Skip to main content

നൗഷാദ് എന്ന അപരാധി

നൗഷാദ്  എന്നാൽ, വിമൂകമായ ഉച്ചകളിലും തണുത്ത രാത്രികളിലും കേട്ട ഈ ഗാനമായിരുന്നു എനിക്ക്‌ ഇതുവരെ. നൗഷാദ് എന്നാൽ, രുചികരമായ ആഹാരങ്ങൾ വെച്ചുവിളമ്പുന്ന, കലാകാരൻകൂടിയായ തടിയൻ ചങ്ങാതിയായിരുന്നു... എന്നാൽ, ഇന്ന് നൗഷാദ് എന്നാൽ എനിക്ക് ഇതൊന്നുമല്ല; രണ്ടുദിവസംമുമ്പ്‌, മുഖപരിചയംപോലുമില്ലാത്ത രണ്ടു മനുഷ്യരെ രക്ഷിക്കാൻവേണ്ടി മരണത്തിന്റെ മാൻഹോളിലേക്കിറങ്ങിപ്പോയ, കോഴിക്കോട്ടെ സാധാരണക്കാരനായ ഓട്ടോറിക്ഷാഡ്രൈവറാണ്. അവൻ ജീവിച്ച്, പാതിവഴിക്കുവെച്ച് പിരിഞ്ഞുപോയ നഗരത്തിൽ ജീവിക്കുന്നതിൽ ഞാൻ വേദനയോടെ അഭിമാനിക്കുന്നു.
നാം മുന്നോട്ടാണോ പിന്നോട്ടാണോ യാത്രചെയ്യുന്നതെന്നകാര്യത്തിൽ അതിയായ സങ്കടങ്ങളും സംശയങ്ങളുമുള്ളയാളാണു ഞാൻ. ജാതി, മതം, സമുദായം, സമുദായരക്ഷായാത്രകൾ, വോട്ടുബാങ്കുകൾ, വോട്ടുചോർച്ചകൾ, സമുദായസംഗമങ്ങൾ, വെല്ലുവിളികൾ, അധികാരവും ജാതിയും മതവും രാഷ്ട്രീയവും കച്ചവടംചെയ്യുന്ന മുതലാളിമാർ... എല്ലാംചേർന്നു പങ്കിട്ടെടുത്ത ഭൂമിയിലാണു നാം ജീവിക്കുന്നത്. പച്ചയായ മനുഷ്യസ്നേഹമെന്നത് ഖനനംചെയ്തെടുക്കേണ്ട ഒരു അപൂർവവസ്തുവായിക്കഴിഞ്ഞിരിക്കുന്നു. ചുറ്റിലുമുള്ള മനുഷ്യരെമാത്രമല്ല പ്രകൃതിയെക്കൂടി നാം പലവർണങ്ങൾനൽകി പങ്കിട്ടെടുത്തുകഴിഞ്ഞു. തൊട്ടടുത്തിരിക്കുന്നയാൾ നമുക്ക് നമ്മെപ്പോലുള്ള ഒരു മനുഷ്യനല്ല ഇന്ന്, ഒരു പ്രത്യേക സമുദായക്കാരനാണ്, മതക്കാരനാണ്. ദുരിതാശ്വാസകേന്ദ്രങ്ങൾപോലും മതംനോക്കി കൂടാരങ്ങളൊരുക്കുന്ന കെട്ടകാലം... അവിടെയാണ്‌ നൗഷാദ്, നീ, അപകടത്തിൽ വീണവന്റെ ഊരോ പേരോ മതമോ സമുദായമോ നോക്കാതെ, മരണത്തിന്റെ മാൻഹോളിലേക്കൂർന്നിറങ്ങി സ്വയം മൃതദേഹമായി തിരിച്ചുവന്നത്. നൗഷാദ്, നീയിന്നെനിക്ക്‌ വെറുമൊരു പേരല്ല, സൂര്യനെക്കാൾ പ്രകാശമുള്ള നന്മയാണ്.
   സഹിഷ്ണുതയുടെയും അസഹിഷ്ണുതയുടെയും പേരിൽ, പോത്തിൻറെയും പശുവിന്റെയും പേരിൽ, അമ്പലത്തിന്റെയും പള്ളിയുടെയും പേരിൽ, കാവിയുടെയും കഅബയുടെയും പേരിൽ ചേരിതിരിഞ്ഞ് മനുഷ്യർ യുദ്ധസന്നദ്ധരായി നിൽക്കുന്ന ഭൂമിയിലാണ്, എന്റെ കോഴിക്കോട്ടുകാരനായ നൗഷാദ്‌, പറഞ്ഞ ചായക്കു കാത്തുനിൽക്കാതെ പരജീവനുവേണ്ടി പിടഞ്ഞെഴുന്നേറ്റോടിയത്. സ്വന്തം ജീവിതത്തിന് അല്പംപോലും പരിക്കേൽക്കാതെ ‘എല്ലാക്കാര്യങ്ങളിലും സജീവമായി’ ഇടപെടുന്ന പ്രാക്ടിക്കൽ പേനയുന്തുകാരുടെ നടുവിൽനിന്നാണ് നൗഷാദ്, നീ, ‘അന്യസംസ്ഥാനത്തൊഴിലാളി’കളെന്ന് നാം അറപ്പോടെ പറയുന്ന രണ്ട് ആന്ധ്രക്കാരുടെ, ആരും വിലയിടാത്ത, ജീവനുവേണ്ടി സ്വജീവിതവും െെകയിലെടുത്തോടിയത്. നീ എത്രയോതവണ ഓട്ടോ ഓടിച്ചുപോയ വഴികളിൽ ഞാനിന്ന് നിറകണ്ണുകളോടെ നിൽക്കുന്നു.
പോലീസ്, പട്ടാളം, അഗ്നിശമനസേന തുടങ്ങിയ രക്ഷാവിഭാഗങ്ങളെപ്പോലെയല്ല നൗഷാദ് ചായക്കടയിൽനിന്ന്‌ അപകടസ്ഥലത്തേക്കോടിയെത്തിയത്. ജോലിയുടെ ഭാഗമല്ല അയാളുടെ ഈ പ്രവൃത്തി. പച്ചയായ മനുഷ്യന്റെ കരച്ചിൽകേട്ട് ഉള്ളംതകർന്നും ഉള്ളംകാൽ വെന്തും നടത്തിയ യാതനായജ്ഞമാണ്. അതാണ്, ഇതാണ് യഥാർഥ യജ്ഞം; അരണിയോ അഗ്നിയോ ഇല്ലാത്ത യജ്ഞം. നൗഷാദ്, ഇതിനു നിനക്ക് പാരിതോഷികങ്ങളും പരമവീരചക്രങ്ങളുമൊന്നും കിട്ടുമായിരുന്നില്ലല്ലോ, നിന്നെയാരും ആദരിക്കുമായിരുന്നില്ലല്ലോ, നിന്നെപ്പറ്റിയാരും പ്രശസ്തിപത്രങ്ങൾ ചമയ്ക്കുമായിരുന്നില്ലല്ലോ... എന്നിട്ടും എന്തിനാണ് നൗഷാദ്‌, നീ, മരണത്തിന്റെ ആ മാൻഹോളിലേക്കിറങ്ങിപ്പോയത്? എന്താണു നീ ഞങ്ങളെപ്പോലെ അല്പം ‘പ്രാക്ടിക്കലാ’വാഞ്ഞത്?
അതിർത്തിയിൽ ശത്രുപക്ഷത്തിന്റെ വെടിയേറ്റുവീണ പട്ടാളക്കാരനെ നാം ധീരജവാനെന്നു വിളിക്കും. അവന്റെ മൃതദേഹം നാം ആദരവോടെ ഏറ്റുവാങ്ങി വെടിയൊച്ചയുടെ അകമ്പടിയോടെ  മണ്ണിലേക്കോ അഗ്നിയിലേക്കോ ഇറക്കിെവക്കും. എന്നാൽ, പ്രിയപ്പെട്ട നൗഷാദ്, നീ, മാൻഹോളിന്റെ ഇരുട്ടിൽനിന്ന്‌ മിഴിപൂട്ടിപ്പുറത്തുവന്ന് ആറടിമണ്ണിലേക്കിറങ്ങിക്കിടക്കുമ്പോൾ നിനക്കുചുറ്റും കവചിതവാഹനങ്ങളോ നീ കിടക്കുന്ന മണ്ണിനു മുകളിലെ ആകാശത്തിലേക്ക് അലങ്കാരവെടികളോ ഉണ്ടാവില്ല. നിന്നെപ്പറ്റിയാരും കവിതയെഴുതില്ല. എങ്കിലും സാധാരണക്കാരായ ഒരുപാടു മനുഷ്യർ നിനക്കുചുറ്റും നിറമിഴികളോടെ നിൽപ്പുണ്ടാവും. അവസാനപിടി മണ്ണും എറിഞ്ഞ് പിരിയുമ്പോൾ അവർ നിനക്കൊരു സല്യൂട്ട് തരും, ചുരുട്ടിപ്പിടിച്ചാൽ ഹൃദയത്തിന്റെ വലിപ്പമുള്ള വലതുകൈപ്പത്തികൊണ്ട്.
നൗഷാദിനെപ്പോലുള്ള മനുഷ്യർ ഈ ഭൂമിയിൽ ആദ്യമല്ലെന്ന് ഞാൻ തിരിച്ചറിയുന്നു. പരജീവിതങ്ങൾക്കു വേണ്ടി പലരും സ്വജീവൻ എറിഞ്ഞുകൊടുത്തിട്ടുണ്ട്. ബി.പി. മൊയ്തീനെയും ഞാൻ അക്കൂട്ടത്തിലോർക്കുന്നു. അവരുടെ ശ്രേണിയിലേക്ക്‌ ഏറ്റവും പ്രകാശമുള്ള ഒരു പന്തംപോലെ, ഒരിക്കലും അസ്തമിക്കാത്ത നക്ഷത്രംപോലെ നൗഷാദ് നീ ഇന്ന് കയറിവന്നിരിക്കുന്നു. ഇരുട്ടിൽ നക്ഷത്രവെളിച്ചമായി നീയിനി ഞങ്ങൾ അന്ധർക്കു വഴികാട്ടും.
പ്രിയപ്പെട്ട നൗഷാദ്, നീ മരിച്ചതല്ല എന്നുപോലും ഞാൻ വിശ്വസിക്കുന്നു. മതംകൊണ്ടും സമുദായംകൊണ്ടും പണംകൊണ്ടും പെരുമകൊണ്ടും പാർട്ടികൊണ്ടും മനുഷ്യരെ ഭിന്നിപ്പിച്ച് നടുവിൽനിന്നു ചോരകുടിക്കുന്ന ചെകുത്താൻമാരുടെ നടുവിൽനിന്ന് മനുഷ്യത്വത്തിന്റെ മാൻഹോളിലേക്കിറങ്ങി ആത്മബലിചെയ്യുകയായിരുന്നു നീ. മലിനജലത്തിൽ, ഇരുട്ടിൽ അവസാനശ്വാസമെടുക്കുമ്പോൾ നീ സ്വയം ചോദിച്ചിട്ടുണ്ടാവും: എന്തുകൊണ്ട് നമുക്കൊന്നു നന്നായിക്കൂടാ?
നൗഷാദ്, ഇനി എന്റെ പ്രിയപ്പെട്ട കോഴിക്കോട് നഗരത്തിലൂടെ പകലുകളിൽ, സന്ധ്യകളിൽ, രാത്രികളിൽ നടക്കുമ്പോൾ നീ ചോദിച്ച ഈ ചോദ്യം എനിക്കുപിറകെയുണ്ടാവും. അപ്പോഴെല്ലാം പ്രിയപ്പെട്ട പാട്ടുകാരനെയും പാചകക്കാരനെയും മറന്ന് ഞാൻ നിന്റെ വിരലിൽ തൊടാൻ വെറുതേ ശ്രമിക്കും; മറ്റൊന്നിനുമല്ല, അമരത്വമെന്തെന്നറിയാൻ. നൗഷാദ് നീയെനിക്കിന്ന് വെറുമൊരു പേരല്ല; നെഞ്ചിലെ നേരും നെറിയും നിഷ്കളങ്കതയുമാണ്. ഇതാ ഒരു മനുഷ്യൻ എന്ന് ചൂണ്ടിക്കാണിക്കാവുന്ന രൂപമാണ്. 

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല