Skip to main content

മലയാളിയുടെ ഇരകള്‍: സന്തോഷ് പണ്ഡിറ്റ് മുതല്‍ ഷറപ്പോവ വരെ




മലയാളിയുടെ ഇരകള്‍: സന്തോഷ് പണ്ഡിറ്റ് മുതല്‍ ഷറപ്പോവ വരെ

മലയാളിയുടെ മനോഭാവത്തെപ്പറ്റി വിശദീകരിക്കാന്‍ എപ്പോഴും പറയാറുള്ള ഒരുദാഹരണമുണ്ട്: വീട്ടില്‍ കറന്റ് പോയാല്‍ അമേരിക്കക്കാരന്‍ ഉടനെ ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ച് കാരണമന്വേഷിക്കും. ജപ്പാന്‍കാരന്‍ ഫ്യൂബ് ബോര്‍ഡ് തുറന്ന് കുഴപ്പം വല്ലതും സംഭവിച്ചതാണോ എന്ന് നോക്കും. പക്ഷേ, മലയാളി എന്താ ചെയ്യുക? വീട്ടിനു പുറത്തേക്ക് തലയിട്ട് അടുത്ത വീട്ടിലേക്ക് നോക്കി ആശ്വാസത്തോടെ പറയും: ഹാവൂ, നമ്മുടെ മാത്രമല്ല, എല്ലായിടത്തും പോയി... ഉദാഹരണത്തിലെ നീതിയും നീതികേടും എന്തായിരുന്നാലും മലയാളിയുടെ പെരുമാറ്റ രീതി പലപ്പോഴും മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തവും പലപ്പോഴും പരിഹാസ്യവുമായിരിക്കും. ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയും ഏറ്റവും മികച്ച ജീവിത നിലവാരവുമുള്ള കേരളത്തിലെ ജനങ്ങള്‍ ഏതേത് സാഹചര്യങ്ങളില്‍ എങ്ങനെയൊക്കെ പെരുമാറുമെന്ന് പ്രവചിക്കുക അസാധ്യം. നാട്ടിലാകുമ്പോള്‍ തൂമ്പയെടുത്ത് സ്വന്തം പറമ്പില്‍ വാഴക്ക് കുഴിവെട്ടാന്‍ മടിക്കുന്നവര്‍ ഗള്‍ഫില്‍ പൊരിവെയിലത്ത് എത്ര കഠിനമായ ജോലിയും ചെയ്യുന്നു എന്നത് ഈ 'മലയാളി ശീല'ത്തിന്റെ ആര്‍ക്കും മനസ്സിലാകുന്ന ഒരു ഭാഗം. സിനിമാ താരങ്ങളെ രാഷ്ട്രീയത്തില്‍ വിജയിപ്പിച്ചു വിടുന്ന തമിഴന്റെ 'വിവരമില്ലായ്മ'യെ പുച്ഛിക്കുമ്പോള്‍ തന്നെ, ആള്‍ദൈവങ്ങളുടെ മുന്നില്‍ കമഴ്ന്നടിച്ചു വീഴുന്നവനാണ് മലയാളി. പ്രാഞ്ചിയേട്ടനോട് പുണ്യാളന്‍ പറഞ്ഞതുപോലെ, അനുഗ്രഹം കുപ്പിയിലോ പാക്കറ്റിലോ കിട്ടുമെന്ന ബോര്‍ഡ് കണ്ടാല്‍ അപ്പോള്‍ അവിടെക്കേറി ക്യൂ നിന്നു കളയും.

സ്വന്തം കാര്യത്തേക്കാള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെട്ടു കൊണ്ടിരിക്കുന്ന, എന്തിനുമേതിനും ചാടിക്കേറി പ്രതികരിക്കുന്ന ശീലമാണ് നമ്മള്‍ മലയാളികളുടേത്. ഒരുനിമിഷം മലയാളിയുടെ കുപ്പായം ഊരിവെച്ച് വേറിട്ടു നിന്നൊരു നിരീക്ഷണം നടത്തിയാല്‍ മാത്രം മതി, ഈ ഇന്‍സ്റ്റന്റ് പ്രതികരണങ്ങളിലെ ശരികേടും മണ്ടത്തരവും മനസ്സിലാവാന്‍. സന്തോഷ് പണ്ഡിറ്റിനെ മലയാളി കൈകാര്യം ചെയ്ത രീതിയില്‍ നിന്ന് അത് വ്യക്തമാണ്. സ്വന്തം വീടുവിറ്റ് കിട്ടിയ പണം കൊണ്ട് പണ്ഡിറ്റ് സ്വയം തിരക്കഥയും സംഭാഷണവും സംവിധാനവും സംഗീതവും ആലാപനവും എന്നുവേണ്ട ക്യാമറയൊഴിച്ചുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ട് ഒരു സിനിമയിറക്കി. 'കാണാനൊരു ലുക്കില്ലാത്ത' പണ്ഡിറ്റിന്റെ 'ഷോ ഓഫ്' പ്രബുദ്ധ മലയാളിക്ക് പിടിച്ചില്ല. അസഹിഷ്ണുത കുരച്ചുകൊണ്ട് പുറത്തുചാടി. അവര്‍, യൂട്യൂബില്‍ അയാളുടെ വീഡിയോകള്‍ക്കു കീഴെ തെറിയുടെ പൂരം തന്നെ നടത്തി. സ്വന്തം സ്വപ്നസാക്ഷാത്കാരത്തിനായി സധൈര്യം മുന്നിട്ടിറങ്ങിയ വ്യക്തിയെ പരിഹാസവും ആക്ഷേപങ്ങളും കൊണ്ടു പൊതിഞ്ഞു. അയാളുടെ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ കാശ് കൊടുത്ത് ടിക്കറ്റെടുത്ത് അകത്തുകേറി അവര്‍ തെറിവിളിച്ച് അര്‍മാദം നടത്തി. ബുദ്ധിമാനായ പണ്ഡിറ്റ് 'പ്രബുദ്ധരായ' മലയാളി വിഡ്ഢ്യാസുരന്മാരെ അനായാസം പറ്റിച്ച് പണമുണ്ടാക്കി. അതുവരെ ആരാലും അറിയപ്പെടാതിരുന്ന സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യന്‍ കേരളമറിയുന്ന വ്യക്തിയായി. ഒരു ചാനലിന്റെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് അയാള്‍ തന്നെ തെറിവിളിപ്പിച്ച മലയാളികളെക്കൊണ്ടു തന്നെ വാഴ്ത്തുപാട്ടും പാടിച്ചു. സിനിമാ താരമാവാന്‍ കച്ചകെട്ടിയിറങ്ങിയ പണ്ഡിറ്റിനെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ച മലയാളിയുടെ പൊതുബോധത്തിന് അതിനു കഴിഞ്ഞില്ലെന്നു മാത്രമല്ല, അയാള്‍ക്ക് ലക്ഷ്യസാക്ഷാത്കാരം എളുപ്പമാക്കി കൊടുക്കുക കൂടിയാണവര്‍ ചെയ്തത്.

തനിക്ക് ഇഷ്ടപ്പെടാത്ത സത്യങ്ങളോട് മുഖംതിരിച്ച് നടന്നുമറയുക എന്നൊരു സംഗതി ശരാശരി മലയാളിയുടെ ശീലങ്ങളില്‍ ഇല്ല എന്നതാണ് കൗതുകകരമായ വസ്തുത. ഇഷ്ടപ്പെടാത്തതു കണ്ടാല്‍ അത് ചൂണ്ടി ക്കാണിക്കുക പോലുമല്ല നമ്മള്‍ ചെയ്യുക, വിമര്‍ശിച്ച് കടിച്ചു കുടയുകയാണ്. ഇങ്ങനെ നമ്മുടെ വിമര്‍ശനത്തിനും തിരുത്തലുകള്‍ക്കും നിരൂപണത്തിനും ഇരയാവുന്നവരില്‍ അയല്‍പ്പക്കത്തെ സാധാരണക്കാരന്‍ മുതല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വരെയുണ്ടാകും. ഈ വിമര്‍ശനം കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകുമോ എന്ന് നാമൊരിക്കലും ചിന്തിക്കാറില്ല. ഭരിക്കുന്ന രാഷ്ട്രീയക്കാരനെ രൂക്ഷമായി വിമര്‍ശിക്കുന്ന നമ്മള്‍ അവരുടെ കാലാവധിക്കു ശേഷം മറ്റൊരു കക്ഷിയെ തെരഞ്ഞെടുത്ത് ഭരണമേല്‍പ്പിക്കുന്നു. അവര്‍ ഭരിച്ചുതുടങ്ങുമ്പോഴേക്ക് നമ്മിലെ വിമര്‍ശകന്‍ വീണ്ടും സടകുടഞ്ഞെഴുന്നേല്‍ക്കുകയായി. ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നല്ലാതെ പ്രശ്‌നങ്ങള്‍ക്ക് ഗുണപരമായ ഒരു പ്രതിവിധി കണ്ടെത്താന്‍ നമുക്കിതേവരെ കഴിഞ്ഞിട്ടില്ല.

വാര്‍ത്തകളേക്കാള്‍ അവയെപ്പറ്റിയുള്ള പ്രതികരണങ്ങളില്‍ മലയാളിക്കുള്ള ഉത്സാഹം കൊണ്ടുതന്നെയാണ് പ്രൈംടൈം ചര്‍ച്ചകള്‍ കേരളത്തില്‍ വന്‍വിജയമാകുന്നത്. രാജ്യത്തെ മറ്റേത് സംസ്ഥാനം എടുത്തുനോക്കിയാലും നമ്മുടെയത്ര ന്യൂസ് ചാനലുകള്‍ അവിടെയില്ല. എണ്ണം മൂന്നരക്കോടി മാത്രം വരുന്ന മലയാളികള്‍ക്ക് പത്തോളം വാര്‍ത്താ ചാനലുകളും അതിന്റെ ഇരട്ടിയോളം ദിനപത്രങ്ങളും ഇന്നുണ്ട്. പ്രതികരിക്കാന്‍ ഇത്രയധികം മാധ്യമങ്ങളുണ്ടായിട്ടും കേരളം എന്തേ ഇങ്ങനെ എന്നു മാത്രം ചോദിക്കരുത്; കാരണം, നമ്മള്‍ മലയാളികള്‍ മറ്റുള്ളവരെ കണക്കിന് വിമര്‍ശിക്കുമെങ്കിലും വിമര്‍ശനം ഏറ്റുവാങ്ങാനുള്ള വിശാല മനസ്‌കതയൊന്നും നമുക്കില്ല.

ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും സജീവമായതോടെ മലയാളിയുടെ പ്രതികരണ മനോഭാവത്തിന് വലിയ ചിറകാണ് മുളച്ചത്. ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ മതി, ലോകത്തെ പ്രശ്‌നങ്ങളെന്തൊക്കെയാണെന്നും അവയ്ക്കുള്ള പ്രതിവിധി എന്താണെന്നും മനസ്സിലാകാന്‍. അമേരിക്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് മുതല്‍ കൊച്ചിയിലെ മാലിന്യ പ്രശ്‌നം വരെ ഒരേ ആവേശത്തോടെ മലയാളികള്‍ ദൈനംദിനം ചര്‍ച്ച ചെയ്തു രമിക്കുന്നു. അതിനിടയില്‍, സന്തോഷ് പണ്ഡിറ്റിനെയും സില്‍സില ഹരിശങ്കറിനെയും മണ്ണത്തൂര്‍ വില്‍സണെയും പോലെ വീണുകിട്ടുന്ന 'ഇര'കളെ പരിഹസിച്ചും തെറിവിളിച്ചും ആത്മനിര്‍വൃതിയടയുന്നു. ഒട്ടും പ്രതിപക്ഷ ബഹുമാനമില്ലാതെ, കേട്ടാലറക്കുന്ന തെറ ിവാചകങ്ങളോടെയുള്ള ഈ വിമര്‍ശനം ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നതാണ് അലിഖിത നിയമം.

രാജ്യാതിര്‍ത്തികളും ഭൂഖണ്ഡ പരിഗണനകളുമില്ലാത്ത മലയാളിയുടെ 'മെക്കിട്ടുകയറലി'ന് ഇത്തവണ ഇരയായത് പ്രമുഖ ടെന്നിസ് താരം മരിയ ഷറപ്പോവയാണ്. മലയാളികളുമായി ഒരു ബന്ധവുമില്ലാത്ത ഒരു വിഷയത്തിലാണ് സംഗതിയെന്നത് ഏറെ കൗതുകകരവും. വിംബിള്‍ഡണില്‍ വെച്ച് ഇന്ത്യയിലെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറെ മനസ്സിലായില്ല എന്നു പറഞ്ഞതായിരുന്നു റഷ്യക്കാരിയും ടെന്നിസിലെ ലോക അഞ്ചാം നമ്പര്‍ താരവുമായ ഷറപ്പോവ ചെയ്ത കുറ്റം! ക്രിക്കറ്റിനെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്ത റഷ്യയില്‍ നിന്നുള്ള ഒരു സെലിബ്രിറ്റി സചിനെ അറിയില്ല എന്നു പറയുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെങ്കിലും സചിന്റെ ആരാധകര്‍ അതൊരു മഹാ അപരാധമായാണ് കണ്ടത്. പ്രശ്‌നം ട്വിറ്ററിലും ഫേസ്ബുക്കിലും വന്‍വിവാദമായപ്പോള്‍ ഷറപ്പോവയെ 'തോല്‍പ്പിക്കാന്‍' മുന്നില്‍ നിന്ന് പോരാടിയത് മലയാളികളാണ്! ശ്രീശാന്തും ടിനു യോഹന്നാനും സഞ്ജു സാംസണുമൊഴിച്ചാല്‍ ക്രിക്കറ്റില്‍ കേരളത്തില്‍ വലിയ മേല്‍വിലാസമില്ലെങ്കിലും ഒരു അന്താരാഷ്ട്ര സെലിബ്രിറ്റിയെ വിമര്‍ശിച്ചു നന്നാക്കാന്‍ കിട്ടിയ അവസരം 'ഗ്ലോബല്‍ മല്ലൂസ്' നഷ്ടപ്പെടുത്തിയില്ല. റഷ്യക്കാരിയായ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ പച്ചമലയാളത്തിലായിരുന്നു കമന്റുകള്‍, അതും അസ്സല്‍ മലയാളം യൂണിക്കോഡ് ഫോണ്ടില്‍! മോശം വാക്കുകളാണെങ്കിലും എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസ്സിലാവാത്ത ഷറപ്പോവ അക്കാര്യം ഫേസ്ബുക്ക് പേജ് വഴി ചോദിക്കുക വരെ ചെയ്തു. മലയാളി പുരുഷ ബോധത്തിന്റെ സ്ത്രീവിരുദ്ധത മുറ്റിനിന്ന കമന്റുകളും ഷറപ്പോവയുടെ പേജ് നിറഞ്ഞു തുളുമ്പി. അന്താരാഷ്ട്ര മീഡിയ വരെ മലയാളിയുടെ ഈ അല്‍പത്തം വാര്‍ത്തയാക്കുകയും ചെയ്തു.

സ്വന്തം നാട്ടില്‍ തടിയനങ്ങാന്‍ മടിക്കുന്നവര്‍ മറുനാട്ടില്‍ പോയാല്‍ എല്ലുമുറിയെ പണിയെടുക്കുമെങ്കിലും മലയാളിയുടെ ലോകവീക്ഷണത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടാകാറില്ല. കൂടെ ജോലി ചെയ്യുന്ന ബംഗാളി തന്നേക്കാള്‍ ഉയര്‍ന്ന പോസ്റ്റിലാണെങ്കിലും 'ഛെ ബംഗാളി' എന്നൊരു പുച്ഛഭാവം തരംകിട്ടുമ്പോഴൊക്കെയും പ്രയോഗിക്കും.

മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടും എന്നതുമാത്രമല്ല, സ്വന്തം കാര്യത്തില്‍ (മാത്രം) അതീവ ജാഗ്രതയും പുലര്‍ത്തുന്നു എന്നതാണ് ശരിയായ മലയാളി മേല്‍വിലാസം. 'ഞാനും എന്റെ ഭാര്യയും തട്ടാനും'
എന്ന പഴഞ്ചൊല്ലില്‍ പതിരില്ല തെല്ലും. ലോകം നന്നാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരൊക്കെ സ്വന്തം കാര്യം വരുമ്പോള്‍ പ്ലേറ്റ് തിരിച്ചിടുന്ന ഏര്‍പ്പാട് ഏറ്റവും വ്യാപകമായി കാണുക ഒരുപക്ഷേ, മലയാളിയുടെ ജീവിതത്തിലായിരിക്കും. സംസ്‌കാരം, സദാചാരം തുടങ്ങിയ വാക്കുകള്‍ നാഴികക്ക് നാല്‍പ്പതു വട്ടം ഉച്ചരിക്കുമെങ്കിലും അവയുടെ പ്രയോഗത്തില്‍ നമ്മള്‍ അത്ര മുന്‍പന്തിയിലല്ല. സ്ത്രീ ശാക്തീകരണത്തെപ്പറ്റി ഫേസ്ബുക്കില്‍ വിപ്ലവലേഖനങ്ങള്‍ ചമക്കുന്നവരുടെ വീട്ടില്‍ ചെന്ന് അന്വേഷിച്ചാലറിയാം, സ്ത്രീകളോടുള്ള അവരുടെ പെരുമാറ്റത്തിലെ യാഥാര്‍ത്ഥ്യം. സ്ത്രീധനത്തെപ്പറ്റി ഒരു സര്‍വേ നടത്തിയാല്‍ 95 ശതമാനമാളുകളും അതിന്റെ ദൂഷ്യവശങ്ങളെപ്പറ്റിയേ സംസാരിക്കൂ. പക്ഷേ, അവരുടെയൊക്കെ വ്യക്തിജീവിതവും അതേപോലെയാവുമെന്ന് പ്രതീക്ഷിക്കരുതെന്നു മാത്രം. രാത്രിയില്‍ എതിരെ വരുന്ന വാഹനത്തിനു വേണ്ടി തന്റെ വണ്ടിയുടെ ലൈറ്റ് ഡിം ചെയ്യുന്നത് ഒരു കുറച്ചിലാണെന്ന് കരുതുന്ന ഒരേയൊരു മനുഷ്യവിഭാഗം മലയാളികളായിരിക്കും.

സ്വന്തം കാര്യം സുരക്ഷിതമാക്കാന്‍ വേണ്ടി ഏതടവും പയറ്റുന്ന രീതിയില്‍ മലയാളി ബഹുകേമന്മാരാണെന്ന് നമുക്കു തന്നെ അറിയാം. ലാല്‍ജോസിന്റെ 'അറബിക്കഥ'യില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഫ്രോഡ് കഥാപാത്രത്തെ ഗള്‍ഫിലെ യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടാത്തവര്‍ അപൂര്‍വമാവും. സ്വന്തം നാട്ടുകാര്‍ക്കും അന്യനാട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കു വരെ തക്കംകിട്ടിയാല്‍ 'പണി' കൊടുക്കുന്ന വിരുതന്മാരെ യഥേഷ്ടം കാണാം. മലയാളിയെ നമ്പിയ അറബികള്‍ക്ക് കിട്ടിയ എട്ടിന്റെ പണിക്കഥകള്‍ എഴുതാനിരുന്നാല്‍ നിര്‍ത്താന്‍ കഴിയില്ല.

കേരളത്തിന് പുറത്തെവിടെയാണെങ്കിലും ആളുകള്‍ തങ്ങളുടെ വരുമാനത്തിനനുസരിച്ചുള്ള ജീവിതമാണ് നയിക്കുക. വസ്ത്രധാരണം മുതല്‍ പാര്‍പ്പിടം വരെ അവര്‍ ഒരുക്കുന്നത് തങ്ങളുടെ കൈയിലുള്ള പണത്തിനനുസരിച്ചു മാത്രം. എന്നാല്‍, കേരളത്തിലെ ഒരു നഗരത്തിലൂടെ സഞ്ചരിച്ചാല്‍ വസ്ത്രധാരണം കൊണ്ടുമാത്രം ഒരാളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. സൗകര്യം എന്നതിനേക്കാള്‍ ദുരഭിമാനമാണ് മലയാളിക്ക് പാര്‍പ്പിടം. മൂന്നംഗ കുടുംബത്തിന് താമസിക്കാന്‍ പോലും 3000 സ്‌ക്വയര്‍ ഫീറ്റ് വീടുതന്നെ വേണം. അതും ആഢംബര ഫര്‍ണിച്ചറുകളും മറ്റ് ഉപകരണങ്ങളും ഉള്‍പ്പെടെ. വലിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പണം കൈവശമുണ്ടോ എന്നത് പ്രശ്‌നമല്ല. ബാങ്കുകളും വട്ടിപ്പലിശക്കാരും ചുറ്റുമുള്ളപ്പോള്‍ പിന്നെന്തിനു പേടിക്കണം? ഒടുവില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും കേരളം തന്നെ ബഹുകാതം മുന്നില്‍. ആത്മഹത്യാ നിരക്കില്‍ ലോകശരാശരിയോടൊപ്പം നില്‍ക്കുന്നതാണ് കേരളത്തിന്റെ കണക്കുകള്‍.

മലയാളിയുടെ കുറ്റവും കുറവും കണ്ടുപിടിച്ച് അവതരിപ്പിക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. മറിച്ച്, സാക്ഷര കേരളം പാലിക്കുന്ന, നിരക്ഷരരേക്കാള്‍ മോശമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ്. മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഗുണകരമായ ഒട്ടേറെ കാര്യങ്ങള്‍ മലയാളിയിലുണ്ടെന്നത് മറക്കാന്‍ കഴിയില്ല. പക്ഷേ, അവയെ അതിജയിക്കുന്ന തരത്തിലുള്ളതാണ് കുറ്റവും കുറവുകളും എന്നത് യാഥാര്‍ത്ഥ്യം

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല