Skip to main content

സെല്‍ഫി സെല്‍ഫ് ഗോളാകുമ്പോള്‍...




സെല്‍ഫി സെല്‍ഫ് ഗോളാകുമ്പോള്‍

2013-ലായിരുന്നു അവന്റെ (അതോ അവളുടെയോ?) പിറവി രേഖപ്പെടുത്തപ്പെട്ടത്. വിശ്വപ്രസിദ്ധമായ ഓക്‌സ്ഫഡ് ഡിക്ഷണറിയില്‍ അക്കൊല്ലത്തെ വാക്കായി ഇടംപിടിച്ച 'സെല്‍ഫി'യെ ഇന്നിപ്പോള്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ക്യാമറയുള്ള മൊബൈല്‍ സ്വന്തമായുള്ളവരില്‍ അറിഞ്ഞോ അറിയാതെയോ സെല്‍ഫി ഒരിക്കലെങ്കിലും പരീക്ഷിച്ചിട്ടില്ലാത്തവരും ചുരുങ്ങും.

ഫേസ്ബുക്കിലെങ്ങുമിപ്പോള്‍ സെല്‍ഫിയുടെ പ്രളയമാണ്. സെലിബ്രിറ്റികള്‍ മുതല്‍ തെരുവു പിള്ളേര്‍ വരെ സെല്‍ഫിയുണ്ടാക്കി പോസ്റ്റ് ചെയ്ത് ലൈക്കും കമന്റും വാരിക്കൂട്ടുന്നു.
ടെക്ക് ലോകവുമായി വലിയ പരിചയമില്ലാത്തവര്‍ക്കായി: സെല്‍ഫി എന്നാല്‍ ഒരു പുതിയ കണ്ടുപിടുത്തമൊന്നുമല്ല. കൈയിലിരിക്കുന്ന ക്യാമറ സ്വന്തം മുഖത്തിനു നേരെ പിടിച്ച്, അല്ലെങ്കില്‍ കണ്ണാടിയില്‍ നോക്കി നമ്മുടെ മുഖംതന്നെ ഫോക്കസ് ചെയ്ത് ഒരു ക്ലിക്ക്. സ്വന്തം ഫോട്ടോ സ്വയം എടുക്കുക എന്ന് ലളിതമായി പറയും. നമ്മുടെ കൈയിലെ ഡിജിറ്റല്‍ ക്യാമറ / ക്യാമറ മൊബൈല്‍ പുറംലോകത്തെ പകര്‍ത്താനുള്ളതല്ല, സ്വന്തം മുഖം പകര്‍ത്തി നിര്‍വൃതിയടയാനുള്ളതാണെന്ന തലതിരിഞ്ഞ ചിന്താഗതിയാണ് സെല്‍ഫി. പണ്ട് കുളി കഴിഞ്ഞ് കണ്ണാടിയില്‍ നോക്കി സ്വന്തം ചന്തം നോക്കുമ്പോഴുണ്ടാകാറുള്ള ആ നിര്‍വൃതിയാണിപ്പോള്‍ സെല്‍ഫി കവര്‍ന്നിരിക്കുന്നത്. ക്യാമറയുണ്ടെങ്കില്‍ കണ്ണാടി വേണ്ട എന്ന് പഴഞ്ചൊല്ല് തിരുത്തിയെഴുതേണ്ടി വരുമോ?
സ്വന്തം മുഖം പകര്‍ത്തുന്ന 'അസുഖം' ന്യൂജനറേഷന്‍കാരുടേത് മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. നാലാളറിയുന്ന, ലോകം ആദരിച്ച വിഖ്യാത ചിത്രകാരന്മാരില്‍ മിക്കവരും തങ്ങളുടെ മുഖം തന്നെ വരച്ചുവെച്ചിട്ടുള്ളവരാണ്. വിന്‍സെന്റ് വാന്‍ഗോഗ്, പാബ്ലോ പിക്കാസോ... ആ ലിസ്റ്റ് നീളും. എന്നാല്‍, സ്വയം പകര്‍ത്തുന്നത് ഒരു ആവേശവും ഭ്രമവുമായി മാറിയിട്ട് കാലം അധികമായിട്ടില്ല. അതേസമയം സ്മാര്‍ട്ട്‌ഫോണ്‍ തലമുറയുടെ ഓരോ വിക്രസ്സുകള്‍ എന്ന് പറഞ്ഞ് സെല്‍ഫിയെ ചിരിച്ചൊഴിയാന്‍ വരട്ടെ. അതൊരു പ്രതിഭാസമാണ്... 'തലതിരിഞ്ഞ' ഈ ഏര്‍പ്പാട് എവിടെ ചെന്നവസാനിക്കും എന്നാണ് സോഷ്യല്‍ മീഡിയാ ഗവേഷകരും മനഃശാസ്ത്രജ്ഞരും ഒരേപോലെ ആശങ്കപ്പെടുന്നത്.

സെല്‍ഫി ചരിതം
സെല്‍ഫി ഫോട്ടോഗ്രഫിയുടെ ഉപജ്ഞാതാവിനെ തെരഞ്ഞ് പോവുകയാണെങ്കില്‍ ചെന്നുനില്‍ക്കുക 1893-ലാണ്; വിഖ്യാത അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ റോബര്‍ട്ട് കോണ്യൂള്‍സിന്റെയടുക്കല്‍. ക്യാമറയും ഫോട്ടോഗ്രഫിയും അതിന്റെ ബാല്യദശ പിന്നിട്ടില്ലാത്ത കാലഘട്ടത്തില്‍ ഏറെക്കുറെ സാഹസികമായാണ് റോബര്‍ട്ട് കൊണ്യൂളിസ് തന്നെത്തന്നെ പകര്‍ത്തിവെച്ചത്. ക്യാമറയില്‍ സമയം സെറ്റ് ചെയ്യാവുന്ന സാങ്കേതിക വിദ്യ വികസിച്ചപ്പോള്‍, ക്യാമറ ഓണാക്കി ഫോക്കസ് നിശ്ചയിച്ച് ഓടിച്ചെന്ന് മുന്നില്‍ ചെന്ന് നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ എണ്ണം കൂടി. പിന്നെ മുന്നിലും പിന്നിലും ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ രംഗം കയ്യടക്കാന്‍ തുടങ്ങിയതോടെ സെല്‍ഫി ഒരു ഫോട്ടോഗ്രാഫിക് രീതി തന്നെയായി. സ്വയം ആവിഷ്‌കരിച്ചതിന്റെ നിര്‍വൃതിയില്‍ ന്യൂജനറേഷന്‍ അവയൊന്നടങ്കം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍വാരിവിതറി.
സ്വന്തം പടംപിടുത്തം കാലങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും അതിന് സെല്‍ഫി എന്ന പേരിട്ടത് ഫോട്ടോഗ്രാഫര്‍ ജിഗ് ക്രൗസാണ്, 2005-ല്‍. മൈസ്‌പേസിനെ പുറ
ന്തള്ളി ഫേസ്ബുക്ക് പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങിയതോടെ പ്രൊഫൈല്‍ ഫോട്ടോയുടെ സ്ഥാനത്ത് സെല്‍ഫികള്‍ കൂടുതലായി ഇടംപിടിച്ചു. ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്‌ളിക്കറിലാണ് സെല്‍ഫികളുടെ വിളയാട്ടം നടന്നത്. ടീനേജ് പെണ്‍കുട്ടികളായിരുന്നു അവരില്‍ മിക്കവരും. 2012 അവസാനമായപ്പോഴേക്ക്, ഏറ്റവും ആകര്‍ഷകമായ വാക്കുകളിലൊന്നായി ടൈം മാഗസിന്‍ സെല്‍ഫിയെ തെരഞ്ഞെടുത്തു.
2013-ല്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു സര്‍വേയില്‍ കൗതുകകരമായ ഒരു വസ്തുത കണ്ടെത്തി: 18-നും 35-നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 65 ശതമാനവും ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയിട്ടുള്ളത് സെല്‍ഫിയാണ്! സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ സാംസങ്ങിന്റെ കണ്ടെത്തലും ശ്രദ്ധേയമായിരുന്നു: 18-നും 24-നുമിടയിലുള്ളവര്‍ എടുക്കുന്ന ഫോട്ടോകളില്‍ 30 ശതമാനവും സെല്‍ഫി തന്നെ! 2013ഓടെ ഓസ്‌ട്രേലിയന്‍ മേല്‍വിലാസത്തില്‍ ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ സെല്‍ഫി സ്ഥാനമുറപ്പിച്ചു.

മനഃശാസ്ത്രം
ഒരാളുടെ ഏറ്റവും മോശം ഫോട്ടോ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിലേതും ഏറ്റവും നല്ലത് ഫേസ്ബുക്ക് പ്രൊഫൈലിലേതുമാണെന്ന് പറയാറുണ്ട്; മിക്കവാറും സത്യസന്ധമായ ഒരു നിരീക്ഷണം. ആ നിഗമനത്തെ ഒന്ന് നീട്ടിപ്പരത്തി ആലോചിച്ചാല്‍ മതി സെല്‍ഫിയുടെ മനഃശാസ്ത്രം മനസ്സിലാവാന്‍. സ്വന്തത്തെ ഏറ്റവും നന്നായി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നാണ്, മറ്റാരേക്കാളും
എന്നെ ഫോട്ടോയെടുക്കാന്‍ നല്ലത് ഞാന്‍ തന്നെയാണ് എന്ന തോന്നലുണ്ടാവുന്നത്. അതേസമയം, ഒട്ടും ആകര്‍ഷകമല്ലാത്ത കോമാളി ലുക്കിലുള്ള സെല്‍ഫികളും ഒട്ടും കുറവല്ല. പരമ്പരാഗത ഫോട്ടോഗ്രാഫിക് രീതിയുടെ അച്ചടക്കങ്ങളെ തച്ചുതകര്‍ക്കാനുള്ള ഒരു ആവേശമാണ് അവിടെ പ്രതിഫലിക്കുന്നതെന്ന് നിരീക്ഷിക്കാം.
ആണ്‍കുട്ടികളേക്കാള്‍ സ്വന്തം ഫോട്ടോ പകര്‍ത്തുന്നതിലും പരസ്യപ്പെടുത്തുന്നതിലും താല്‍പര്യം പെണ്‍കുട്ടികള്‍ക്കാണെന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. അതിനു പിന്നിലെ മനഃശാസ്ത്രം, സ്ത്രീമനഃശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍, സ്വന്തം ഫോട്ടോ നന്നായി അവതരിപ്പിക്കുക എന്നതില്‍ നിന്നു മാറി ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് സെല്‍ഫി കാരണമാകുന്നു എന്ന് മനഃശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്. സ്വന്തം ചിത്രം പകര്‍ത്തുന്ന പെണ്‍കുട്ടികളില്‍ 50 ശതമാനമെങ്കിലും മറ്റുള്ളവരുടെ സെല്‍ഫികള്‍ സാകൂതം വീക്ഷിക്കുകയും അവരുടെ സൗന്ദര്യവും ഫിറ്റ്‌നസും തന്റേതുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് സോഷ്യോളജിസ്റ്റും വിമന്‍സ് സ്റ്റഡീസ് പ്രൊഫസറുമായ ഗെയ്ല്‍ ഡീന്‍സ് ചൂണ്ടിക്കാട്ടുന്നു. ഈ താരതമ്യം പെണ്‍കുട്ടികളില്‍ സ്വന്തം രൂപത്തോടും ശരീരത്തോടുമുള്ള അവമതിയുണ്ടാക്കും. പിന്നീടത് നിരാശയായും വിരക്തി രോഗമായും വളരും.
സോഷ്യല്‍ മീഡിയയിലെ അംഗീകാരവും പ്രശസ്തിയും മാനസിക തലത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നുണ്ട്. തന്റെ ചിത്രത്തിനു ലഭിക്കുന്ന ലൈക്കുകളും കമന്റുകളും വ്യക്തിയിലെ സന്തോഷ, ദുഃഖാവസ്ഥകളെ നിര്‍ണയിക്കുന്നു. പോസ്റ്റ് ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷിക്കുന്നത്ര ലൈക്ക് / കമന്റ് ലഭിക്കാതിരിക്കുമ്പോഴും മേല്‍പറഞ്ഞ നിരാശാ വിരക്തികള്‍ക്ക് അടിമപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ടെന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
പെണ്‍കുട്ടികള്‍ സെല്‍ഫിയില്‍ കൂടുതല്‍ തല്‍പരരാകുന്നുവെന്ന വസ്തുത നല്‍കുന്ന സൂചനയെന്താണ്? പുരുഷന്റെ തുറിച്ചുനോട്ട മനോഭാവത്തിന് സ്വയമറിയാതെ വശംവദയാവുകയാണ് അവര്‍ ചെയ്യുന്നതെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നതെന്നും ഗെയ്ല്‍ ഡീന്‍സ് പറയുന്നു. സ്വന്തം ശരീര പ്രദര്‍ശനം വഴി ശ്രദ്ധ പിടിച്ചുപറ്റുകയെന്ന വിചിത്ര മനോഭാവത്തിലേക്കാണ് സെല്‍ഫികള്‍ പെണ്‍കുട്ടികളെ നയിക്കുക. കാമുകനുമായി സ്വന്തം ചിത്രങ്ങള്‍ പങ്കിടുന്ന പെണ്‍കുട്ടികള്‍ വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. ഇന്റര്‍നെറ്റില്‍ സുലഭമായ അശ്ലീല സെല്‍ഫികളില്‍ സിംഹഭാഗവും പെണ്‍കുട്ടികളുടെ കാമുകന്‍മാര്‍ പ്രതികാര മനോഭാവത്തോടെ പോസ്റ്റ് ചെയ്തവയാണന്നും ഗെയ്ല്‍ ഡീന്‍സ് വിശദീകരിക്കുന്നു.

സെലിബ്രിറ്റികളും നമ്മളും
സെലിബ്രിറ്റി സെല്‍ഫികള്‍ക്ക് അവരുടെ ഫോര്‍മല്‍ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ ആരാധകരെ നേടാന്‍ കഴിയുന്നുണ്ടെന്ന് ഗവേഷകര്‍. അനൗപചാരികമായുള്ള സംഭാഷണത്തിന്റെ അതേ പ്രഭാവമാണ് സെല്‍ഫികള്‍ ഉണ്ടാക്കുന്നത്. ജനങ്ങളുമായി കൂടുതല്‍ അടുപ്പം തോന്നിക്കാനുള്ള ഒരു എളുപ്പവഴിയാണ് പ്രമുഖര്‍ക്കിത്.
86-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നിന്ന് അവതാരക എലന്‍ ഡിജെനറസ് പകര്‍ത്തിയ സെല്‍ഫി ചരിത്രം സൃഷ്ടിച്ചു. അവാര്‍ഡ് ജേതാക്കളായ പ്രമുഖരെ തനിക്കൊപ്പം നിര്‍ത്തിക്കൊണ്ടുള്ള എലന്റെ ക്ലിക്ക്, ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട് നാല്‍പ്പത് മിനുട്ടിനകം ലോകത്ത് ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെട്ട ചിത്രമായി മാറി. ഒരു മണിക്കൂര്‍ കൊണ്ടുമാത്രം 18 ലക്ഷമാളുകളാണ് അത് റിട്വീറ്റ് ചെയ്തത്. 2012 തെരഞ്ഞെടുപ്പ് വിജയത്തിലെ ബറാക് ഒബാമയുടെ വിജയ ചിത്രത്തിന്റെ റെക്കോര്‍ഡാണ് ഈ ഓസ്‌കര്‍ സെല്‍ഫി പഴങ്കഥയാക്കിയത്. മെറില്‍ സ്ട്രീപ്, ജൂലിയ റോബര്‍ട്‌സ്, ചാനിംഗ് ടാത്തും, ബ്രാഡ്‌ലി കൂപ്പര്‍, കെവിന്‍ സ്പാസി, ആഞ്ജലിന ജോളി, ബ്രാഡ് പിറ്റ്, ജെന്നിഫര്‍ ലോറന്‍സ് തുടങ്ങിയ ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നു എലന്റെ സെല്‍ഫിയില്‍. 
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ ശവസംസ്‌കാരച്ചടങ്ങിനിടെ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ ഉള്‍പ്പെട്ട ഒരു സെല്‍ഫി വന്‍ വിവാദമാവുകയുണ്ടായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ വലത്തും ഒബാമയെ ഇടത്തും ഇരുത്തി ചിരിച്ചുല്ലസിക്കുന്ന മുഖത്തോടെ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ഹെല്ലെ തോണിംഗ് ഷ്മിറ്റ് ഐഫോണില്‍ പകര്‍ത്തിയ ചിത്രമായിരുന്നു വില്ലന്‍. മണ്ടേലയെപ്പോലുള്ള ഒരു ലോകനേതാവിനെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ സെല്‍ഫിയെന്ന് വിമര്‍ശകര്‍ എഴുതി. ഒബാമക്കും കാമറൂണിനും ഷ്മിറ്റിനും
നേരെ തങ്ങളുടെ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ വാളെടുത്തു. ഒബാമയും കാമറൂണും തങ്ങളുടെ ചെയ്തിയെപ്പറ്റി പ്രതികരിക്കാതിരുന്നപ്പോള്‍ ഷ്മിറ്റ് ചെയ്തത് സ്വയം ന്യായീകരിക്കുകയാണ്. 'അന്നേ ദിവസം എത്രയോ ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട്. ഒരു ചെറിയ തമാശ എന്നേ ഞാനുദ്ദേശിച്ചുള്ളൂ. രാജ്യനേതാക്കളാണെങ്കിലും ഞങ്ങളും സാധാരണ മനുഷ്യരാണെന്നേ അതിനര്‍ത്ഥമാക്കേണ്ടതുള്ളൂ...'
വിചിത്രമായ സ്ഥലങ്ങളില്‍ നിന്നെടുക്കുന്ന സെല്‍ഫികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ 'മൂല്യം' കൂടുതലാണ്. ഹിമാലയത്തിന്റെ മുകളിലും നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപത്തും കടലിനടിയിലുമൊക്കെ സെല്‍ഫികള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ബഹിരാകാശ യാത്രികരും വ്യത്യസ്തരല്ല. ഡൊണാള്‍ഡ് പെറ്റിറ്റ്, സ്റ്റീഫന്‍ റോബിന്‍സണ്‍, അകി ഹോഷിഡെ തുടങ്ങി നിരവധി പേര്‍ ശൂന്യാകാശത്തുവെച്ച് സെല്‍ഫിയെടുത്തിട്ടുണ്ട്.
ലൈക്കും ഷെയറും വാരിക്കൂട്ടുന്ന സെലിബ്രിറ്റികളുടെ സെല്‍ഫികള്‍ തന്നെയാണ് മറ്റുള്ളവരെയും ആ വഴിക്ക് ആകര്‍ഷിക്കുന്നത് എന്നകാര്യം നിസ്സംശയം. എന്നാല്‍, ഇവ രണ്ടും
രണ്ടാണെന്നും സാധാരണക്കാര്‍ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലകുറി ആലോചിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം, മാനസികാവസ്ഥ, ചുറ്റുപാട് തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് സെല്‍ഫി. ഇത് പലപ്പോഴും സ്വകാര്യതാ ലംഘനത്തിലേക്കും സുരക്ഷാ പ്രശ്‌നങ്ങളിലേക്കും വഴിതെളിച്ചേക്കാം.

സെല്‍ഫ് അഥവാ സ്വയം
സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാമുപരി, സെല്‍ഫി ആളുകളെ കൂടുതല്‍ ഏകാകികളാക്കുന്നുവെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. സ്വന്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഈ ഫോട്ടോഗ്രാഫിക് രീതി, ക്രമേണ സ്വാര്‍ത്ഥതയിലേക്കും ഏകാന്തതയിലേക്കും മറ്റുള്ളവരെ അകാരണമായി വെറുക്കുന്നതിലേക്കും എത്തിച്ചേക്കാം. തീവ്രമായ മനഃസംഘത്തിനും അതുവഴി മനോനില തെറ്റുന്നതിനും ഇത് കാരണമായേക്കാം.

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല