലില്ലാത്തപ്പോൾ എന്നെ കയറി പിടിച്ചു.. അയാളുടെ ഉരുക്ക് പോലെയുള്ള കൈപിടിയിൽ നിന്നെനിക്ക് കുതറി മാറാൻ കഴിഞ്ഞില്ല.. അയാൾ എന്നെ പിച്ചി ചീന്തി.. മാനസികമായും ശാരീരകമായും ഞാനാകെ തളർന്നുപോയി. .. അന്ന് ഇത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അച്ഛനെപ്പോലെ കണ്ട ഒരാളുടെ അരികിൽ നിന്ന് ഇങ്ങനെയൊരു നീചമായ പെരുമാറ്റം ഞാൻ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ലായിരുന്നു.. . അതുകൊണ്ട് തന്നെ അയാൾ ശരീരത്തിലെ പല ഭാഗങ്ങളിൽ എൽപ്പിച്ച മുറിവിനേക്കാൾ പത്ത് മടങ്ങായിരുന്നു എൻ്റെ മനസ്സിനേറ്റ മുറിവ്.എവിടേക്കും പോകാൻ ഇടമില്ലാത്ത ഞാൻ അയാളുടെ ഭീഷണിക്ക് മുന്നിൽ പലപ്പോഴും വഴങ്ങി കൊടുത്തു... പത്താം ക്ലാസ് പോലും പൂർത്തിയാക്കാൻ എനിക്ക് സാധിച്ചില്ല.. കുറച്ചു കാലം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി എൻ്റെ അടിവയറ്റിൽ അയാളുടെ പേവിത്ത് ചുരുണ്ടുറങ്ങുന്നുണ്ടെന്ന്... ഈ കാര്യം അയാളുടെ ഭാര്യ അറിഞ്ഞപ്പോൾ എന്നെ പൊതിരെ തല്ലി. അവസാനം ആ വിഷവിത്തിനെ അവർ തന്നെ നശിപ്പിച്ചു തന്നു.…പിന്നെ അവർ എന്നെ തനിച്ചാക്കി ആ വീട്ടിൽ നിന്ന് എവിടേക്കും പോയില്ല.

മൂന്നുമാസം കഴിഞ്ഞപ്പോൾ മുംബൈയിൽ എനിക്ക് ജോലി ശരിയായിട്ടുണ്ടെന്നു പറഞ്ഞു അയാളുടെ ഒരു സുഹൃത്ത് വീട്ടിൽ വന്നു .. ഈ നരകത്തിൽ നിന്ന് അങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന വിശ്വാസത്തിൽ അയാളുടെ കൂടെയിറങ്ങി.. പക്ഷേ ആ വിശ്വാസത്തിന് പത്ത് മണിക്കൂറെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. എല്ലാവരും ചേർന്ന് ചതിച്ചതാണെന്ന് പിന്നീട് മനസ്സിലായി.അയാൾ എന്നെ കൊണ്ട് നടന്നു കയറിയത് കാമാത്തിപ്പുരയിലെ ഒരു തടിച്ച സ്ത്രീയുടെ വീട്ടിലേക്കായിരുന്നു. അവിടെ എന്നെ കൂടാതെ ഒത്തിരി പെൺകുട്ടികളുണ്ടായിരുന്നു. പക്ഷേ അവരെല്ലാം എന്നെ വളരെ ദയനീയമായിട്ടായിരുന്നു നോക്കിയത്... അതൊരു വ്യഭിചാരശാലയാണെന്ന് താമസിയാതെ എനിക്ക് മനസ്സിലായി.രണ്ട് ദിവസം എന്നയാരും ഒന്നും ചെയ്തില്ല.. പിന്നീട് അവർ നിർബന്ധിക്കാൻ തുടങ്ങി. ഒപ്പം ഉള്ളവർതന്നെ പറഞ്ഞു തുടങ്ങി, ഇനി ഇപ്പോഴൊന്നും പുറത്ത് കടക്കാൻ കഴിയില്ല.. ശ്രമിച്ചാൽ അവർ ക്രൂരമായി മർദ്ദിക്കും, അവർ പറയുന്നതുപോലെ നിന്നില്ലെങ്കിൽ കൊന്നു കളയാനും മടിക്കില്ലാന്ന് കേട്ടപ്പോൾ ഞാൻ തളർന്നു…മരിക്കാനുള്ള പേടിയിൽ ദൈവത്തെയും എൻ്റെ ജീവിതത്തെയും വെറുത്തു കൊണ്ട് ഞാൻ അവരെ അനുസരിച്ചു. ..ഈ ജീവിതത്തിൽ ഇനി ഞാൻ എന്ത് നേടാൻ.. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തത്തുകൊണ്ട് ഇനി ആരെയും പേടിയില്ലാതെ ജീവിക്കാമല്ലോ... പെണ്ണിൻ്റെ ധൈര്യമെന്ന് പറയുന്നത് അവൾ പവിത്രമായി സൂക്ഷിക്കുന്ന അവളുടെ ശരീരം തന്നെയാണ്.അത് പൊതുസമൂഹത്തിൽ ചെന്നായ്ക്കൾ കടിച്ചുകീറിയാൽ പിന്നെന്തിന് പേടിക്കണം. നഷ്ടപ്പെടാൻ എനിക്കൊന്നുമില്ലായിരുന്നു.

പിന്നീട് ആരൊക്കെയോ റൂമിൽ വന്നു.അവർ എൻ്റെ ശരീരത്തിലേക്ക് കയറുമ്പോൾ ആദ്യമൊക്കെ കണ്ണുകളടച്ച് ഞാൻ കിടന്നു.ഒരു പാവയെ പോലെ എന്നെ തിരിച്ചും മറിച്ചും എന്തൊക്കെയോ ചെയ്തു..ആദ്യമൊക്കെയവർ നല്ല വില തരുന്നആർക്കും എന്നെ വിറ്റു..ചിലർ ഭോഗിച്ചു പോകുമ്പോൾ അവരുടെ വിയർപ്പിൻ്റെ കൂടെ മദ്യത്തിൻ്റെയും ബീഡിയുടെ ഗന്ധവും എൻ്റെ ശരീരത്തിൽ പടർന്നു, കൂടെ അവരുടെ ബീജതുള്ളികൾ ശരീരത്തിൽ പറ്റിപിടിക്കുമ്പോൾ എൻ്റെ ശരീരത്തിനെ എനിക്ക് തന്നെ തൊടാൻ അറപ്പ് വന്നു... പല രീതികളിലുള്ള ആളുകൾ എൻ്റെയരികിൽ വന്നു പോയി. അതിൽ മീശ മുളയ്ക്കാത്ത സ്കൂൾ കുട്ടികൾ, ഭിക്ഷാടകർ, ഉദ്യോഗസ്ഥർ ,മുതൽ എഴുപത് വയസ്സായവർ വരെയുണ്ട്.. അതിൽ നിങ്ങളുടെ മദ്രാസ്സികളുംപെടും.. എറ്റവും കുറഞ്ഞ ടിപ്സ് തരുന്നതും അവർ തന്നെയാണ് കേട്ടോ. അവരെ കുറ്റം പറയാനും പറ്റില്ല താഴെ ആയിരങ്ങൾ എറിഞ്ഞു കൊടുത്തിട്ടാണ് അവർ മുറിയിലോട്ട് വരുന്നത്. പിന്നെ ടിപ്സ് തരുന്നത് തന്നെ അവരുടെ നല്ല മനസ്സ്.. പലർക്കും പല പെരുമാറ്റരീതികളായിരുന്നു. ഓരോ തരം ആളുകൾ ഓരോ രീതികൾ ചിലർ നിതംബത്തെയും മാറിനെയും സ്നേഹിച്ചു, മറ്റുള്ളവർ വായയെ സ്നേഹിച്ചു,മറ്റു ചിലർ വന്നയുടനെ കാര്യം നടത്തി, ചിലർ വല്ലാതെ നോവിക്കും .പലപ്പോഴും അസഹ്യമായ വേദന കടിച്ചമർത്തിയിട്ടുണ്ട്.. മാസമുറ തെറ്റിക്കാനും ഗർഭനിരോധനത്തിനുമുള്ള ഗുളികൾ കഴിച്ച് പലപ്പോഴും ശർദ്ദിലും, വയറുവേദനയും വരും.. തലപൊട്ടിപ്പൊളിയുന്നതു പോലെ തോന്നുമ്പോഴും കാശ് വാങ്ങി പെട്ടിയിൽ വെക്കുന്നവരെയുടെയോ കൊത്തിവലിക്കാൻ വരുന്ന കഴുകൻമാരുടെയോ മനസ്സിൽ ഒരു സഹതാപവുമില്ലായിരുന്നു... അവർ അപ്പോഴും നിർബന്ധിച്ചു കൊണ്ടേയിരുന്നു.. മാസങ്ങൾ കഴിഞ്ഞപ്പോൾ ആണിൻ്റെ കാമം തീർക്കാൻ നാല് ചുവരുകളിൽ ബന്ധനസ്ഥയായ ഒരു ദേവദാസിയായി ഞാൻ സ്വയം മാറി… അല്ല ഈ ബഹൻചൂദ് സമാജ് എന്നെ അങ്ങനെയാക്കി. ഈ ജീവിത യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ട് അവർ പറയുന്നതുപോലെ അനുസരിക്കാൻ തുടങ്ങിയപ്പോൾ പത്ത് കൊല്ലത്തിനു ശേഷം എന്നെ അവർ പൂർണ്ണ സ്വതന്ത്രയാക്കി .. അതിനിടയിൽ എന്നെ പോലെ ചതിക്കെണിയിൽ വീണ് ഒരുപാട് പുതിയ പെൺകുട്ടികൾ അവിടേക്ക് വന്നു കൊണ്ടേയിരുന്നു... അവരുടെ കരച്ചിൽ ആ നാല് ചുവരുകളിൽ മാത്രം പ്രതിധ്വനിച്ചു… അവിടത്തെ ചില പെൺക്കുട്ടികൾ തൻ്റെ വയറ്റിൽ വളരുന്ന കൊച്ചിൻ്റെ തന്ത ആരാണെന്ന് പോലുമറിയാത്ത ഹറാമി ബച്ചകൾക്ക് ജന്മം കൊടുത്തു കൊണ്ടേയിരുന്നു. പൂർണ്ണ ഗർഭിണി ആയിരിക്കുന്ന സമയത്തും കടിച്ചു കീറാൻ വരുന്ന ചെന്നായ്ക്കളെവരെ ഞാൻ അവിടെ കണ്ടിട്ടുണ്ട്. ഭാഗ്യവശാൽ ഒരു പിശാചിൻ്റെ സന്തതിക്കും ഞാൻ ജന്മം നൽകേണ്ടി വന്നില്ല.ആരെയും കാണാനോ, പോകാൻ ഒരിടമോ ഇല്ലാത്തതു കൊണ്ട് എങ്ങോട്ടും ഒളിച്ചോടിയില്ല… ഇന്ന് എനിക്ക് ആരെയും പേടിയില്ല ,മരണത്തെ പോലും, എന്തെങ്കിലും നഷ്ടപ്പെടാനുള്ളവർക്കല്ലേ പേടിക്കേണ്ട ആവശ്യമുള്ളൂ. ആജ് മേം വേശ്യ ബൻകർ ഖുശ് ഹും.( ഇന്ന് ഞാനൊരു വേശ്യയായതിൽ എനിക്ക് സന്തോഷമുണ്ട്)

എന്ത് തോന്നുന്നു എന്നോട് ?എന്റെ വിധിയോട്?

വേശ്യയാണെന്നും പറഞ്ഞിട്ടും മൃഗകണ്ണിലൂടെ കാണാതെ ആദ്യമായി ഒരാൾ ബെഹൻ എന്ന് വിളിച്ചു അത് നിങ്ങളാണ് നിങ്ങൾ മാത്രം. ആദ്യമായാണ് ഒരാൾ എൻ്റെ വാക്കുകൾക്ക് ചെവിയോർക്കുന്നത്.

താങ്കളും ഒരുപാട് സങ്കടം അനുഭവിക്കുന്നു .അതിനു മുകളിൽ ഞാനിത് പറഞ്ഞത് നിങ്ങളുടെ പ്രശ്നത്തിന്റെ വലിപ്പം കുറയ്ക്കാൻ വേണ്ടിയാണ് അല്ലാതെ മറ്റൊന്നിനു വേണ്ടിയല്ല..

ഞാൻ ദൈവത്തെ കൂട്ട് പിടിച്ച് എന്ത് വാക്ക് പറഞ്ഞ് അവളെ ആശ്വസിപ്പിക്കും..

ഈ തൊഴിൽ നിർത്തി പശ്ചാത്താപിച്ചു കൊണ്ട് നീ ദൈവത്തിലേക്ക് മടങ്ങൂ, മരണശേഷമെങ്കിലും ഒരു ജീവിതം ഉണ്ടെങ്കിൽ അത് ധന്യമായി തീരട്ടെ എന്നുള്ള മോക്ക് ഡയലോഗ് പറഞ്ഞാൽ ഒരു പക്ഷേ അവൾ എൻ്റെ മുഖത്ത് കാർക്കിച്ചു തുപ്പുമെന്നുള്ളത് കൊണ്ട് അന്നേരം മൂകൻ്റെ വേഷം അണിഞ്ഞു..

എന്റെ പേരുപോലും ചോദിക്കാതെയവൾ അഞ്ഞൂറിൻ്റെയും രണ്ട് പഴയ നൂറിൻ്റെയും നോട്ടുകൾ എനിക്ക് നേരെ നീട്ടിയപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ വേണ്ടായെന്ന് തലയാട്ടി...സമ്മതിച്ചില്ല .. ആ ഇരിപ്പിടത്തിൽ പൈസ വെച്ചു കൊണ്ട് ചെറിയ ചിരിയോടെ അവൾ പറഞ്ഞു സാധരണ മറ്റുള്ളവരെ സന്തോഷിപ്പിച്ചാൽ ഞാൻ പൈസ ഇങ്ങോട്ടാണ് മേടിക്കാറ്, പക്ഷേ ഇതെൻ്റെ സന്തോഷത്തിനാണ്. കാലങ്ങളായി ഒരാളോടെങ്കിലും കുറച്ച് നേരം മനസ്സ് തുറക്കണമെന്ന് ആഗ്രഹിക്കുന്നു..അതിൻ്റെ കൂലിയായി കണ്ടാൽ മതി.ഇന്നത്തെ ദിവസം ഞാൻ എന്തായാലും വ്യഭിചരിക്കില്ല. ഇന്നെനിക്ക് സന്തോഷത്തിൻ്റെ ദിവസമാണ് ..നിങ്ങളുടെ പ്രണയം സത്യമാണ്, അവൾ എവിടെയും പോകില്ല.. തിരിച്ചു വരും. കാത്തിരിക്കുക....

എന്നാൽ ശരി, ഇനി കണ്ടു മുട്ടാതിരിക്കട്ടെ. അവളുടെ നിഷ്കളങ്കമായ വാക്കുകൾ മനസ്സിനെ വെന്തുരുകിച്ചു.

മറുവാക്കു പോലും കേൾക്കാതെയവൾ നടന്നു നീങ്ങി.

അവൾ അകന്നതിനു ശേഷം പെയ്ത ധാരയിൽ എൻ്റെ മനസ്സിൻ്റെ കൂടെ അവൾ വെച്ചു പോയ ആ നോട്ടുകളും കുതിർത്തു.. ഓരോ ജീവിതങ്ങളുടെയും മുന്നിൽ എൻ്റെ സങ്കടങ്ങൾ ചെറുതാവുന്നതായി എനിക്കു തോന്നി.മുംബൈയിൽ നിന്ന് തിരിച്ചു പോകുന്ന തലേ ദിവസത്തെ ഒരു സായാഹ്നം ഞാൻ ആദ്യമായി കാമാത്തിപ്പുരയുടെ നാഡി ഞരമ്പിലേക്ക് നടന്ന് കയറി.കാമാത്തിപ്പുര എന്നാല്‍ ശരീരവില്‍പ്പന മാത്രം നടക്കുന്ന ഒരു കമ്പോളമല്ല. ഇവിടെ പലചരക്ക് കടകളും, പച്ചക്കറി കടകളും വസ്ത്രവ്യാപരങ്ങളും ചെറുകിട കച്ചവടക്കാരും ഹോട്ടലുകളുമെല്ലാം അടങ്ങിയ ഒരു തെരുവ് കൂടിയാണ്.. ആ മൂവന്തിയുടെ വെളിച്ചത്തിൽ ഞാൻ കണ്ട പലകാഴ്ച്ചകളും ദയനീയമായിരുന്നു..ഇവിടം ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികൾ തിങ്ങിപാർക്കുന്നൊരിടം കൂടിയാണ് . ഏഷ്യയിൽ തന്നെ എറ്റവും വലിയ ചുവന്ന തെരുവായ കൊൽക്കത്തയിലെ സോനഗച്ചി കഴിഞ്ഞാൽ പിന്നെ എറ്റവും കൂടുതൽ ഇന്ത്യയിൽ പെൺമാംസം വിൽക്കുന്ന രണ്ടാമത്തെ തെരുവാണ് കാമാത്തിപ്പുര.. ഈ തെരുവീഥിയെ റെഡ് സ്ട്രീറ്റ് അഥവ ചുവന്ന തെരുവെന്ന് വിളിക്കാൻ ഒരു ചെറിയ ഭൂതകാല കഥയുണ്ട്... പണ്ട് വേശ്യാലയങ്ങളിൽ പെണ്ണിൻ്റെ സുഖം തേടിവരുന്നവർ ഇഷ്ടപ്പെട്ടവരെ

പണം നൽകി തിരഞ്ഞെടുത്ത് അവരൊടൊപ്പം വ്യഭിചാരശാലയിലെ മുറിയിലേക്ക് കടന്നാൽ മുറിയുടെ പുറത്ത് ചുവന്ന വെളിച്ചം പ്രകാശിപ്പിക്കുകയോ അതോ ചുവന്ന റാന്തൽ തൂക്കിയിടുകയോ ആണ് പതിവ്. അതിൻ്റെ അർത്ഥം ഇപ്പോൾ ഒരാൾ അകത്തുണ്ടെന്നാണ്.. അതു കൊണ്ട് മറ്റൊരാൾക്ക് പ്രവേശനമില്ല. അയാൾ പോയതിനു ശേഷമേ ആ വെളിച്ചം അണയ്ക്കൂ.

ഓരോ ഗലിയിലൂടെയും നടന്നു നീങ്ങുമ്പോൾ കാഴ്ച്ചകൾക്ക് വലിയ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു.

ചുമരുകൾ അടർന്നു തുടങ്ങിയ ബഹുനില കെട്ടിടങ്ങൾ,..തീവണ്ടിയിലെ ബോഗികളുടെ അകലം മാത്രമേ ഉള്ളൂ ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക്,. അതിൽ പലതിനും നൂറ്റാണ്ടുകൾ പഴക്കമുണ്ടോ എന്ന് തോന്നും. അതിൻ്റെ ബാൽക്കണിയിൽ മേൽവസ്ത്രങ്ങളും അടിവസ്ത്രങ്ങളുമെല്ലാം പാ വിരിച്ചതു പോലെ ഉണക്കാനിട്ടിരിക്കുന്നു.താഴെ നോക്കി നടന്നില്ലെങ്കിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ചിലപ്പോൾ ചെളിചവിട്ടി വീഴേണ്ടി വരും... ഓടകളിൽ മാലിന്യം നിറഞ്ഞതു കൊണ്ട് കെട്ടി കിടന്ന മഴവെളളം ഒഴുകിയിരുന്നില്ല.. ചില ഭാഗത്ത് വല്ലാത്ത ദുർഗന്ധമായിരുന്നു. അതിൻ്റെയടുത്തിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നവരെ കണ്ടപ്പോൾ പരിതാപകരമായി തോന്നി. അതിനിയിടയിലൂടെ തലങ്ങനെയും വിലങ്ങനെയും പുക തുപ്പി പായുന്ന ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും. ഈ പ്രദേശം എല്ലാവിധ മലനീകരണത്തിൻ്റെയും തെരുവ് കൂടിയായിരുന്നു. .മുന്നോട്ടു നീങ്ങുന്നതിനനുസരിച്ച് വഴികള്‍ പലതായി പിരിയുന്നുണ്ട്...പതിനാലോളം ഗലികൾ അവിടെയുണ്ട്. ചിലതിലെ ഇരുണ്ട വഴികൾ ഓവുചാലിനോട് ഓരം ചേർന്നിട്ടാകും. ഭിത്തികളിൽ പലതിലും കരിയും, മുറുക്കാനും പാൻപരാഗും ചവച്ചു തുപ്പിയതും കാണാം .. ഒരാൾക്ക് കഷ്ടിച്ചു നടക്കാൻ കഴിയുന്ന വഴികൾ..സഫേദ് ഗലിയോട് അടുക്കുമ്പോൾ പഴകി ദ്രവിച്ച കെട്ടിടത്തിൻ്റെ മുകൾനിലയിലെ ജാലകക്കമ്പികൾ പിടിച്ച് ശബ്ദവും മനസ്സും നിലച്ച ചില മുഖങ്ങളുടെ ദയനീയ ഭാവം എൻ്റെ മനസ്സിനെ ചൂഴ്ന്നെടുത്തു...ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ യാതനകളിലൊന്ന് ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ അsയുമ്പോൾ വേശ്യയെന്ന പട്ടം എറ്റെടുക്കുന്നതാണ്. സ്വതന്ത്ര്യം നേടി എഴുപത്തിമൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും നാഴികയ്ക്ക് നാൽപ്പതു വട്ടം ഭായ്‌ ഔര്‍ ബഹനോം ഞങ്ങൾ രാജ്യസ്നേഹികൾ എന്നു സ്വയം വിളിച്ചു കൂവുന്നവർക്കോ ഗാന്ധിജിയുടെ പിൻതലമുറക്കാർക്കോ മതമൗലികവാദികൾക്കോ മിഷ്നറീസ്മാർക്കോ എന്തേ ഇതുപോലെയുള്ള തെരുവുകളിൽ നിന്ന് ഇവരെ പുനരധിവസിപ്പിക്കുന്നതിലും ഈ ജോലിയിൽ നിന്ന് മോചനം കൊടുക്കുന്നതിലും നീണ്ട കാലതാമസവും മൗനവും അവലംബിക്കേണ്ടി വരുന്നത്? ഒരു സ്വതന്ത്ര്യ സമര സേനാനിയോടുള്ള ആദരസൂചകമായി ഇപ്പോൾ അടുത്ത് ജനങ്ങൾക്ക് ഒരു രീതിയിലും ഉപകാരമില്ലാതെ സൃഷ്ടിച്ച പ്രതിമയ്ക്ക് ചെലവഴിച്ച മൂവ്വായിരം കോടിയുടെ മൂന്നിലൊന്ന് ഉണ്ടെങ്കിൽ ഈ നാൽപ്പത് ഏക്കറിൽ തിങ്ങിപാർക്കുന്ന ജനങ്ങൾക്കും കൊൽക്കത്തയിലെയും പുനൈയിലെയും ഇതുപോലെയുള്ള എല്ലാ ചുവന്ന തെരുവിനും പുതുവെളിച്ചം പകരുന്നതിനു കൂടെ അവർക്ക് അതിൽ നിന്ന് മോചനം നൽകി പുതിയൊരു ജീവിതമാർഗ്ഗം കണ്ടെത്തി കൊടുക്കുകയും ചെയ്യാമായിരുന്നില്ലേ?.എന്നിട്ട് അതും ആരുടെങ്കിലും ഒരു മെമ്മോറിയലായി മാറ്റാമായിരുന്നില്ലേ? അതായിരുന്നില്ലേ മഹാന്മാരോട് കാണിക്കുന്ന യഥാർത്ഥ ആദരവ്...ചിന്തിച്ചു നോക്കു...!!

ആ പച്ച മാംസങ്ങളുടെ ഇടയിലൂടെ പോകുമ്പോൾ തെരുവോരത്ത് ഇടപാടുകരെ കാത്ത് മുഖത്തും ചുണ്ടിലും ചായം തേച്ച് പല രീതിയിൽ മണവാട്ടികളെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണാം..പക്ഷേ ഈ മണവാട്ടികളുടെ നെറ്റിയിൽ സിന്ദൂരമില്ല കഴുത്തിൽ താലിയോ വെട്ടിതിളങ്ങുന്ന ആഭരണങ്ങളോ ഇല്ല.. മണിയറയിലേക്ക് സ്നേഹം പ്രകടിപ്പിക്കാൻ വരുന്ന മണവാളന്മാർക്ക് രണ്ട്തുള്ളി ഇറ്റി പോകാനുള്ള സമയമേ അവളുടെ സ്നേഹം ആവശ്യമുള്ളൂ.... ആ തെരുവിൻ്റെ പാതയോരങ്ങളിൽ എന്നെ മാടി വിളിച്ചും വശ്യമായ നേട്ടങ്ങളെറിഞ്ഞും പല്ലിൽ ഇറുക്കി പിടിച്ച ചുണ്ടുകളും ചിരികളും നൽകിയും അവരിലേക്ക് അടുക്കാൻ പ്രലോഭിച്ചു കൊണ്ടേയിരുന്നു.. അതിനിടക്ക് ഇടനിലക്കാരായ സ്ത്രീകളും പുരുഷന്മാരും എന്നെ സമീപിച്ചു.. മുന്നുറ്റിയമ്പത് രൂപ മുതൽ ഇരുപത്തിയയ്യായിരം രൂപ വരെയുള്ള ശരീരങ്ങൾ വിൽപ്പനക്കുണ്ട്... അതിൽ കുഞ്ഞു ശരീരങ്ങളും കൊത്തി കീറാൻ പാകത്തിൽ തൂക്കിയിട്ടിട്ടുണ്ട്... താൽപ്പര്യമില്ലാന്ന് പറഞ്ഞു അവരെ അകറ്റുമ്പോൾ ചിലർ എൻ്റെ അമ്മയ്ക്ക് തെറി പറഞ്ഞും നിലത്ത് കാർക്കിച്ചു തുപ്പിയും കടന്നു പോയി..പക്ഷേ അതെല്ലാം ഒരു നേർത്ത ചിരിയിൽ ഞാനൊതുക്കി.

അവിടെ എൻ്റെ മനസ്സ് പൂർണ്ണമായി തകർത്തത് ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കമായ കുരുന്നുകളും അവരുടെ അമ്മമാരുയിരുന്നു... കീറിയ ഷിമ്മീസിട്ടു തൻ്റെ കുഞ്ഞനുജനോടും ദീദിയോടും സംസാരിക്കുന്ന പെൺകിടാങ്ങൾ , ചെളിയിൽ തപ്പ്കളിക്കുന്ന കുസൃതി കുരുന്നുകൾ..വീടിൻ്റെ ഉമ്മറത്തിരുന്ന് കൊണ്ട് തൻ്റെ പൊന്നോമനക്ക് മുടികെട്ടിക്കൊടുക്കുന്ന അമ്മയെയും

ഒരു തോർത്തിൻ്റെ മറവു പോലുമില്ലാതെ മുലയൂട്ടുന്ന അമ്മമാരെയും യഥേഷ്ട്ടം കാണാം, എല്ലാം മനസ്സിനെ വെന്തുരുക്കുന്ന കാഴ്ച്ചകൾ ...

ഇരുൾ പരന്നതോടെ ചില ഗലികളുടെ ഇടവഴികളിൽ ഭീതിയുടെ മറ്റൊലി കൊണ്ടു.. അതു കൊണ്ട് മനം മടുപ്പിക്കുന്ന ഈറൻ കാഴ്ച്ചകളുമായി തിരികെ സിഗരറ്റെരിച്ചു കൊണ്ട് ആ തെരുവീഥികളിലൂടെ നടന്ന് വരുമ്പോൾ അവിടെ കാണുന്ന ഓരോ ചെറിയ കോവിലുകളിലും കത്തിയമരുന്ന മൺ ചിരാതുകളും ദീപങ്ങളും അതിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദൈവങ്ങൾക്ക് വെളിച്ചമേകുന്നു..അതിലെ പ്രതിഷ്ഠകളെ പണ്ടാരോ കുടിയിരുത്തിയതാകണം. എല്ലാ പ്രതീക്ഷകളും നഷ്ടമാകുമ്പോൾ ആരുമില്ലാത്തവർക്ക് ദൈവം തുണയെന്നും എന്നെങ്കിലും ഈ നരകത്തിൽ നിന്ന് തന്നെ രക്ഷപ്പെടുത്താൻ ദൈവം പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമായിരിക്കണം ഒരു പക്ഷേ കോവിൽ പണിയാൻ കാരണമായിട്ടുണ്ടാകുക.. പക്ഷേ അവിടത്തെ മനുഷ്യജീവനുകളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും കാണാത്ത ആ ദൈവങ്ങളെല്ലാം അന്ധരും ബധിരരുമാണെന്ന് ഒരു നിമിഷം എനിക്ക് തോന്നി…

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല