Skip to main content

"ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ"

ഇല്ല, വിശ്വസിക്കാനാവുന്നില്ല ആ വിയോഗവാർത്ത,
രാവിലെ അലാറം ഓഫാക്കി എഴുന്നേൽക്കവെ തുടരെത്തുടരെയുള്ള വാട്ട്സപ്പ് നോട്ടിഫിക്കേഷൻ,
"
ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ"
ഏതോ മരണ വാർത്തയാണ്,
തുറന്ന് നോക്കിയപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ, 
മരണം ഒരു യാഥാർത്ഥ്യമാണെങ്കിലും ഒരിക്കലും കേൾക്കരുതേ എന്നാശിച്ച വാർത്ത!
"
ശൈഖുനാ ചെറുശ്ശേരി ഉസ്താദ് വഫാത്തായി"
ഏറെ ദിവസമായി രോഗബാധിതനാണെങ്കിലും എല്ലാം അതിജീവിച്ച് മുസ്ലിം ഉമ്മത്തിന് നേതൃത്വം നൽകാൻ ഉസ്താദ് തിരിച്ച് വരുമെന്ന് തന്നെ മനസ്സ് പറഞ്ഞിരുന്നു,
എന്നാലും ഇത്ര പെട്ടെന്ന്..... 
****
ദാറുൽഹുദായിലെ പഠനം നൽകിയ വിലമതിക്കാനാവാത്ത അനുഭവമാണ് ആ വലിയ മനുഷ്യൻറെ സാമീപ്യവും ശിഷ്യത്വവും. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ അഭിവന്ദ്യ കാര്യദർശിയായിട്ടും എപ്പോഴും വിനയവും ലാളിത്യവും കാരണം മഹാനവർകളുടെ തല താഴ്ന്ന് തന്നെ നിന്നു. 
ദിവസവും രാവിലെ എട്ടരക്ക് ഉസ്താദ് ദാറുൽഹുദായിലെത്തിയാൽ പിന്നെ കാന്പസ് മുഴുവൻ നിശബ്ദമാവും. മുതിർന്ന മൂന്ന് ക്ലാസുകാർക്ക് ദിവസവും ഓരോ പിരീഡ്. എത്ര തിരക്കുകളുണ്ടായാലും ഈ മൂന്ന് പിരീഡുകൾ മുടങ്ങാറില്ല. വളരെ അപൂർവമായല്ലാതെ ഈ സമയങ്ങളിൽ മറ്റൊരു പരിപാടിയും ഏറ്റെടുക്കാറുമില്ല.
ക്ലാസ് കഴിഞ്ഞാൽ റൂമിൻറെ മുന്നിൽ കസേരയിട്ട് ഒരു ഇരുത്തമുണ്ട്,

കൈയിൽ തസ്ബീഹ് മാലയും ചുണ്ടിൽ ദിക്റുകളുമായി ഇരുന്നാൽ കാന്പസിൽ ഒരു ഇല പോലും അനങ്ങില്ല, ആയിരക്കണക്കിന് വിദ്യാർത്ഥികളെ ഇൽമിൻറെ വഴിയിൽ നടത്താനുള്ള ചുമതല തൻറെ മേലാണെന്ന ഉത്തരവാദിത്ത ബോധം ഉസ്താദ് നല്ലവണ്ണം ഉൾക്കൊണ്ടിരുന്നു. 
പള്ളിയിൽ നിന്നും ഡൈനിംഗ് ഹാളിൽ നിന്നുമൊക്കെ സംസാരിക്കുന്നവരെയും മറ്റു ചെറിയ ചെറിയ തെറ്റുകൾ വരെ ഉസ്താദ് സസൂക്ഷ്മം നിരീക്ഷിച്ച് ശിക്ഷ തരാറുണ്ടായിരുന്നു. 
ഉസ്താദിൻറെ കൈയ്യിൽ നിന്നും 'മധുരമുള്ള' ഒരു ചൂരൽക്കഷായം കിട്ടാത്തവർ കുറവാണ്.
സ്ഥാപനത്തിൻറെ പ്രിൻസിപ്പാളാണെങ്കിലും ഇത്തരം ചെറിയ അച്ചടക്ക രാഹിത്യങ്ങൾ പോലും ശ്രദ്ധിക്കാൻ കാരണം ഉസ്താദിൻറെ ഉത്തരവാദിത്തബോധം തന്നെ
പുറത്തുള്ള ഗൌരവം പക്ഷെ ക്ലാസിലെത്തിയാൽ ഉണ്ടാവാറില്ലായിരുന്നു. ഓരോ വിഷയത്തിനും യോജിച്ച നാടൻ ഉദാഹരണങ്ങളും തമാശകളും പറഞ്ഞ് മുക്കാൽ മണിക്കൂർ പിരീഡ് ചിലപ്പോൾ ഒന്നും ഒന്നരയും മണിക്കൂർ വരെ നീളും. അതിനിടയിൽ വിജ്ഞാനത്തിൻറെ അനർഘ മുത്തുകൾ മണിമണിയായി ഉതിർന്ന് വീഴും. കേരളം ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന കാലിക പ്രസക്തമായ കർമശാസ്ത്ര മസ്അലകളും സമസ്തയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും നേരിട്ട് ചോദിച്ച് മനസ്സിലാക്കാൻ കഴിയുന്ന അപൂർവ നിമിഷങ്ങൾ, 
ഒരു പക്ഷെ ഞങ്ങളുടെ, ഞങ്ങളുടെ മാത്രം സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു ആ അത്യപൂർവ നിമിഷങ്ങൾ...
ചില സമയങ്ങളിൽ സംസാരം തുടങ്ങിയാൽ അധ്യാപക-വിദ്യാർതഥി ഔപചാരികതകളെല്ലാം മാറ്റിവെച്ച് എല്ലാവരും ഉസ്താദിൻറെ മേശക്ക് ചുറ്റും ഒരുമിച്ച് കൂടും. 
കാലം സൈനുൽ ഉലമയെന്ന് ആവേശത്തോടെ വിളിക്കുന്ന ഒരു മഹാമനീഷിയുടെ ശ്വാസ നിശ്വാസങ്ങൾ പോലും ഒപ്പിയെടുക്കാവുന്നത്ര അടുത്ത്...
****
ശിഷ്യഗണങ്ങളുമായി ഉസ്താദിൻറെ ബന്ധം വളരെ ദൃഢമായിരുന്നു. നികാഹിനോ മറ്റോ ഞങ്ങളാര് ക്ഷണിച്ചാലും എത്ര ദൂരം യാത്ര ചെയ്തും ഉസ്താദെത്തും.
****
ഏകദേശം ഒരു മാസം മുന്നെ രോഗം കലശലായ ഉസ്താദ് വീണ്ടും ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടെങ്കിലും തിരിച്ച് വരുമെന്ന് തന്നെ വിചാരിച്ചു. 
എന്നാൽ ചരിത്ര സംഭവമായ സമസ്തയുടെ 90 ആം വാർഷിക മഹാസമ്മേളനത്തിൽ ആ തിരു സാന്നിദ്ധ്യമില്ലാതിരുന്നപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു. 
സമ്മേളനത്തിലെത്തിയ പത്തുലക്ഷം കണ്ണുകളും സ്റ്റേജിലാകെ പരതി, പാണ്ഡിത്യത്തിൻറെ ഗരിമയിലും വിനയത്തിന്റെ എളിമയിൽ തലയും താഴ്ത്തിയിരിക്കുന്ന ആ കുറിയ മനുഷ്യൻ സ്റ്റേജിലെവിടെയോ ഇരിക്കുന്നില്ലേ എന്നാശിച്ച് കൊണ്ട്...
അവർ കാതുകൂർപ്പിച്ചിരുന്നു,
അടുത്ത പ്രഭാഷണം കേരളത്തിലെ കർമശാസ്ത്ര രംഗത്തെ അവസാനവാക്കായ ആ പണ്ഡിത വരേണ്യരുടെതായിരിക്കുമെന്ന്...
എല്ലാ മനസ്സുകളും ഒരേ സമയം തുടിച്ചു, 
ശംസുൽ ഉലമക്ക് ശേഷം സന്നിഗ്ദ ഘട്ടങ്ങളിലെല്ലാം സമസ്തയുടെ തീരുമാനം കർക്കശമായി അവതരിപ്പിക്കാൻ ആർജവമുണ്ടായിരുന്ന ഉസ്താദിന്റെ വാക്കുകൾക്കായി...

ഇല്ല, അതുണ്ടായില്ല
ചരിത്ര സമ്മേളനത്തിൽ ആ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായില്ല.
സമ്മേളനത്തിൻറെ ഓർമകൾ മായും മുന്പ് ആ വാർത്തയും നമ്മെ തേടിയെത്തി,
ശൈഖുനാ ഇനിയില്ല...
അല്ലാഹുവിൻറെ അലംഘനീയമായ വിധിക്ക് കീഴടങ്ങിയിരിക്കുന്നു.
ഇനി ശൈഖുനാ കിടന്നുറങ്ങും,
ദാറുൽ ഹുദായുടെ തിരുമുറ്റത്ത് വന്ദ്യരായ മർഹും ബാപ്പുട്ടി ഹാജിയുടെ ചാരത്ത്,
ഇനി മുതൽ ആ രണ്ട് സൂര്യതേജസ്സുകൾ സദാ ദാറുൽ ഹുദയെ വീക്ഷിച്ച് കൊണ്ടിരിക്കും
സംരക്ഷിച്ച് കൊണ്ടിരിക്കും,
അഞ്ച് നേരത്തെ നിസ്ക്കാരങ്ങൾക്ക് ശേഷവും പിഞ്ചു കുഞ്ഞുങ്ങളടക്കം ആയിരത്തിലധികം ദാറുൽ ഹുദാ വിദ്യാർത്ഥികളുടെ ദുആകൾ അകമ്പടിയുണ്ടാകും.
സർവ പാപങ്ങളും പൊറുത്ത് കൊടുക്കണേ നാഥാ,
ഉസ്താദിനോടൊപ്പം ഞങ്ങളെയും നിൻറെ സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടണേ നാഥാ,
ആമീൻ


Comments

Popular posts from this blog

മന്റ്രം എന്നാല്‍ എന്ത് ????

ഓരോ ഗ്രാമത്തിലും ഓരോ മൈതാനം. അവിടെ ഒരരയാല്‍. അരയാലിന് ചെങ്കല്ലുകൊണ്ടൊരു തറ. ആ തറയുടെ പേരാണ് മന്‍ റം (manram). അരയാല്‍ത്തറയും ചുറ്റുപാടുമുള്ള സ്ഥലവും ചേര്‍ന്ന് മന്‍ റം അഥവാ പൊതുവില്‍ എന്നുകൂടി അറിയപ്പെട്ട പൊതു ഇടം. കേരളത്തിലെ ആദ്യത്തെ പഞ്ചായത്തും ഗ്രാമസഭയും അവിടെയായിരുന്നു. മന്‍ റം ആണ് മലയാളത്തില്‍ മന്നമായത്. 'തറവാടി'ല്‍ പഴയ തറയുമുണ്ട്. പതിനാറോ പതിനേഴോ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് മതനിരപേക്ഷവും ജാതിനിരപേക്ഷവുമായി കേരളത്തിലും തെക്കേ ഇന്ത്യയിലാകെയും വളര്‍ന്നുവന്ന തദ്ദേശസ്വയംഭരണ സംവിധാനമായിരുന്നു മന്റം.  സ്ഥാനാര്‍ഥികളും മുന്നണികളും പ്രചാരണവും ചിഹ്നവും വോട്ടെടുപ്പും ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലെങ്കിലും ഭരണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായി ഗ്രാമസഭ എ.ഡി. ആദ്യ ശതകങ്ങളില്‍ത്തന്നെ തമിഴകത്തിന്റെ ഭാഗമായ കേരളത്തില്‍ സക്രിയമായിരുന്നുവെന്ന് ചെന്തമിഴ് ഇതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇപ്പോഴും സക്രിയമായി തുടരുന്ന കഴകങ്ങളും താനങ്ങളും മന്‍ റത്തിന്റെ വിദൂര സ്മൃതിയുണര്‍ത്തുന്നു. വൈദിക സംസ്‌കാര കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സഭയും സമിതിയും സ്ത്രീകള്‍ക്കുള്‍പ്പെടെ വോ

പറയി പെറ്റ പന്തിരു കുലം

ദേശദേശാന്തരങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഭൂമി ലോകത്തിന്റെ അന്തമില്ലാത്ത സഞ്ചാരപഥങ്ങളില്‍ പുളഞ്ഞു നടന്ന 'യാത്രക്കാരുടെ ഉത്സവതൃഷ്ണകളില്‍ നിന്നാണ്' ലോകത്തിന്റെ ആദിമരൂപ ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. യാത്രക്കാരും സഞ്ചാരികളും ലോകത്തിന്റെ കാണപ്പെടുന്ന ചമയങ്ങള്‍ കണ്ട് നടന്നപ്പോള്‍ അതീന്ദ്രിയജ്ഞാനികളും അവധൂതന്‍മാരും പ്രപഞ്ചത്തിന്റെ ആന്തരിക പ്രയാണപഥങ്ങളില്‍ അലഞ്ഞുനടന്നു. ചരാചരങ്ങളുടെ മര്‍മകേന്ദ്രങ്ങള്‍ മനസ്സിലാക്കിയ അവധൂതന്‍മാരും അതീന്ദ്രിയജ്ഞാനികളും കാണാത്ത കാഴ്ചകളും കേള്‍ക്കാത്ത വചനങ്ങളും സാന്ദ്രീകരിച്ച പ്രപഞ്ചാസ്തിത്വത്തെ ആത്മാവില്‍ കുടി വെച്ചവരായിരുന്നു. അവര്‍ക്ക് കൂടും കുടുംബവുമുണ്ടായിരുന്നില്ല. പേറും പിറവിയുമുണ്ടായിരുന്നില്ല. അവര്‍ എന്നും ഒറ്റപ്പെട്ടു നടന്ന് ചിത്രശലഭങ്ങളുടെ അദൃശ്യമരണം പോലെ മണ്ണിലേക്കു ലയിച്ചു. അവര്‍ക്ക് വേണ്ടി കരയാനാളുണ്ടായിരുന്നില്ല. ബലിയും ആണ്ട് ശ്രാദ്ധവുമുണ്ടായില്ല. ആ വിധം ആവിര്‍ഭവിക്കുകയും മണ്ണിലലിഞ്ഞു ചേരുകയും ചെയ്ത അതീന്ദ്രിയജ്ഞാനികളുടെ കാലചരിത്രത്തെ അതിശയിപ്പിച്ച അവതാരങ്ങളായിരുന്നു പറയിപെറ്റ പന്തിരുകുലം.  പന്തിരുകുലത്തിന്റെ മാതാപിതാക്കളായ വരരുചിയും പഞ്ചമ

ആൻ റൈസ്

''സാൻഫ്രാൻസിസ്കോവിലെ മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളിറങ്ങി ന്യൂ ഓർലിയാൻസിൻ്റെ മാന്ത്രിക വീഥികളിലേക്ക് മമ്മക്കൊപ്പം നടന്നത് ഞാനോർക്കുകയായിരുന്നു. മമ്മ കാണിച്ച് തന്ന കാഴ്ചകൾ, മമ്മ കാണാൻ പഠിപ്പിച്ച നിറമുള്ള സ്വപ്നങ്ങൾ, കാലിഫോർണിയ, അങ്ങനെ ഓരോന്നും. മൊറാലിറ്റികളെ മുഴുവൻ ധിക്കരിക്കാനും ഭ്രാന്തമായ അഭിനിവേശങ്ങൾക്ക് കീഴടങ്ങാനും എന്നെപ്പഠിപ്പിച്ചത് മമ്മയാണ്. സന്തോഷത്തിനുള്ള വഴി സ്വയം കണ്ടെത്താനും, അതിനു വേണ്ടി ഉച്ചത്തിൽ സംസാരിക്കാനും പഠിപ്പിച്ച മമ്മയാണ് ഇന്നെൻ്റെയടുത്ത് ഒന്നും മിണ്ടാതെ കിടക്കുന്നത്. സങ്കടം വന്നു. മമ്മ പക്ഷേ അതൊന്നും വകവെക്കില്ലെന്ന് എനിക്കറിയാം. 19 വർഷങ്ങൾക്കിപ്പുറം മമ്മയ്ക്ക് പപ്പയെ കാണാൻ തോന്നിയിട്ടുണ്ടാവും. നമ്മൾ പൊട്ടിക്കരഞ്ഞാലും മമ്മ പോകും. മെറ്റേരി സെമിത്തേരിയിലെ പപ്പയുടെ കിടപ്പറ വാതിൽ അതാ മമ്മയ്ക്ക് വേണ്ടി തുറന്നിരിക്കുന്നു. ഗുഡ് ബൈ മമ്മാ.'' 2021 ഡിസംബർ 11 ന് ആൻ റൈസ് മടങ്ങുമ്പോൾ ക്രിസ്റ്റഫർ എഴുതിയ കത്താണ്. കവിയും ചിത്രകാരനുമായ സ്റ്റാൻ റൈസിന്റെയും ആനിൻ്റെയും മകൻ, ആദ്യ നോവൽ കൊണ്ടു തന്നെ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തിയ എഴുത്തുകാരൻ, അമേരിക്കൻ ല