Skip to main content

ദേ മാന്ദ്യം വരുന്നേ…



ദേ മാന്ദ്യം വരുന്നേഎന്നു വിളിച്ചുകൂവി ജനങ്ങളെ പേടിപ്പിക്കുകയല്ല ഉദ്ദേശം. യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിച്ചു പ്രതികരിച്ചില്ലെങ്കില്‍ മലയാളികളുടെ കാര്യം കഷ്ടമാകുമെന്നൊരു മുന്നറിയിപ്പു മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. മനനം ചെയ്യാനും കൃത്യമായ നടപടികളിലൂടെ വികസനം സാധ്യമാക്കാനും സമയമായിരിക്കുന്നു. ഇല്ലെങ്കില്‍ മാളികമുകളേറിയ മലയാളികള്‍ തോളില്‍ മാറാപ്പേന്തുന്ന കാലം വിദൂരമല്ല.
സര്‍ക്കാര്‍ നയങ്ങള്‍ക്കുപരി വിദേശപണത്തെ ആശ്രയിച്ചും അതിലൂടെയുള്ള വികസനത്തിനും പാത്രീഭവിച്ച സംസ്ഥാനമാണ് കേരളം (ഭൂപരിഷ്‌കരണം പോലെയുള്ള കേരള നവോഥാനത്തിനു കാരണമായ ശക്തമായ നടപടികളെ മറയ്ക്കുന്നില്ല). കേരളം സമ്പല്‍സമൃദ്ധമായതിനും മലയാളികളില്‍ നല്ലൊരു വിഭാഗം 365 ദിവസവും ഓണമുണ്ണുന്നതിനും പിന്നിലുള്ള പ്രവാസിപ്പണത്തിന്റെ പങ്കു ചില്ലറയല്ല. എല്‍ഇഡി ലൈറ്റ് പോലെ തെളിഞ്ഞു കത്തിയിരുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു വോള്‍ട്ടേജ് ഇല്ലാതായിട്ടു കാലം കുറേയായി. സമ്പൂര്‍ണ സാക്ഷരത നേടിയ മലയാളികള്‍ തിമിരബാധിതരേപ്പോലെ ഈ മങ്ങിയ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുന്നു.
കേരളത്തിന്റെ വരവു ചെലവു കണക്കുകള്‍ കൃത്യമായി പരിശോധിക്കുന്നവര്‍ക്കു സിഎജി റിപ്പോര്‍ട്ട് ഒന്നും നോക്കേണ്ട ആവശ്യമില്ല, കാര്യങ്ങളുടെ കിടപ്പറിയാന്‍. വര്‍ഷങ്ങളായി ശമ്പളം ഉള്‍പ്പെടെയുള്ള നിത്യനിദാനച്ചെലവുകള്‍ക്കു കടമെടുക്കുന്ന പതിവാണു കണ്ടുവരുന്നത്. ഒട്ടും ആശാസ്യമല്ലാത്ത ഒരു അവസ്ഥയാണ് റെവന്യൂ ചെലവുകള്‍ക്കു വായ്പ വാങ്ങുന്നതെന്നു സാമ്പത്തിക വിദഗ്ധര്‍ക്കറിയാം. സാധാരണക്കാര്‍ക്കു പോലും മനസിലാകുന്ന ഭാഷില്‍ പറഞ്ഞാല്‍ ദിവസേനയുള്ള എല്ലാ ചെലവുകള്‍ക്കും പലിശ കൊടുത്തു കടം വാങ്ങുന്ന വീടുകളുടെ സാമ്പത്തിക ആരോഗ്യം തന്നെയാണ് നിലവില്‍ സംസ്ഥാനത്തുമുള്ളത്. ദൈനംദിന ചെലവുകള്‍ക്കു പണം ഉണ്ടായിരിക്കുന്ന ചിലര്‍ വീടിന്റെ ഉന്നമനത്തിനായി കാര്‍, ഗൃഹോപകരണങ്ങള്‍ ഇവയൊക്കെ സ്വന്തമാക്കാന്‍ ലോണെടുക്കുന്നത് ഒരു പരിധിവരെ നന്നെന്നു നമ്മള്‍ പറയും. അതായത് ചെലവു കഴിഞ്ഞുള്ള പണം ലോണടഞ്ഞുപോകും. പോരാത്തതിന്അതൊരു ബാധ്യയാണെങ്കില്‍ പോലും ഒരു പുതിയ ആസ്തി സ്വന്തമാവുകയും ചെയ്യും. സര്‍ക്കാരിന്റെ കാര്യത്തിലും പുതിയ പദ്ധതികളും കെട്ടിടങ്ങളുമൊക്കെ നിര്‍മിക്കാന്‍ വായ്പയെടുക്കുമ്പോള്‍ ആസ്തി മൂല്യം വര്‍ധിക്കുന്നതു കൊണ്ടുതന്നെ അവ ആശാസ്യമെന്നു നമുക്കു പറയാനാവും. എന്നാല്‍ ഇത്തരം കാപ്പിറ്റല്‍ ചെലവ് കേരളത്തില്‍ നടക്കുന്നില്ല. കടമെടുത്തു നിത്യനിദാനച്ചെലവുകള്‍ തട്ടിമുട്ടി നടത്തുന്നു.
ഒരോ വര്‍ഷത്തെയും ബജറ്റ് പ്രഖ്യാപന സമയത്തു പേന്‍ ചീപ്പിനും വാസനസോപ്പിനും വിലകുറയുന്നുണ്ടോ? എന്തിനൊക്കെ വിലകൂടി എന്നൊക്കെ നോക്കി കൈയടിക്കുകയും കാഞ്ഞനം കുത്തുകയും ചെയ്യുന്ന പ്രബുദ്ധ മലയാളികള്‍ ഒരിക്കലും ബജറ്റിലെ വരവു ചെലവു വിഭാഗം മരുന്നിനുപോലും നോക്കാറില്ല. കുനിയനുറുമ്പുകള്‍ പോലെ പരന്നുകിടക്കുന്ന അക്കങ്ങള്‍ നോക്കിയിട്ടു കാര്യമെന്തെന്നാവും? നോക്കണം, നല്ല വൃത്തിയായി നോക്കണം. ബജറ്റിലെ ആ അക്കങ്ങളില്‍നിന്നാണ് ബജറ്റിലെ അക്ഷരങ്ങള്‍ ജനിക്കുന്നത്. എത്രപേര്‍ കഴിഞ്ഞ ബജറ്റുകള്‍ വ്യക്തമായി പരിശോധിച്ചിട്ടുണ്ട്? പ്രഖ്യാപിച്ച പദ്ധതികളില്‍ എത്ര എണ്ണം നടപ്പാക്കിയിട്ടുണ്ട്? അതിനെത്ര തുക നീക്കിവച്ചിരിക്കുന്നു? അല്ലെങ്കില്‍ അതിനുള്ള പണം ഖജനാവിലുണ്ടോ? എന്നു ചിന്തിച്ചിട്ടുണ്ട്.
പ്രഖ്യാപിത പദ്ധതികളില്‍ വിരലിലെണ്ണാവുന്നതു മാത്രമേ നടപ്പാക്കുന്നുള്ളൂ. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നത് നടപ്പാകാ പദ്ധതികള്‍. പദ്ധതികളുടെ തുക വകയിരുത്തലിലും വൈരുദ്ധ്യങ്ങളേറെ. ഏതോ ട്രോളന്‍മാര്‍ ഇത്തവണ ബജറ്റിനെ പരിഹസിച്ചതുപോലെബിഎംഡബ്ല്യൂ കാര്‍ വാങ്ങാന്‍ 1000 രൂപ, ഐഫോണ്‍ വാങ്ങാന്‍ 500 രൂപ, ഇംഗ്ലണ്ടില്‍ ഉപരിപഠനത്തിന് 250 രൂപ എന്ന മട്ടിലാണ് തുക വകയിരുത്തല്‍. ഇതു നോക്കിയാല്‍തന്നെ എത്ര കാര്യങ്ങള്‍ നടപ്പാകുമെന്നു മനസിലാകും. സാമ്പത്തിക വിദഗ്ധരല്ലാത്തവര്‍ ബജറ്റ് ഉണ്ടാകുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല.
പറഞ്ഞുവന്നത് സര്‍ക്കാരിന്റെ കാര്യം. മൊത്തം കടക്കെണിയില്‍. അതില്‍നിന്ന് എങ്ങനെ പുറത്തുവരാമെന്നതിനു ഞാന്‍ ആലോചിച്ചിട്ട് വലിയ വഴിയൊന്നും സമീപഭാവിയില്‍ കാണുന്നില്ല. ദാഹിക്കുന്നവനു വെള്ളം, വിശക്കുന്നവനു ഭക്ഷണം ഇങ്ങനെയാണ് വിതരണം വേണ്ടതെന്നു മനസിലാക്കാന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ? സര്‍ക്കാര്‍ നടപ്പാക്കുന്ന എത്ര പദ്ധതികള്‍ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ചുറ്റുപാടുകളില്‍ ആവശ്യമുണ്ട്? വേണ്ടാത്ത പരിഷ്‌കാരങ്ങളും വേണ്ടാത്ത പദ്ധതികളും കുത്തിനിറച്ചിട്ടു കാര്യമുണ്ടോ? വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവനു മുന്നില്‍ കെഎഫ്‌സി ചിക്കന്‍ കൊണ്ടുവച്ചിട്ടെന്തു കാര്യം? ഇന്ന് കൊട്ടിഘോഷിക്കുന്ന മുന്‍നിര പദ്ധതികളില്‍ എത്ര എണ്ണം നമുക്കാവശ്യമുണ്ട്? ഇതു വന്നതു മൂലം സാമ്പത്തിക പരാധീനതയിലായി കൂമ്പടഞ്ഞുപോയ എത്രയോ കുടുംബങ്ങളുണ്ട്?
പണ്ടൊക്കെ, പ്രവാസികളല്ലാത്ത കൂട്ടത്തില്‍ ബിസിനസുകാര്‍ക്കെങ്കിലും കാശുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്കുമില്ല പണം. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമല്ലോ? വഴക്ക്, അടിപിടി, അഴിമതി, കത്തിക്കുത്ത്, ലഹരിക്കടത്ത് ഇഴയൊഴികെ നമ്മളായിട്ട് ഒന്നും ഉണ്ടാക്കുന്നില്ലല്ലോ? എന്നാല്‍ വല്ല സംസ്ഥാനക്കാരുണ്ടാക്കി വയ്ക്കുന്നതു മുഴുവന്‍ വാങ്ങിക്കൂട്ടുകയും ചെയ്യും. പണ്ടൊക്കെ അതിനുള്ള പണം മലയാളിക്കുണ്ടായിരുന്നു. ഇപ്പോള്‍ മണി സര്‍ക്കുലേഷന്‍ നോക്കിയാല്‍ പണം മുഴുവന്‍ പോകുന്നത് ഇതര സംസ്ഥാനങ്ങളിലേക്കാണ്.
മെട്രോ പണി മുതല്‍ ഏതൊരു പണിക്കും ബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ള സഹോദരങ്ങള്‍. വെറും പച്ചരിച്ചോറോ തക്കാളിക്കറിയും ചപ്പാത്തിയും ചായ പോലും വേണ്ടാതെ വെറും ചാറും കൂട്ടി അരിഷ്ടിച്ചു ജീവിക്കുന്ന ഇവര്‍ മിച്ചം പിടിക്കുന്ന പണം മുഴുവന്‍ സ്വന്തം നാട്ടിലേക്ക് അയക്കുന്നു. വാരാന്ത്യത്തില്‍ ബാങ്കുകളിലെ കണക്കു പരിശോധിച്ചാല്‍ ഇതര സംസ്ഥാനങ്ങളേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നത്. ഇവിടെ ചെലവഴിക്കപ്പെടേണ്ട പണമാണിത്. കൃത്യമായ സര്‍ക്കുലേഷനില്‍ ആ പണം ഇവിടെ ചെലവഴിക്കുകയും ഇവിടെയുള്ള വേറൊരാളിലേക്കെത്തുകയും വേണം.
പണം ബംഗാളിലെത്തുന്നതോടെ കേരളത്തിലെ പണമൊഴുക്കിന്റെ ചങ്ങല മുറിയുന്നു. അതുനേരേ, ഇതര സംസ്ഥാനങ്ങളിലെ വിപണികളിലെത്തുന്നു. ഇവിടെ കാര്യമായ ഉല്‍പാദനം ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ഉല്‍പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ വിറ്റഴിച്ച് ആ പണം തിരികെ ഇവിടെ കൊണ്ടുവരാമായിരുന്നു. നാട്ടില്‍ പോകുന്ന ഇതര സംസ്ഥാനക്കാരന്‍ ഇവിടെനിന്നൊരു കടലമിഠായി പോലും വാങ്ങില്ല. കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ അതിലും കുറഞ്ഞ വിലയില്‍ അവനു വണ്ട സാധനങ്ങള്‍ കിട്ടും. ഉല്‍പാദന സംസ്ഥാനമാകാന്‍ കേരളം കിണഞ്ഞു പരിശ്രമിക്കേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ കറവപ്പശുവായിരുന്ന ഗള്‍ഫ് നാടുകളില്‍ കറവ വറ്റിത്തുടങ്ങിയിരിക്കുന്നു. എണ്ണ വില മൂക്കും കുത്തി വീണതോടെ ബജറ്റും ബാലന്‍സ് ഓഫ് പേയ്‌മെന്റും ശരിയാക്കാന്‍ നെട്ടോട്ടമോടുകയാണ് മധ്യേഷന്‍ രാജ്യങ്ങള്‍. എണ്ണയ്ക്കു വെള്ളത്തേക്കാളള്‍ വില കുറയുമെന്ന അവസ്ഥ അവരുടെ ഉറക്കം കെടുത്താന്‍തുടങ്ങിയിട്ടു നാളേറെയായി. കാരണം കേരളത്തെപ്പോലെ അവര്‍ക്കും വേറെ വരുമാനസ്രോതസില്ല. മറ്റു മേഖലകള്‍ ടൂറിസം, വിദ്യാഭ്യാസം ഒക്കെ വികസിപ്പിച്ചു പ്രശ്‌നപരിഹാരം തേടാം എന്നാണ് അജന്‍ഡയെങ്കിലും നടക്കാന്‍ ഇമ്മിണി ബുദ്ധിമുട്ടാ. ബാരലിനു 110 ഡോളറിലൊക്കെ നിന്ന് എണ്ണവില ഇപ്പോള്‍ പകുതിയിലധികം താഴ്ന്നിരിക്കുന്നു. വരവും ചെലവും പിന്നെങ്ങനെ കൂട്ടിമുട്ടിക്കും?
ഇതൊക്കെ തുടക്കം മാത്രം. അതുക്കം മേലെ വരാനിരിക്കുന്നതേയുള്ളൂ. നികുതി ഇല്ലാത്ത നാട്ടില്‍ നികുതിയൊക്കെ വരും. പെട്രോളിനു വില അവരുതന്നെ കൂട്ടും. ഇതുകൊണ്ടൊന്നും പിടിച്ചുനില്‍ക്കാന്‍ പറ്റില്ലാന്ന് അവര്‍ക്കു വൃത്തിയായിട്ടറിയാം. പിന്നെന്തു ചെയ്യും. മനസില്ലാ മനസോടെയാണെങ്കിലും നാട്ടില്‍ പണിയെടുത്തില്ലേലും അന്യനാട്ടില്‍ പെടാപ്പാടു പെടുന്ന മലയാളി ഉള്‍പ്പെടെയുള്ള പ്രവാസികളെ സ്‌നേഹപൂര്‍വം പിടിച്ചു പുറത്താക്കുക. അതു തുടങ്ങിക്കഴിഞ്ഞു. വമ്പന്‍ ശമ്പളം വാങ്ങിയിരുന്ന പലരുടെയും ശമ്പളത്തിലെ അക്കങ്ങള്‍ കുറഞ്ഞു. പലര്‍ക്കും പണിതന്നെ പോയി. ഇനി ബാക്കിയുള്ളവര്‍ പെട്ടി പായ്ക്കു ചെയ്യാനും തുടഹ്ങി.
ഒന്നാലോചിച്ചാല്‍ പരാധീനക്കാരെക്കൊണ്ട് ഇപ്പോള്‍തന്നെ പൊറുതിമുട്ടിയിരിക്കുന്ന ഒരു സംസ്ഥാനത്തേക്ക് പെട്ടിയും കിടക്കയും എടുത്തു വരുന്ന ലക്ഷങ്ങളും കൂടി ഒന്നുകില്‍ പട്ടിണിയങ്ങ് ആഘോഷിക്കുക, അല്ലെങ്കില്‍ ഇതൊക്കെ മുന്‍കൂട്ടി കണ്ട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. പ്രവാസികളോ കയ്യില്‍ ചിരട്ടയുമായിരിക്കുന്ന സര്‍ക്കാര്‍ നിങ്ങള്‍ക്കു വേണ്ടി എന്തേലും ചെയ്യുമെന്ന പ്രതീക്ഷയത്ര വേണ്ടെന്നാണല്ലോ സമീപകാലാനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതര സംസ്ഥാനങ്ങളിലേക്കു പണം പോയാലും ചെലവഴിക്കാന്‍ മുന്‍കാലത്തു ഇവിടത്തെ ബിസിനസുകാരുണ്ടായിരുന്നു. പാവങ്ങള്‍, ഇപ്പോള്‍ അവര്‍ക്കും പണമില്ല. സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ കൂടി പലരും ഉള്ള ബിസിനസ് അടച്ചുപൂട്ടി മുകളിലേക്കു നോക്കി കണ്ണും തള്ളിയിരിപ്പാണ്. ഇവരു ബിസിനസ് പൂട്ടിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളോ, അവരും മുതലാളിമാരോട് ഐകമത്യം പ്രഖ്യാപിച്ച് കണ്ണും തള്ളിയിരിക്കുന്നു. പിന്നെ ഞങ്ങളായിട്ടെന്തിനെന്നായി സര്‍ക്കാര്‍. ദാഹിക്കുന്ന കുട്ടിക്കു നല്ലൊന്താരം കരിക്കിട്ടുകൊടുക്കാന്നു പറഞ്ഞു കൊച്ചിനെ തെങ്ങിന്‍ചുവട്ടില്‍ നിര്‍ത്തി തേങ്ങ മൊത്തമായി വെട്ടി തലയിലേക്കിട്ടുകൊടുക്കാറില്ലല്ലോ?
സത്യം പറഞ്ഞാല്‍ സീന്‍ മൊത്തം ശോകമാണ്. അഴിമതി നടത്തിയവരുടെ കൈയില്‍ മാത്രം പണമുണ്ട്. അതു ചെലവാക്കപ്പെടുന്നുമില്ലല്ലോ? ഇതൊക്കെയും വിദേശരാജ്യങ്ങളില്‍ ഒഴുകുന്നു. സമ്പദ് വ്യവസ്ഥയുടെ താളം വീണ്ടെടുക്കാന്‍ കഴിവുള്ളതാണ് ഈ അഴിമതിക്കാരുണ്ടാക്കിയിരിക്കുന്ന കള്ളപ്പണം.
മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വേറെയുമുണ്ട്. ബാറില്ല, ബിസിനസില്ലഎന്നാലോ സദാചാരക്കാരും തെരുവുനായ്ക്കളും ധാരാളമുണ്ട് എന്ന പ്രചാരണം ശക്തമായതുകൊണ്ടു വിദേശികളും തിരിഞ്ഞുനോക്കുന്നില്ല. ടൂറിസം മേഖലയും തകര്‍ന്നു. തക്കം നോക്കിയിരിക്കുന്ന മറ്റു മലയാളികളും രാജ്യങ്ങളും സഞ്ചാരികളെ അടിച്ചുമാറ്റി പണമുണ്ടാക്കുന്നു. മലയാളികള്‍ കണ്ടുപഠിക്കുകതന്നെ വേണം. മലയാളി മാറണം. ഭരിക്കുന്നവരും മാറണം. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ശീലം നന്നല്ല. സര്‍ക്കാരിനും ജനങ്ങള്‍ക്കും. പറഞ്ഞുവന്നതിനിടയില്‍ പിടലിക്കടികിട്ടിയ പാവം കര്‍ഷകരുടെ കാര്യം വിട്ടുപോയി. സര്‍ക്കാരുപോലും അവരെ ഓര്‍ക്കുന്നില്ല. മൂല്യം നഷ്ടപ്പെട്ട രാഷ്ട്രീയം മറക്കണം.
ജനങ്ങളും രാജ്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും ചേര്‍ന്ന് പുതിയൊരു സാമ്പത്തിക അജന്‍ഡ ഉണ്ടാക്കി അതു നടപ്പാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കണം. നല്ല കാര്യം നടപ്പാക്കാന്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. വ്യക്തമായ രാഷ്ട്രീയ, ചരിത്രബോധമുള്ള സാന്പത്തിക വിദഗ്ധർ ഭരണനിരയിലേക്കു വരണം. എങ്കിലേ കാര്യങ്ങള്‍ മാറൂ. അല്ലെങ്കില്‍, ബംഗാളും ബിഹാറിലും പണിയെടുക്കാന്‍ മലയാളി വൈകാതെ മനസുകൊണ്ട് തയാറാകേണ്ടിവരും

Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല